സുലൈമാനി വധം കിമ്മിനുള്ള ട്രംപിന്റെ സന്ദേശമാണോ എന്ന ആശങ്കയിൽ ലോകം ; ഇറാനിലെ നടപടിയിൽ ഉത്തര കൊറിയ പാഠം പഠിക്കുമോ?

ലോകപൊലീസ്എന്നറിയപ്പെടുന്ന അമേരിക്ക ഇറാനിന്റെ കരുത്തായ സുലൈമാനിയെ വധിച്ചത് ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇറാനിനെക്കാൾ വലിയ ശത്രുവാണു അമേരിക്കയ്ക്കു ഉത്തര കൊറിയ . ആളെണ്ണത്തിൽ ലോകത്തിലെ നാലാമത്തെ വലിയ സൈനികശക്തിയാണ് ഉത്തര കൊറിയയുടേത് . മികച്ച പരിശീലനം നേടിയ സ്പെഷൽ സേനകളും ആണവ, രാസായുധങ്ങളുടെ വൻ ശേഖരവും . പുറംലോകവുമായി കാര്യമായി ബന്ധമില്ലാതെ, രഹസ്യങ്ങളും നിഗൂഢതകളും ആവരണമാക്കി ലോകത്തെ മുൾമുനയിൽ നിർത്തുന്ന രാജ്യമാണ് – ഉത്തരകൊറിയ. അവിടത്തെ ഏകാധിപതിയായ ഭരണാധികാരി കിം ജോങ് ഉന്നിനെ പലർക്കും ഭയമാണ്. ആണവ പരീക്ഷണങ്ങൾ നടത്തിയും ദീർഘദൂര മിസൈലുകൾ പരീക്ഷിച്ചും കിം ‘മുഖ്യശത്രു’ യുഎസിനോടുള്ള ഭീഷണി തുടരുന്നു. ഇറാനിൽ താരപദവിയുള്ള സൈനിക ജനറൽ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിൽ വധിച്ച് യുഎസ് പ്രസിഡന്റ് ‘ട്രംപ് കാർഡ്’ പുറത്തെടുത്തിരിക്കുന്നു. യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പദവിയിൽ തുടരാൻ ഡോണൾഡ് ട്രംപ് കിമ്മിനെതിരെ ഇത്തരമൊരു നടപടിയെടുക്കുമോഎന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
യുദ്ധഭീതിയുടെ അന്തരീക്ഷം ചൂടുപിടിപ്പിച്ച് വാക്പയറ്റ് നടത്തുന്ന യുഎസും ഉത്തരകൊറിയയും 2017ൽ ലോകത്തിനു നൽകിയ ആശങ്കയ്ക്കു കണക്കില്ല. അന്ന് വൈറ്റ് ഹൗസിൽനിന്നൊരു ചോദ്യമുയർന്നു. ആണവായുധത്തിലും ബാലിസ്റ്റിക് മിസൈലുകളിലും ഭ്രമിച്ച കിമ്മിനെ ഭയപ്പെടുത്താൻ ഉത്തര കൊറിയയ്ക്കു നേരെ യുഎസിന് നിയന്ത്രിത ആക്രമണം നടത്തിക്കൂടെഎന്നതാണയിരുന്നു അത്.‘ഈ മണ്ണിലെ ഒരു പുൽക്കൊടിയെങ്കിലും നശിപ്പിക്കപ്പെട്ടാൽ അമേരിക്ക എന്ന രാജ്യം നരകത്തിലേക്കു പോകും. അവരുടെ കുറഞ്ഞ കാലത്തെ ചരിത്രം വിസ്മൃതമാകും.’–അമേരിക്കയുടെ മറുപടിക്കു ഭീഷണിയുമായി 2018 ഫെബ്രുവരിയിൽ ഔദ്യോഗിക മാധ്യമത്തിലൂടെ ഉത്തര കൊറിയയുമെ ത്തി. ഉത്തര കൊറിയയുടെ പ്രസ്താവന ഗൗരവത്തിലായിരുന്നോ എന്നു നിശ്ചയമില്ല. എന്തായാലും അങ്ങനെയൊരു ആക്രമണത്തിന് യുഎസ് മുതിർന്നില്ല.എന്നത് ആശ്വാസകരം.
