ടിവി-യില്‍ കണ്ടത് അനുകരിച്ച് മകള്‍, ആരതി ഉഴിഞ്ഞു, കോപം അടക്കാനാവാതെ അഫ്രീദി ടിവി തല്ലിപ്പൊട്ടിച്ചു!

ഇന്ത്യന്‍ ടെലിവിഷന്‍ സീരിയലില്‍ ആരതി ഉഴിയുന്നത് കണ്ടശേഷം മകള്‍ അത് അനുകരിക്കുന്നത് കണ്ട മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം അഫ്രീദി ടെലിവിഷന്‍ അടിച്ചു പൊട്ടിച്ചു എന്ന അഫ്രീദിയുടെ പ്രസ്താവന ചിലര്‍ വിവാദമാക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പാക് ചാനലിന് അഫ്രീദി നല്‍കിയ അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തല്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുകയാണ്. മകളുടെ മുന്നിലിരുന്ന് ടി.വി. കാണരുത് എന്നും ഒറ്റയ്ക്കുള്ളപ്പോഴേ ഇത്തരം ചാനലുകള്‍ കാണാവൂ എന്നും നേരത്തേ തന്നെ ഭാര്യയോട് നിര്‍ദേശിച്ചിട്ടുള്ളതാണെന്നും താരം പറയുന്നു.
താന്‍ ഒരു ദിവസം മുറിയില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ മകള്‍ ഒരു ഇന്ത്യന്‍ സീരിയല്‍ ടി വി-യില്‍ കാണവേ അതിലെ ആരതി ഉഴിയുന്ന രംഗം അനുകരിക്കുകയും ചെയ്യുന്നതായി കണ്ടുവെന്നും അത് കണ്ടപ്പോള്‍ ദേഷ്യമടക്കാന്‍ കഴിയാതെ അന്ന് ടെലിവിഷന്‍ തല്ലിപ്പൊട്ടിച്ചുവെന്നുമാണ് അഫ്രീദി പറഞ്ഞത്. അഫ്രീദി പറയുന്നത് കേട്ട് അവതാരകയും കാണികളും ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ ട്വിറ്ററില്‍ അതിവേഗത്തിലാണ് പ്രചരിക്കുന്നത്. പാകിസ്താന്റെ മതേതരത്വത്തിന്റെ യഥാര്‍ത്ഥ മുഖമെന്ന കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
സഹതാരങ്ങളായ മുസ്‌ളീം കളിക്കാരില്‍ നിന്നും പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ ഏക ഹിന്ദുവായിരുന്ന ഡാനിഷ് കനേരിയയ്ക്ക് വിവേചനം നേരിട്ടിരുന്നതായി മുന്‍ ഫാസ്റ്റ് ബൗളര്‍ ഷുഹൈബ് അക്തര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ചില കളിക്കാര്‍ ഒപ്പമിരുന്ന് ആഹാരം കഴിക്കാന്‍ പോലും വിസമ്മതിച്ചിരുന്നു എന്നായിരുന്നു ആരോപണം. കനേരിയ ഇക്കാര്യം പിന്നീട് ശരി വെയ്ക്കുകയും കളിക്കാരുടെ പേര് പിന്നീട് പുറത്തുവിടുമെന്നും പറഞ്ഞതോടെ വന്‍ വിവാദമാണ് ഉയര്‍ന്നത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച ചൂടുപിടിച്ചതോടെ ഇക്കാര്യത്തില്‍ അക്തര്‍ പിന്നീട് മലക്കം മറിയുകയും ചെയ്തിരുന്നു. താന്‍ പറഞ്ഞതിലെ ചില കാര്യങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വാര്‍ത്തയാക്കുകയായിരുന്നു എന്നും പാകിസ്ഥാന്‍ ടീമില്‍ വിവേചനം ഇല്ലെന്നുമാണ് അക്തര്‍ തിരുത്തിപ്പറഞ്ഞത്. മുമ്പ് മക്കളെ ഒരിക്കലും സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലെന്നും മതവിശ്വാസം അനുവദിക്കില്ലാത്തതിനാലാണ് അതെന്നും അഫ്രീദി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























