കോവിഡ് 19 കൂടുന്ന സമയത്ത് നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്ക് (കേസില്‍പ്പെട്ട കുട്ടികള്‍) കൂടുതല്‍ ശ്രദ്ധയും സംരക്ഷണവും നല്‍കുവാന്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്

കോവിഡ് 19 കൂടുന്ന സമയത്ത് നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്ക് (കേസില്‍പ്പെട്ട കുട്ടികള്‍) കൂടുതല്‍ ശ്രദ്ധയും സംരക്ഷണവും നല്‍കുവാന്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ബാംഗ്ലൂര്‍ നിംഹാന്‍സിന്റെ സാങ്കേതിക സഹായത്തോടെയും 28 സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും നടപ്പിലാക്കി വരുന്ന കരുതല്‍ പദ്ധതി ശക്തിപ്പെടുത്തിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പൊതുവെ അടങ്ങിയിരിക്കാന്‍ കഴിയാത്തവരാണ് കൗമാരക്കാരായതിനാല്‍ ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ അതീവ ജാഗ്രതയിലായിരുന്നു കാവല്‍ പ്രവര്‍ത്തകര്‍. അവരുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനായി വളരെയേറെ ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പലതരത്തിലുള്ള മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കാവല്‍ കുട്ടികളെ വിവിധ ഇടപെടലുകളിലൂടെയും നിരന്തര ആശയ വിനിമയത്തിലൂടെയും പ്രവര്‍ത്തനനിരതമാക്കുകയാണ് കാവല്‍ പ്രവര്‍ത്തകര്‍. പെട്ടെന്നുണ്ടായ നിയന്ത്രണങ്ങള്‍ കുട്ടികള്‍ക്കും അവരുടെ കുടുബങ്ങള്‍ക്കും വലിയ വെല്ലുവിളിയായിയിരുന്നു. ഓരോ കുട്ടിയെയും കുടുംബത്തെയും എല്ലാ ദിവസവും ഫോണ്‍ വഴി ബന്ധപ്പെടുന്നു. അവരുടെയും അവരുടെ രക്ഷിതാക്കളുടെയും അവസ്ഥ കൃത്യമായി മനസിലാക്കി, അവര്‍ക്കു കോവിഡ് പ്രതിരോധനത്തിനായി ഒരുക്കിയിട്ടുള്ള പദ്ധതികളുമായി ബന്ധപ്പെടുത്തുന്നു. മാനസിക സമ്മര്‍ദ്ദം കുറക്കാനായി ചെയ്യാവുന്ന കളികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നു.
ലഹരി വിമുക്ത ചികിത്സ കഴിഞ്ഞതും കൂടുതല്‍ ശ്രദ്ധ ആവശ്യമായതുമായ കുട്ടികളെ സര്‍ക്കാര്‍ ഒബ്സര്‍വേഷന്‍ ഹോമുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് റേഷന്‍ ലഭിക്കുവാന്‍ സഹായിച്ചു. മാനസികാരോഗ്യ പ്രശ്നങ്ങള്‍ കാണിച്ച മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ചികിത്സയും മരുന്നും ഉറപ്പാക്കി. വീഡിയോ കോളുകളിലൂടെ അവബോധ രൂപീകരണം, കൗണ്‍സലിങ് എന്നിവ കൃത്യമായി നല്‍കുന്നതിലൂടെ കുട്ടികള്‍ ലോക്ക് ഡൗണ്‍ ലംഘിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യുന്നു. ഇത്തരം കുട്ടികളെ കമ്മ്യൂണിറ്റി കിച്ചനുകളില്‍ പ്രവര്‍ത്തന പങ്കാളികളാക്കുന്നതിലും ചില ജില്ലകള്‍ വിജയിച്ചു.
കുട്ടികളെയും കുടുംബങ്ങളെയും ഒരുമിച്ച് പങ്കെടുപ്പിക്കുന്ന പാചകം, ടിക്ടോക് വീഡിയോ, കരകൗശല വസ്തു നിര്‍മാണം, പച്ചക്കറിതോട്ട നിര്‍മാണം, ഫോട്ടോഗ്രാഫി, ചിത്രരചന, കഥാരചന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിത്യവും വീടുകളില്‍ കാവല്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട മത്സരങ്ങളും ചില ജില്ലകളില്‍ നടത്തി വരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ വഴി കുടുംബത്തിലെ അംഗങ്ങള്‍ക്കിടയിലെ ആത്മബന്ധം, പരസ്പര സഹായങ്ങള്‍, സംഭാഷണം എന്നിവ മികച്ചതാക്കാന്‍ കഴിഞ്ഞു. ദിവസേന ഈ പരിപാടികള്‍ തുടരുന്നതിലൂടെ കുട്ടികളുടെ കഴിവുകളെ പ്രേത്സാഹിപ്പിക്കുകയും മിടുക്കരായ കുട്ടികളെ അനുമോദിക്കുകയും ചെയ്യുന്നു. ദു:ഖങ്ങളും സംഘര്‍ഷങ്ങളും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങിയ കുട്ടികളാണ് പൊതുവെ കേസില്‍ പെടാറുള്ളത്. കോവിഡ് കാലഘട്ടത്തെ ഫലപ്രദമായി ഉപയോഗിച്ച സമൂഹത്തില്‍ സ്വീകാര്യരായി മാറുകയാണ് ഇന്നിവര്‍. കാവല്‍ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനും വിവിധ പരിപാടികള്‍ ജില്ലാ അടിസ്ഥാനത്തില്‍ നടപ്പാലാക്കി വരുന്നുണ്ട്.
2016 മുതല്‍ കേരളത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കാവല്‍. 14 ജില്ലകളിലുമായി 1943 കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നിരന്തര ശ്രദ്ധയും പരിചരണവും നല്‍കി പുനരധിവാസം ഉറപ്പാക്കുന്നു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടത്തുന്ന പദ്ധതി ബാലനീതി ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റികള്‍, പോലീസ്, ആരോഗ്യം, വിദ്യാഭ്യാസം, നിയമ സഹായ സമിതി, വിവിധ വകുപ്പുകള്‍ തുടങ്ങി സര്‍ക്കാര്‍ സര്‍ക്കാരിതര സംവിധാനങ്ങളുടെ കൂട്ടായപ്രവര്‍ത്തനമാണ് കാവല്‍.
പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരിക്കല്‍ നിയമവുമായി പൊരുത്തപ്പെടാനാകാത്ത സാഹചര്യത്തില്‍പ്പെട്ട കുട്ടി വീണ്ടും കേസില്‍ പെടുന്നത് 14% നിന്നും (2015) 3.4% ആയി (2019) കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ നിയമവുമായി പൊരുത്തപ്പെടുവാനാകാത്ത കുട്ടികള്‍ക്ക് വേണ്ടി നടപ്പാക്കിയ സമഗ്ര പദ്ധതിയാണ് കാവല്‍. കേസില്‍പ്പെട്ട കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വിവിധ സംസ്ഥാനങ്ങള്‍ ഈ കാവല്‍ മാതൃക നടപ്പാക്കാന്‍ തയ്യാറായി വന്നിട്ടുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