മാത്രമല്ല, മാസങ്ങൾക്കുശേഷം സിംഗപ്പൂരിൽ യുഎസ് പ്രസിഡന്റും ഉത്തര കൊറിയൻ ഭരണാധികാരിയും ആദ്യമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ആണവ നിരായുധീകരണത്തിനു സന്നദ്ധമാണെന്ന് അറിയിച്ചെങ്കിലും നിയമപരമായി ഉത്തരവാദിത്തമുള്ള കരാറുകളിലൊന്നും ഉത്തര കൊറിയയെ ഭാഗമാക്കാൻ യുഎസിനു സാധിച്ചില്ല എന്നതും ശ്രദ്ധേയം. കിമ്മിന്റെ ഭീഷണി കലർന്ന മറുപടി അപ്പോഴും അന്തരീക്ഷത്തിൽ മുഴങ്ങി. യുഎസിലേക്കു നേരിട്ടു തൊടുക്കാവുന്ന, ശേഷി കൂടിയ ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും വികസിപ്പിക്കുന്നതിൽ പ്യോങ്യാങ് പിന്മാറിയതുമില്ല. ഉത്തര കൊറിയയ്ക്കെതിരെ നേരിട്ടൊരു ആക്രമണത്തിൽനിന്നു യുഎസിനെ പിന്തിരിപ്പിക്കുന്നത് ഇതുതന്നെയാണ്. എന്നാൽ, ഇറാനിലെ ഏറ്റവും കരുത്തനായ സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ (62) ഇറാഖിലെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതോടെ ട്രംപിന്റെ സാഹസികതയും ചർച്ചയാവുകയാണ്.
ഭരണകൂടം പിന്തുണയ്ക്കുന്ന ഭീകരതയിൽ ഇറാനു തൊട്ടുപിന്നിലാണ് ഉത്തര കൊറിയയുടെ സ്ഥാനം എന്നാണ് യുഎസിന്റെ കാഴ്ചപ്പാട് ,. ഇറാനിൽ സേനാ കമാൻഡർ ആണെങ്കിലും സുലൈമാനി ഭീകരനാണ് എന്നാണു യുഎസിന്റെ നിലപാട്. . ഇറാനിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കഴിഞ്ഞാൽ ഏറ്റവും ശക്തനാണു സുലൈമാനി എന്നതോർക്കണം.ആ സുലൈമാനിയെ ആണ് അമേരിക്ക വധിച്ചത്.
9/11 ഭീകരാക്രമണത്തിനു ശേഷം സ്റ്റേറ്റ് ഓഫ് ദ് യൂണിയനിലെ പ്രസംഗത്തിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് ‘തിന്മയുടെ അച്ചുതണ്ട്’ എന്നു വിശേഷിപ്പിച്ചത് മൂന്നു രാജ്യങ്ങളെയാണ്– ഇറാൻ, ഇറാഖ്, ഉത്തര കൊറിയ. ഇറാഖിൽ അമേരിക്ക കടന്നു കയറിയതും സദ്ദാം ഹുസൈനു യുഎസ് വധശിക്ഷ വിധിച്ചതും ഉത്തര കൊറിയയെ ചിലതു പഠിപ്പിച്ചു. ആണവായുധശേഖരം വർധിപ്പിച്ചെങ്കിൽ മാത്രമേ അമേരിക്കയ്ക്കു മുന്നിൽ അതിജീവനം സാധ്യമാകൂഎന്ന കണക്കുകൂട്ടലിലാണ് ഉത്തര കൊറിയ .
മുൻഗാമികൾക്കു സാധിക്കാത്തതു സാധിക്കുന്നയാളാണ് എന്നു തെളിയിക്കാനുള്ള വ്യഗ്രതയിലായിരുന്നു ട്രംപ്. ശത്രുപക്ഷത്തു നിൽക്കുന്ന, ആരോടും അടുക്കാത്ത ഉത്തര കൊറിയൻ ഏകാധിപതിയുമായി കൂടിക്കാഴ്ച നടത്തി എന്നതിൽക്കവിഞ്ഞ് നയതന്ത്ര തലത്തിൽ വലിയ നേട്ടങ്ങളൊന്നും ട്രംപിന് അവകാശപ്പെടാൻ കിട്ടിയില്ല. പ്യോങ്യാങ്ങും വാഷിങ്ടനും തമ്മിൽ പറയത്തക്ക കരാറുകളിലും ഒപ്പിട്ടില്ല. എത്തിച്ചേർന്ന ധാരണകൾ നടപ്പാക്കാതെ ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തൽ തുടർന്നു. യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ അയവു വരുത്തണമെന്ന് ഉത്തര കൊറിയയും, ആണവ നിരായുധീകരണം പൂർണമായി നടപ്പാക്കണമെന്ന് യുഎസും കടുംപിടുത്തം പിടിച്ചതോടെ ലോകത്തിനു പ്രതീക്ഷ നൽകിയ കൂടിക്കാഴ്ചകളുടെ സാധ്യതകൾ അവസാനിച്ചു. ട്രംപിന് ‘ക്രിസ്മസ് സമ്മാനം’ നൽകുമെന്നു പ്രഖ്യാപിച്ചാണു കിം തിരിച്ചടിച്ചത്.
