ആര്‍ദ്രകേരളം, കായകല്‍പ്പ് പുരസ്‌കാരങ്ങളുടെ വിതരണം നാളെ; ആരോഗ്യ, ആരോഗ്യാനുബന്ധ മേഖലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ആര്‍ദ്ര കേരള പുരസ്‌കാരമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആര്‍ദ്രകേരളം, കായകല്‍പ്പ് പുരസ്‌കാരങ്ങളുടെ വിതരണം ഒക്ടോബര്‍ 29ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ വെച്ച് ആരോഗ്യ വകുപ്പ് നിര്‍വഹിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
2022-23, 2023-24 വര്‍ഷങ്ങളിലെ ആര്‍ദ്രകേരളം പുരസ്‌കാരവും, 2022-2023, 2023-2024, 2024-2025 വര്‍ഷങ്ങളിലെ കായകല്‍പ്പ് പുരസ്‌കര വിതരണവും കൂടാതെ നിര്‍ണയ ഹബ് ആന്റ് സ്‌പോക്ക് മോഡല്‍ സംസ്ഥാനതല ഉദ്ഘാടനം, എം.ബി.എച്ച്.എഫ്.ഐ. അവാര്‍ഡ് വിതരണം, 2022-2023, 2023-2024 വര്‍ഷങ്ങളിലെ നഴ്‌സസ് അവാര്‍ഡ് വിതരണം, പി.എച്ച്. ആപ്പ്, കാസ്പ് ഹെല്‍ത്ത് മൊബൈല്‍ ആപ്പ് & വെബ് പോര്‍ട്ടല്‍, ശ്രുതി തരംഗം പദ്ധതിയുടെ ലോഗോ- വെബ് പോര്‍ട്ടല്‍ പ്രകാശനം എന്നിവയും നടക്കും.
മാതൃകാപരമായ നൂതന പദ്ധതികള്‍ക്കൊപ്പം, കാലാനുസൃതമായി ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതും, പൊതുജന പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് തനതായ ആരോഗ്യ സംസ്‌കാരം രൂപപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കേരളത്തിന്റെ ആരോഗ്യ മേഖലയിലെ സുപ്രധാനമായ ഇടപെടലുകളാണ്. ഇത്തരം ജനകീയ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനും വേണ്ട പ്രോത്സാഹനം നല്‍കുന്നതിനുമായാണ് ആര്‍ദ്രകേരളം പുരസ്‌കാരവും, കായകല്‍പ്പ് പുരസ്‌കാരവും നടപ്പിലാക്കി വരുന്നത്.
ആരോഗ്യ, ആരോഗ്യാനുബന്ധ മേഖലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ആര്‍ദ്ര കേരള പുരസ്‌കാരം. പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ ശുചിത്വം, അണുബാധാ നിയന്ത്രണം, മാലിന്യ പരിപാലനം എന്നിവയുടെ മികവ് കണക്കാക്കി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള അംഗീകാരമായാണ് കായകല്‍പ്പ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച ആരോഗ്യവകുപ്പിലെ ജനറല്‍ നഴ്‌സിംഗ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ജനറല്‍ നഴ്‌സിംഗ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 2023, 2024 വര്‍ഷങ്ങളിലെ നഴ്‌സസ് അവാര്‍ഡുകളാണ് നല്‍കുന്നത്.
https://www.facebook.com/Malayalivartha


























