പോകുന്നത് ലംബോർഗിനി വാങ്ങാൻ ; കയ്യിലുള്ളത് മൂന്ന് ഡോളർ; ഒടുവിൽ ഡ്രൈവറെ കണ്ടപ്പോൾ പോലീസ് ഞെട്ടി

യു.എസിലെ യൂട്ട ഹൈവേയിലൂടെ മണിക്കൂറിൽ 30 മൈൽ വേഗതയിൽ വരുന്ന കാർ .അത് കണ്ടപ്പോൾ തന്നെ എന്തോ പന്തികേട് തോന്നി ഹൈവേ പൊലീസിന് .അതുകൊണ്ടാണ് യൂട്ട ഹൈവേ പട്രോളിങ് സംഘം നിർത്താനാവശ്യപ്പെട്ടത്. കാറിനു പുറത്തു നിന്ന് അകത്തേക്ക് നോക്കി ഡ്രൈവറെ കാണാൻ നന്നേ പാടുപെട്ടു. ഡോർ തുറന്നു നോക്കിയപ്പോൾ ഡ്രൈവിങ് സീറ്റിലിരിക്കുന്നു ‘ഇത്തിരിക്കുഞ്ഞൻ ഡ്രൈവർ’ .സീറ്റിന് മുന്നിലേക്കിരുന്ന് കഷ്ടപ്പെട്ട് ബ്രേക്ക് ചവിട്ടി ഇരിക്കുന്നതാണ് പോലീസ് കണ്ടത്.
ആദ്യം ഏതോ ഭിന്നശേഷിക്കാരനാണെന്നാണ് പൊലീസ് കരുതിയത്. അവനോട് സംസാരിച്ചപ്പോഴാണ് അതൊരു കൊച്ചുകുട്ടിയാണെന്ന് മനസ്സിലായത്. അവെൻറ പ്രായമറിഞ്ഞ പൊലീസ് സംഘം അക്ഷരാർഥത്തിൽ മൂക്കത്ത് വിരൽ വെച്ചു. അഞ്ച് വയസ് മാത്രമായിരുന്നു പ്രായം. അമ്മയോട് വഴക്കുണ്ടാക്കി വരുന്ന വഴിയാണ്. കാര്യം ചോദിച്ചപ്പോൾ ഞെട്ടിച്ചുകൊണ്ട് ഒട്ടും കൂസലില്ലാത്ത മറുപടി. ഒരു ലംബോർഗിനി കാറ് വാങ്ങണം. അതിനായി കാലിേഫാർണിയയിലേക്ക് പോവുകയാണ്. കീശയിലുള്ള മൂന്ന് ഡോളർ ഉയർത്തിക്കാട്ടി അവൻ പറഞ്ഞു.
അത്യാഢംഭര വാഹനമായ ലംബോർഗിനി വാങ്ങണമെന്ന സ്വപ്നത്തിലാണ് അവൻ അമ്മയുമായി വഴക്കിട്ടത്. സഹോദരിയെ നോക്കാനേൽപ്പിച്ച് അമ്മ ജോലിയിലേർപ്പെട്ടിരിക്കുകയായിരുന്നു. തെൻറ ആഗ്രഹത്തിന് അമ്മ വഴങ്ങില്ലെന്ന് കണ്ടതോടെ വീട്ടിലെ കാറിെൻറ താക്കോലെടുത്ത് സഹോദരിയുടെ കണ്ണുവെട്ടിച്ച് ആരും കാണാതെ കാർ വാങ്ങാൻ സ്വയം ഇറങ്ങിത്തിരിക്കുകയായിരുന്നു. കുട്ടിയെ പൊലീസ് രക്ഷിതാക്കളെ ഏൽപിച്ചു.
അഞ്ചു വയസുകാരൻ ഹൈവേയിലൂടെ കാറോടിച്ചുവെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈവേ പട്രോൾ വക്താവ് നിക് സ്ട്രീറ്റ് പറഞ്ഞു. സംഭവത്തിൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