സുലൈമാനിയെ ഇല്ലാതാക്കിയതിലൂടെ ഇറാനു മാത്രമല്ല, ഉത്തര കൊറിയ ഉൾപ്പെടെ ശത്രുപക്ഷത്തുള്ള എല്ലാവർക്കുമുള്ള മുന്നറിയിപ്പാണു യുഎസ് നൽകിയത്. മധ്യപൂർവദേശത്ത് ഇറാന്റെ കരുത്ത് പ്രകടിപ്പിക്കാനുള്ള എല്ലാ പരോക്ഷ സൈനിക ഇടപെടലുകളുടെയും തലപ്പത്തു ജനറൽ ഖാസിം സുലൈമാനിയായിരുന്നു. ഭീകരസംഘടനയായ ഐഎസ് ഇറാഖിലും സിറിയയിലും കടന്നുകയറിയപ്പോൾ സുലൈമാനിയുടെ നേതൃത്വത്തിൽ ഷിയാ സായുധസംഘങ്ങൾ രംഗത്തിറങ്ങി. അറബ് വസന്തത്തിന്റെ നാളുകളിൽ 2011ൽ അധികാര ഭ്രഷ്ടനാകുന്നതിന്റെ വക്കിലെത്തിയ സിറിയ പ്രസിഡന്റ് ബഷാർ അൽ അസദിനെ രക്ഷിച്ചുനിർത്തിയതു സുലൈമാനിയുടെ നേതൃത്വത്തിൽ യുദ്ധക്കളത്തിൽ ഇറാൻ നടത്തിയ ഇടപെടലായിരുന്നു. സിറിയൻ ആഭ്യന്തരയുദ്ധം മൂർച്ഛിച്ചുനിൽക്കേ, 2015ൽ സുലൈമാനി
മോസ്കോയിൽ സന്ദർശനം നടത്തി. പിന്നാലെ അസദിനുവേണ്ടി റഷ്യൻ പോർവിമാനങ്ങൾ സിറിയയിൽ പറന്നിറങ്ങുകയായിരുന്നു.
നരച്ച മുടിയും ചേർത്തു വെട്ടിനിർത്തിയ താടിയുമുള്ള സുലൈമാനി എന്ന ഉയരം കുറഞ്ഞ മനുഷ്യൻ യുഎസിന്റെയും ഇസ്രയേലിന്റെയും നോട്ടപ്പുള്ളിയായിരുന്നു; ഇറാനിൽ താരപരിവേഷമുള്ള വിഐപിയും. മിതഭാഷിയായ സുലൈമാനി പൊതുവേദിയിൽ അധികം പ്രത്യക്ഷപ്പെടാറില്ല. മധ്യപൂർവദേശത്തെ സൈനികതാൽപര്യങ്ങൾ സംരക്ഷിക്കാനായി ഇറാൻ രൂപം നൽകിയ ഖുദ്‌സ് ഫോഴ്സിന്റെ തലവനായി രണ്ടു ദശകത്തിലേറെയായി സുലൈമാനി വിരാജിച്ചു. ഇറാഖിൽ ഷിയാപക്ഷ സർക്കാർ അധികാരമേറിയപ്പോൾ കുർദ് വിഭാഗങ്ങൾ സ്വയം ഭരണമാവശ്യപ്പെട്ടു കലാപം തുടങ്ങി. അവരെ അനുനയിപ്പിച്ച് അടക്കി നിർത്തിയത് സുലൈമാനിയാണ്. ഇറാഖിലും സിറിയയിലും ഇറാൻ വിരുദ്ധ നേതാക്കളെയും യുഎസ് സൈനികരെയും വധിച്ചും അദ്ദേഹത്തിന്റെ ഖുദ്‌സ് ഫോഴ്സ് ശക്തി പ്രകടിപ്പിച്ചു.
