"ലൈംഗീകശേഷി മരുന്നില്‍ തുടങ്ങി ട്രംപിനുള്ള മരണമണി' വരെ കിമ്മിന്റെ 'രഹസ്യയാത്ര'; ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് നേതാവ് കിം ജോങ് ഉന്‍ ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം അതീവ ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ, കിഴക്കന്‍ തീരത്തെ റിസോര്‍ട്ടിനു സമീപം അദ്ദേഹത്തിന്റെ സ്വകാര്യ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്ത് ; എല്ലാം ഒളിപ്പിച്ച് ചൈനയും?

ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് നേതാവ് കിം ജോങ് ഉന്‍ ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം അതീവ ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ, കിഴക്കന്‍ തീരത്തെ റിസോര്‍ട്ടിനു സമീപം അദ്ദേഹത്തിന്റെ സ്വകാര്യ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. വൊന്‍സാനിലെ റിസോര്‍ട്ട് സമുച്ചയത്തോടു ചേര്‍ന്ന്, കിമ്മിനും കുടുംബത്തിനും മാത്രം ഉപയോഗിക്കാനുള്ള റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ 21 മുതല്‍ ട്രെയിന്‍ കാണുന്നുണ്ടെന്നാണു വാഷിങ്ടന്‍ ആസ്ഥാനമായുള്ള വെബ്‌ജേണലായ 38 നോര്‍ത്തിന്റെ നിരീക്ഷണം.
കിം റിസോര്‍ട്ടിലുണ്ടാകാമെന്നാണ് ഇവരുടെ നിഗമനം. കഴിഞ്ഞ 12നു ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവു മൂലം മസ്തിഷ്‌ക മരണം സംഭവിച്ചെന്നുവരെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണു പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ആണവായുധ പരീക്ഷണങ്ങളുള്‍പ്പെടെ കിം ജോങ് ഉന്നിന്റെ പ്രധാന നീക്കങ്ങളെല്ലാം നിഗൂഢതയുടെ പുകമറയ്ക്കുള്ളില്‍ സൂക്ഷിക്കുന്നതാണ് ഉത്തര കൊറിയയുടെ പതിവ്. നേതാവു മരിച്ചാലാകട്ടെ, വിവരം പുറത്തുവിടുന്നത് കുറഞ്ഞതു 48 മണിക്കൂര്‍ കഴിഞ്ഞെന്നും അനുഭവം. കിമ്മിന്റെ പിതാവ് കിം ജോങ് ഇല്‍ അധികാരത്തിലിരിക്കെ 2011 ല്‍ ഹൃദയാഘാതം മൂലം മരിച്ചപ്പോള്‍ 2 ദിവസം കഴിഞ്ഞാണു വാര്‍ത്ത പുറത്തുവിട്ടത്. ഭരണാധികാരികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കു കര്‍ശന നിരോധനമുള്ള ഉത്തര കൊറിയയില്‍ എന്താണു നടക്കുന്നതെന്നതിനെക്കുറിച്ചു ലോകം തലപുകയ്ക്കുകയാണിപ്പോള്‍. ചൈനയില്‍ നിന്നു ഡോക്ടര്‍മാരുടെ വിദഗ്ധസംഘം ഉത്തര കൊറിയയിലേക്കു പുറപ്പെട്ടതിനു ശേഷമുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല. 11 ന് ആയിരുന്നു കിം ഏറ്റവുമൊടുവില്‍ പൊതുവേദിയില്‍ വന്നത്. 15നു മുത്തച്ഛന്‍ കിം ഇല്‍ സുങ്ങിന്റെ ജന്മവാര്‍ഷികച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നതോടെയാണ് ആരോഗ്യം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരന്നത്.
2011 ഡിസംബര്‍ 17നാണു കിമ്മിന്റെ പിതാവ് കിം ജോങ് ഇല്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചത്. ഡിസംബര്‍ 19നു സര്‍ക്കാര്‍ ടിവി ചാനലില്‍ പ്രമുഖ അവതാരക റി ചുന്‍ ഹിയാണു വാര്‍ത്ത പുറത്തുവിട്ടത്. കിം ജോങ് ഉന്‍ പുതിയ നേതാവാകുമെന്നും അറിയിച്ചു. തലസ്ഥാനമായ പ്യോങ്യാങ്ങില്‍ നിന്നുള്ള ട്രെയിന്‍ യാത്രയ്ക്കിടെ 17നു രാവിലെ 8.30നു കിം ജോങ് ഇല്‍ മരിച്ചെന്നായിരുന്നു പ്രഖ്യാപനം. 9 ദിവസത്തിനുശേഷം 28നായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. 36 വയസ്സുള്ള കിമ്മിനും ഭാര്യ റി സോള്‍ ജുവിനും 3 കുട്ടികള്‍. മൂത്തയാള്‍ക്ക് 10 വയസ്സ്. പിന്‍ഗാമിയാകാന്‍ മകനു പ്രായപൂര്‍ത്തിയാകും വരെ റീജന്‍സി ഭരണം ഏര്‍പ്പെടുത്തിയേക്കാം. കിമ്മിന്റെ ഇളയ സഹോദരി കിം യോ ജാങ്ചുമതല വഹിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പാര്‍ട്ടിയില്‍ സുപ്രധാന ചുമതലകള്‍ വഹിക്കുന്ന യോ ജാങ് ഉത്തര കൊറിയന്‍ രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യവും അധികാരശ്രേണിയില്‍ പ്രബലയുമാണ്. ഇവര്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഉച്ചകോടിക്കുള്‍പ്പെടെ കിമ്മിനൊപ്പം നിന്നു ശ്രദ്ധ കവര്‍ന്നിട്ടുണ്ട്. ഏതാനും മുതിര്‍ന്ന നേതാക്കളുടെ സമിതി ഭരണച്ചുമതല ഏറ്റെടുക്കുമെന്നും അഭ്യൂഹമുണ്ട്. അധികാരത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന മൂത്തസഹോദരന്‍ തലസ്ഥാനത്തു തിരിച്ചെത്തി ചുമതലയേല്‍ക്കുമെന്നാണ് മറ്റൊരു കൂട്ടര്‍ അനുമാനിക്കുന്നത്. കിമ്മിന്റെ ട്രെയിന്‍ കണ്ട റെയില്‍വേ സ്റ്റേഷന്‍ വൊന്‍സാനിലെ ആഡംബര സമുച്ചയത്തോടു ചേര്‍ന്നാണ്. 2014 ല്‍ കിം പണി കഴിപ്പിച്ച കൂറ്റന്‍ ബംഗ്ലാവും ചുറ്റും 9 അതിഥി മന്ദിരങ്ങളുമാണ് വൊന്‍സാനിലുള്ളത്. തുറമുഖവും ഷൂട്ടിങ് റേഞ്ചും ഉല്ലാസനൗകകളും കുതിരയോട്ടത്തിനുളള മൈതാനവും ഇവിടെയുണ്ട്.
https://www.facebook.com/Malayalivartha


























