എന്‍എസ്ഒ ഗ്രൂപ്പിനെതിരെ തെളിവുകളുമായി ഫെയ്‌സ്ബുക്ക്; വാട്‌സാപ്പ് ഹാക്ക് ചെയ്‌തു എന്ന് ആരോപണം

രഹസ്യ നിരീക്ഷണ സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് വാട്‌സാപ്പ് ഹാക്ക് ചെയ്ത് 1400 ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിച്ച സംഭവത്തില്‍ ഇസ്രായേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിനെതിരെ വിശദമായ തെളിവുകള്‍ ഫെയ്‌സ്ബുക്ക് കോടതിയില്‍ സമര്‍പ്പിച്ചു. ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ടുള്ള എന്‍എസ്ഒ ഗ്രൂപ്പിന്റെ വാദങ്ങള്‍ക്ക് വിരുദ്ധമായ തെളിവുകളാണ് ഫെയ്‌സ്ബുക്ക് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയില്‍ ആമസോണ്‍ വെബ് സര്‍വീസസ് സെര്‍വറും കാലിഫോര്‍ണിയയിലെ ക്വാഡ്രാനെറ്റ് സെര്‍വറും ഉപയോഗപ്പെടുത്തിയാണ് വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണം നടന്നതെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു.
വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടന്ന 2019 ഏപ്രില്‍, മെയ് മാസങ്ങളില്‍ ക്വാഡ്രാനെറ്റ് സെര്‍വര്‍ ഉപയോഗിക്കുന്നതിന് എന്‍എസ്ഒ ഗ്രൂപ്പും ക്വാഡ്രാനെറ്റും തമ്മില്‍ കരാറുണ്ടായിരുന്നു. ഇതേ കാലയളവില്‍ തന്നെയാണ് ആമസോണ്‍ സെര്‍വറുകളിലെ സബ്‌ഡൊമൈനുകളും ഹോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ നിര്‍മിച്ച സോഫ്റ്റ് വെയര്‍ തീവ്രവാദം തടയാനും, കുറ്റകൃത്യങ്ങള്‍ തടയാനും ജീവന്‍ രക്ഷിക്കാനുമാണ് ഉപയോഗപ്പെടുത്തുന്നതെന്നാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ വെളിപ്പെടുത്തലുകളോടുള്ള എന്‍എസ്ഒ ഗ്രൂപ്പിന്റെ പ്രതികരണം.
ഉപയോക്താക്കള്‍ക്ക് വേണ്ടി പെഗാസസ് സോഫ്റ്റ് വെയര്‍ തങ്ങള്‍ കൈകാര്യം ചെയ്തിട്ടില്ലെന്നും അമേരിക്കന്‍ മൊബൈല്‍ഫോണ്‍ നമ്പറുകള്‍ക്ക് നേരെയും അമേരിക്കയിലെ ഏതെങ്കിലും ഉപകരണങ്ങള്‍ക്ക് നേരെയും ഉപയോഗിച്ചിട്ടില്ലെന്നും എന്‍എസ്ഒ ഗ്രൂപ്പ് പറയുന്നു. ഇതിനിടെ 2017 ല്‍ ഫെയ്‌സ്ബുക്ക് തന്നെ പെഗാസസ് സോഫ്റ്റ് വെയര്‍ വാങ്ങാന്‍ ശ്രമിച്ചിരുന്നുവെന്ന പ്രത്യാരോപണവും എന്‍എസ്ഒ ഗ്രൂപ്പ് ഉന്നയിക്കുകയുണ്ടായി.
രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കും മാത്രമാണ് പെഗാസസ് സോഫ്റ്റ് വെയര്‍ വില്‍ക്കാറുള്ളതെന്ന വാദത്തില്‍ എന്‍എസ്ഒ ഗ്രൂപ്പ് ഉറച്ചുനില്‍ക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1400-ഓളം വാട്‌സാപ്പ് ഉപയോക്താക്കളുടെ അക്കൗണ്ട് പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെന്ന് ഫെയ്‌സ്ബുക്ക് തന്നെയാണ് വെളിപ്പെടുത്തിയത്. ഇത് ആഗോളതലത്തില്‍ വിവാദമാവുകയും ചെയ്തിരുന്നു.
നിരവധി തവണയാണ് പെഗാസസ് വിവാദങ്ങളിൽ നിറയുന്നത് . ഒരു സ്‌പൈവെയറാണ് പെഗാസസ് . പേരു സൂചിപ്പിക്കും പോലെ തന്നെ ആളുകളുടെ ഫോണിലൂടെ വിവരം ചോര്‍ത്തുന്നവയാണ് സ്‌പൈവെയറുകള്‍. ടാര്‍ഗറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ ഫോണിലേക്ക് ഒരു ലിങ്ക് അയച്ചു നല്‍കും. ഉപയോക്താവ് അതില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിരീക്ഷണത്തിന് സഹായിക്കുന്ന മാല്‍വെയറോ കോഡോ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. പെഗാസസ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ഉപയോക്താവിന്റെ ഫോണിലെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്താന്‍ പറ്റും എന്നതാണ് ഈ സ്പൈ വെയറിന്റെ പ്രത്യേകത. . ഉപയോക്താവ് ലിങ്കില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഓപ്പറേറ്റര്‍ക്ക് ഫോണിലെ സുരക്ഷാസംവിധാനങ്ങളെ മറികടന്നു ഉപയോക്താവിന്റെ അനുവാദമില്ലാതെ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും.