കടുത്ത യുഎസ് വിരുദ്ധ നിലപാടാണ് സുലൈമാനിയെ ഇറാനിൽ ജനപ്രിയനാക്കിയത്. യുഎസുമായുള്ള ഏത് ഒത്തുതീർപ്പും പൂർണമായ കീഴടങ്ങലാകും എന്നായിരുന്നു അഭിപ്രായം. 2018 ൽ ട്രംപിനെ പരസ്യമായി വെല്ലുവിളിച്ചു. ലബനനിലെ ഹിസ്ബുല്ല അടക്കം ഇറാഖിലും സിറിയയിലുമുള്ള ഷിയാ സായുധ വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ ഖുദ്‌സ് ഫോഴ്സിനെതിരെയും സുലൈമാനിക്കെതിരെയും യുഎസ് ഉപരോധം കൊണ്ടുവന്നു. 2018 ലെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം സുലൈമാനിയെ വധിക്കാൻ സൗദി ഇന്റലിജൻസ് പദ്ധതി തയാറാക്കിയിരുന്നു. 2013 സെപ്റ്റംബറിൽ ദ് ന്യൂയോർക്കർ സുലൈമാനിയെക്കുറിച്ചു നൽകിയ വിശദ ലേഖനത്തിന്റെ തലക്കെട്ട് ഷാഡോ കമാൻഡർ എന്നായിരുന്നു.
1950 കളിലെ കൊറിയൻ യുദ്ധത്തിനു ശേഷമാണു മേഖലയിൽ യുഎസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ചൈനയുടെ കൂട്ടുപിടിച്ചുള്ള ഉത്തര കൊറിയയുടെ വളർച്ച വലിയ ഭീഷണിയായി യുഎസ് കണ്ടു. 1990ൽ ഉത്തര കൊറിയയുടെ ആദ്യ മിസൈൽ പരീക്ഷണം. ആപത്ത് മുന്‍കൂട്ടിക്കണ്ട യുഎസ് പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു.ബുഷ് വൈകാതെ തന്നെ ഉത്തര കൊറിയൻ ഭരണാധികാരി കിം ഇൽ–സുങ്ങിനോട് അതായത് ഇപ്പോഴത്തെ ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ മുത്തച്ഛനോട് ആണവ പരീക്ഷണങ്ങളിൽ നിന്നു പിന്മാറാൻ നിർദേശിച്ചു. ദക്ഷിണ കൊറിയയിൽ സൂക്ഷിച്ചിരുന്ന ആണവായുധങ്ങൾ മാറ്റാൻ യുഎസ് തയാറായി. 1994ൽ അന്നത്തെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഇൽ, ആണവപദ്ധതികൾ മരവിപ്പിക്കുന്നതു സംബന്ധിച്ച് അംഗീകൃത വ്യവസ്ഥകളോടെ ഒപ്പിട്ടു. അന്ന് ബിൽ ക്ലിന്റനായിരുന്നു യുഎസ് തലപ്പത്ത്. അഞ്ചു വർഷം കഴിഞ്ഞപ്പോൾ ദീർഘദൂര മിസൈൽ പരീക്ഷണം മരവിപ്പിക്കാനും സമ്മതമറിയിച്ചു.
എന്തുതന്നെയായാലും വാക്കുകളും പ്രസ്താവനകളും കൊണ്ട് പ്രകോപനം സൃഷ്ടിച്ച് യുദ്ധസാഹചര്യമൊരുക്കുകയാണ് അമേരിക്കയും ഉത്തര കൊറിയയും. ഇറാനിലെ സുലൈമാനിയുടെ വധം പോലുള്ള ശ്രമങ്ങൾ അമേരിക്ക ആരംഭിച്ചാൽ ഇറാനെ പോലെ ചെറിയ മുന്നറിയിപ്പുകൾ കൊണ്ട് അടങ്ങിയിരിക്കും ഉത്തര കൊറിയ എന്ന് കരുതാനും സാധിക്കില്ല.
https://www.facebook.com/Malayalivartha


























