നേട്ടം സ്വന്തമാക്കാൻ ഒരുങ്ങി യു.എ.ഇ.... ചൊവ്വാദൗത്യത്തിന് ഇനി 6 വെറും മാസം

യു.എ.ഇയുടെ ചൊവ്വാ പര്യവേക്ഷണത്തിന് കാത്തിരിക്കേണ്ടത് ഇനി വെറും ആറുമാസംമാത്രം. ജൂലായ് പകുതിയോടെ രാജ്യത്തിന്റെ ചൊവ്വാ പര്യവേക്ഷണ വാഹനമായ ഹോപ്പ് മാനംതൊടും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ഹോപ്പിന്റെ ബാഹ്യഘടനയുമായി ബന്ധിപ്പിക്കുന്ന ലോഹഭാഗത്തില്‍ ശനിയാഴ്ച ഒപ്പിട്ടു. കിരീടാവകാശികളും സുപ്രീംകൗണ്‍സില്‍ അംഗങ്ങളും ഇതില്‍ അവരുടെ പേരുകള്‍ രേഖപ്പെടുത്തി. 'പ്രത്യാശയുടെ ശക്തി, ഭൂമിയും ആകാശവും തമ്മിലുള്ള ദൂരം കുറയ്ക്കുന്നു' എന്ന എഴുത്തുകൊണ്ടാണ് ലോഹഭാഗം അലങ്കരിച്ചിരിക്കുന്നത്.
150-ലേറെ ഇമറാത്തി ശാസ്ത്രജ്ഞരും എന്‍ജിനിയര്‍മാരും ഗവേഷകരുമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍നിന്നായിരിക്കും വിക്ഷേപണം. 2019 ജൂലായിലാണ് യു.എ.ഇ. സ്പേസ് ഏജന്‍സിയും മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററും ചേര്‍ന്ന് ചരിത്രപരമായ ഈ യാത്രയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ചൊവ്വ ഭൂമിയോട് അടുത്തുവരുന്ന സമയം നോക്കിയായിരുന്നു വിക്ഷേപണം ആസൂത്രണം ചെയ്തത്. എമിറേറ്റ്‌സ് മാര്‍സ് മിഷന്‍ പദ്ധതിപ്രകാരം ചൊവ്വയിലെ ജലസാന്നിധ്യം അപ്രത്യക്ഷമാവാനുള്ള കാരണമടക്കം ചുവന്ന ഗ്രഹത്തെക്കുറിച്ചുള്ള 1000 ജിഗാബൈറ്റ് ഡേറ്റ ഹോപ്പ് ശേഖരിക്കുമെന്നാണ് കരുതുന്നത്.
2020ല്‍ വിക്ഷേപിക്കുന്ന പേടകം യു എ ഇയുടെ 50-ാമത് ദേശീയദിനമായ 2021ല്‍ ചൊവ്വയിലെത്തും. അറബ് ലോകത്ത് നിന്ന് ചൊവ്വയിലേക്ക് ആളില്ലാ പേടകമയക്കാന്‍ തയ്യാറെടുക്കുന്ന ആദ്യ രാജ്യമാണ് യു എ ഇ. ഒന്‍പത് രാജ്യങ്ങളുമായി ചേര്‍ന്നാണ് ചൊവ്വാ ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ യു എ ഇ സാറ്റലൈറ്റ് മാനുഫാക്ചറിംഗ് ആന്‍ഡ് അസംബ്ലിംഗ് കോംപ്ലക്‌സിന്റെ രണ്ടാംഘട്ടവും ശൈഖ് മുഹമ്മദ് തുറന്നു. ഒരേ സമയം നിരവധി ബഹിരാകാശ പദ്ധതികള്‍ നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനുമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.
ചൊവ്വാ ഗ്രഹത്തിന്റെ ഇതുവരെ കണ്ടെത്താത്ത രഹസ്യങ്ങള്‍ പഠിക്കുന്നതിനൊപ്പം ഭൂമിയുടെ അന്തരീക്ഷത്തെ കുറിച്ചുമാണ് അല്‍ അമല്‍ പഠനം നടത്തുക. മണിക്കൂറില്‍ 1,26,000 കിലോമീറ്റര്‍ വേഗതയില്‍ ആറു കോടി കിലോമീറ്റര്‍ സഞ്ചരിച്ച് ഏഴു മാസം കൊണ്ട് പേടകം ചൊവ്വയിലെത്തും. ചൊവ്വാ ദൗത്യ സംഘത്തിലെ എല്ലാവരും സ്വദേശികളായ ശാസ്ത്രജ്ഞന്‍മാരാണ്. ദൗത്യ സംഘത്തില്‍ ഇപ്പോള്‍ 75 ശാസ്ത്രജ്ഞരാണുള്ളത്. വിക്ഷേപണ കാലമെത്തുമ്പോഴേക്കും 150 ശാസത്രജ്ഞര്‍ സംഘത്തിലുണ്ടാകും. പേടകത്തില്‍ നിന്നുള്ള വിവരങ്ങള്‍ ലോകത്തെ 200 സര്‍വകലാശാലയുമായി പങ്കുവെക്കും. അന്താരാഷ്ട്ര ബഹിരാകാശ രംഗത്ത് യു എ ഇ നല്‍കുന്ന വലിയ സംഭാവനയായിരിക്കും ഇത്.
https://www.facebook.com/Malayalivartha


