പെഗാസസ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഓപ്പറേറ്ററുടെ നിര്‍ദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ഓപ്പറേറ്റര്‍ക്ക് കൈമാറും. ഇതില്‍ പാസ്വേഡുകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍, കലണ്ടര്‍ ഇവന്റുകള്‍, സന്ദേശങ്ങള്‍, തത്സമയ വോയ്സ് കോളുകള്‍ എന്നിവ ഉള്‍പെടും. ഫോണിന്റെ ക്യാമറയും മൈക്രോഫോണും ഓണ്‍ ആക്കാനും റിക്കോര്‍ഡ് ചെയ്യാനും ഓപ്പറേറ്റര്‍ക്ക് സാധിക്കും. എന്നാല്‍ ഇപ്പോള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യാതെ തന്നെ മാല്‍വെയര്‍ ഫോണില്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള വഴിയുണ്ട് എന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഉപയോക്താവ് ഒന്നും ചെയ്യാതെ തന്നെ കേവലം ഒരു മിസ്സ്ഡ് വീഡിയോ കോള്‍ രൂപത്തില്‍ ഇവ ഫോണില്‍ കയറികൂടും. ഇമെയില്‍, എസ്എംഎസ്,ബ്രൗസിംഗ് ഹിസ്റ്ററി, ഡിവൈസ് സെറ്റിംഗ്‌സ് തുടങ്ങിയവയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനും ലൊക്കേഷന്‍ ട്രാക്കിംഗ്, നെറ്റ്വര്‍ക്ക് ഡീറ്റെയില്‍സ് എടുക്കാനും പെഗാസസിന് സാധിക്കും.
പാസ്സ്വേര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ പോലും കടന്നു കൂടാന്‍ മാല്‍വെയറിന് കഴിവുണ്ട്. മെമ്മറിയും ബാറ്ററിയും കുറച്ചേ ഉപയോഗിക്കുകയുള്ളു. അത് കൊണ്ട് തന്നെ പെട്ടെന്ന് കണ്ണില്‍ പെടുകയുമില്ല. ഇത് കൂടാതെ, തിരിച്ചറിയപ്പെട്ടാല്‍ സ്വയം നശിപ്പിക്കുന്ന സംവിധാനവുമുണ്ട്. 2016 ലാണ് പെഗാസസുമായി ബന്ധപ്പെട്ട ആദ്യത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയിലെ മനുഷ്യവകാശ പ്രവര്‍ത്തകനായ അഹമ്മദ് മന്‍സൂറിന് എസ്എംഎസ് വഴിയാണ് ഐഫോണില്‍ ലിങ്ക് ലഭിച്ചത്. ഐഒഎസിലെ ഒരു ന്യുനത ഉപയോഗപ്പെടുത്തിയാണ് അന്ന് ഐഫോണില്‍ കടന്നു കൂടിയത്. പുതിയ അപ്‌ഡേറ്റിലൂടെയാണ് ആപ്പിള്‍ അന്ന് പ്രശ്‌നം പരിഹരിച്ചത്. 2018 ഡിസംബറില്‍ മോണ്‍ട്രിയല്‍ ആസ്ഥാനമായുള്ള സൗദി ആക്ടിവിസ്റ്റ് ഒമര്‍ അബ്ദുള്ളസീസ് എന്‍എസ്ഒ ഗ്രൂപ്പിനെതിരെ പരാതി നല്‍കിയിരുന്നു.
പെഗാസസ് ഉപയോഗിച്ചു ഒമറും സുഹൃത്തായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയും തമ്മിലുള്ള സംസാരം ചോര്‍ത്തിയെന്നായിരുന്നു ആരോപണം. 2018 ഒക്ടോബര്‍ രണ്ടിന് ഖഷോഗി സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. അതിന് മുന്‍പ് ഓഗസ്റ്റില്‍ ഫോണ്‍ ഹാക്ക് ചെയ്യപെട്ടുവെന്നാണ് ഒമര്‍ പറയുന്നത്. ഈ വര്‍ഷം മെയില്‍ പെഗാസസ് വാട്ട്സാപ്പിലൂടെ വ്യക്തികളെ ടാര്‍ഗറ്റ് ചെയ്യുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട് ചെയ്തിരുന്നു. സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്തു കൊണ്ടാണ് വാട്ട്സാപ്പ് സെക്യൂരിറ്റി ബഗ്ഗിനെ തുരത്താന്‍ ശ്രമിച്ചത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി പുറത്തു വന്നതിന് തുടര്‍ന്ന് 2019 ൽ വാട്ട്സാപ്പ് എന്‍എസ്ഒയ്ക്കെതിരെ നിയമയുദ്ധം നടത്തിയിരുന്നു . . അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമുള്ള 1400 മൊബൈല്‍ ഫോണുകളാണ് അന്ന് നിരീക്ഷണത്തിന് ഇരയായത്. നിര്‍ദ്ദിഷ്ട വാട്ട്സാപ്പ് ഉപയോക്താക്കളെ മാത്രം ലക്ഷ്യം വെച്ചാണ് മാല്‍വെയര്‍ ആക്രമണമുണ്ടായത്. ഇപ്പോഴിതാ ഫേസ്ബുക്കും സമാന രീതിയിൽ എൻ എസ് ഒയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നു.അതും ശക്തമായ തെളിവുകളോടെ.
https://www.facebook.com/Malayalivartha


























