ചികിത്സാപ്പിഴവുമൂലം ദുബായിയിൽ മലയാളി മരിച്ചു... സംഭവത്തിൽ കോടതിയുടെ നിർണ്ണായക വിധി

ചികിത്സാപ്പിഴവുമൂലം മലയാളി യുവാവ് മരിച്ച കേസിൽ പലിശയടക്കം 10.5 ലക്ഷം ദിർഹം ( 2 കോടിയിലേറെ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതിവിധി. ദുബായിലെ ഒരു കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർവൈസർ ആയിരുന്ന കൊല്ലം മുണ്ടയ്ക്കൽ സ്വദേശി അലോഷ്യസ് മെൻഡസ് (40) ആണു മരിച്ചത്. നെഞ്ചുവേദനയെ തുടർന്നു അജ്മാനിലെ ഒരു ആശുപത്രിയിലെത്തിയ അലോഷ്യസ് ചികിത്സാ പിഴവുമൂലം മരിച്ചതായാണു കേസ്.
മരുന്നു വാങ്ങി വീട്ടിലെത്തിയ ഇദ്ദേഹം 4 മണിക്കൂറിനു ശേഷം കുഴഞ്ഞുവീഴുകയും തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയും ചെയ്തു. ഹൃദയാഘാതമാണു മരണകാരണം എന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. തുടർന്ന്, ആദ്യം ചികിത്സിച്ച ആശുപത്രിക്കെതിരെ അലോഷ്യസിന്റെ ബന്ധുക്കൾ ഹെൽത്ത് അതോറിറ്റിയിൽ പരാതി നൽകി.
രേഖകൾ പരിശോധിച്ച ഹെൽത്ത് അതോറിറ്റി, ചികിത്സാ പിഴവു സംഭവിച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ 10 ലക്ഷം ദിർഹം നഷ്ടപരിഹാരം തേടി അൽ കബ്ബാൻ അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൽറ്റന്റ് അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖാന്തരം അജ്മാൻ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. കേസിനെക്കുറിച്ച് വിശദമായി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ 13 അംഗ മെഡിക്കൽ കമ്മിറ്റിയെ കോടതി ചുമതലപ്പെടുത്തി. ഡോക്ടറുടെയും ആശുപത്രിയുടെയും വീഴ്ചകൾ സ്ഥിരീകരിക്കുന്നതായിരുന്നു കമ്മിറ്റി റിപ്പോർട്ട്. തുടർന്നാണ് പലിശയടക്കം നഷ്ടപരിഹാരം അനുവദിച്ച് കോടതി ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha


























