ഉത്തര കൊറിയ്ക്ക് ഇടിത്തീ..; അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചൈനീസ് സുരക്ഷാസേന വെടിവച്ച് വീഴ്ത്തിയ ഉത്തര കൊറിയന്‍ പൗരന് കൊറോണ വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്

കൊവിഡില്ലെന്ന ഉത്തര കൊറിയന്‍ വാദം പൊളിയുകയാണ്, ചൈനീസ് സൈന്യത്തിന്റെ പിടിയിലായ ഉത്തര കൊറിയന്‍ പൗരന് കൊവിഡ് സ്ഥിരീകരിച്ചതോടെ കിം ജോങ്ങ് ഉന്നിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പിന്നാലെ മറ്റൊരു വാര്‍ത്ത കൂടി ഉത്തരകൊറിയയെ തേടിയെത്തി. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചൈനീസ് സുരക്ഷാസേന വെടിവച്ച് വീഴ്ത്തിയ ഉത്തര കൊറിയന്‍ പൗരന് കൊറോണ വൈറസ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
ഏപ്രില്‍ 20ന് ഉത്തര കൊറിയയേയും ചൈനയേയും വേര്‍തിരിക്കുന്ന ടൂമെന്‍ നദി നീന്തി കടന്ന് ചൈനീസ് അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവെയാണ് ഇയാള്‍ക്ക് ചൈനീസ് സുരക്ഷാസേനയുടെ വെടിയേറ്റത്. ചൈനീസ് സേന തന്നെ ഇയാളെ ജിലിന്‍ പ്രവിശ്യയിലെ ലോംഗ്ജിങ്ങിലുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ വച്ച് പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്നും ഇയാള്‍ ഇപ്പോള്‍ ക്വാറന്റൈനിലാണെന്നും ചൈനീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ഒരു കൊവിഡ് കേസ് പോലുമില്ലെന്നാണ് ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നത്. ചൈനീസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചയാളില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതോടെ ഉത്തര കൊറിയയും കൊവിഡിന്റെ പിടിയിലാണെന്നതിന്റെ ശക്തമായ അഭ്യൂഹങ്ങളാണ് ഉയരുന്നത്. ഉത്തര കൊറിയയില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടിരിക്കാമെന്ന് ഇതിനുമുമ്പും ഡെയ്ലി എന്‍.കെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങള്‍ക്കിടയില്‍ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളോട് കൂടിയ 180 ലേറെ സൈനികര്‍ ഉത്തരകൊറിയയില്‍ മരിച്ചതായി കഴിഞ്ഞ മാസം ഡെയ്ലി എന്‍.കെ റിപ്പോര്‍ട്ട് ചെയ്തകിരുന്നു. 23 പേര്‍ കൂടി രാജ്യത്ത് കൊവിഡ് ബാധമൂലം മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉത്തരകൊറിയയില്‍ കൊവിഡ് വ്യാപിക്കുന്നതായി പല ഏജന്‍സികളും വാര്‍ത്തകള്‍ പുറത്ത് വിട്ടിരുന്നു. ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോംഗ്യാംഗ്, സൗത്ത് ഹ്വാംഘേയ് പ്രവിശ്യ, നോര്‍ത്ത് പാംഗ്യോംഗ് പ്രവിശ്യ എന്നീ മേഖലകളില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. അതേ സമയം, പ്യോംഗ്യാംഗുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കൊവിഡ് കേസുകളോ കൊവിഡ് മരണങ്ങളോ ഇല്ലെന്നും രാജ്യം കൊറോണ വൈറസ് മുക്തമാണെന്നുമാണ് ഉത്തര കൊറിയന്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി നല്‍കുന്ന വിവരം. രാജ്യത്തിന്റെ തലവനായ കിം ജോംഗ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങള്‍ തുടരവെയാണ് ഉത്തരകൊറിയയിലും കൊവിഡ് ബാധിച്ചതിനുള്ള തെളിവുകള്‍ വീണ്ടും തലപൊക്കുന്നത്. ഏപ്രില്‍ 11നാണ് കിം ജോംഗ് ഉന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഹൃദയ ശസ്ത്രിക്രിയയ്ക്ക് വിധേയനായ കിം അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കിയ വിവരം. എന്നാല്‍ കിമ്മിന്റെ ആരോഗ്യ സ്ഥിതി അതീവ മോശമാണെന്ന വാര്‍ത്ത ദക്ഷിണ കൊറിയയും ചൈനയും തള്ളിയിരുന്നു. സംഭവത്തെ പറ്റി ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നും ഇതേവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha