നാളെയും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് ...തെക്കൻ ജില്ലകളിൽ മഴ കനക്കും..! തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ- തെക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 30 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 'മോൻതാ' ചുഴലികാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്നുണ്ട്.
അനുബന്ധ വാർത്തകൾ
അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെല്ലോ അലർട്ട്
28/10/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
29/10/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ 'മോൻതാ' തീവ്ര ചുഴലിക്കാറ്റ്
മോൻതാ' ചുഴലികാറ്റ് (Cyclonic Storm) തീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്നു. വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ഇന്ന് (ഒക്ടോബർ 28) വൈകുന്നേരം/രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനടക്കു സമീപം, തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.
അറബിക്കടലിൽ തീവ്ര ന്യുനമർദ്ദം തുടരുന്നു
മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യുനമർദ്ദം (Depression) സ്ഥിതി ചെയ്യുന്നു . ഇത് അടുത്ത 36 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്ക് വടക്കു കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത. അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത. എന്നും നാളെയും (ഒക്ടോബർ 28 ,29) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
https://www.facebook.com/Malayalivartha
























