ഇമ്രാന്റെ കച്ചവടം പൂട്ടിക്കെട്ടി; നിയമവിരുദ്ധമായ അധിനിവേശത്തിലൂടെ കൈയ്യടക്കിയ പ്രദേശങ്ങളില്‍ ഭൗതിക മാറ്റം വരുത്താനുള്ള പാകിസ്താന്റെ ശ്രമത്തിനെതിരെ ഇന്ത്യ

2018ലെ ഭരണപരമായ ഉത്തരവില്‍ ഭേദഗതി വരുത്തി മേഖലയില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ പാകിസ്താന്‍ സുപ്രീം കോടതി ഇസ്ലാമാബാദിന് അനുവാദം നല്‍കിയിരുന്നു. 2018ലെ ഗില്‍ജിത്ത് ബാള്‍ടിസ്ഥാന്‍ ഉത്തരവില്‍ മാറ്റം വരുത്തി ചില വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താന്‍ പാകിസ്താന്‍ പ്രധാനമന്ത്രിക്ക് അധികാരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഭരണ പരിഷ്‌കാരങ്ങള്‍ക്കാണ് കോടതി അനുമതി നല്‍കിയത്. ഇതിനു പിന്നാലെയാണ് ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍, മുസഫറാബാദ് എന്നീ മേഖലകളും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് ജമ്മു കശ്മീരിനൊപ്പം ചേര്‍ത്തത്.
നിയമവിരുദ്ധമായ അധിനിവേശത്തിലൂടെ കൈയ്യടക്കിയ പ്രദേശങ്ങളില്‍ ഭൗതിക മാറ്റം വരുത്താനുള്ള പാകിസ്താന്റെ ശ്രമത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ മുഴുവന്‍ കേന്ദ്രഭരണ പ്രദേശങ്ങളും ഗില്‍ജിത്ത്, ബാള്‍ട്ടിസ്ഥാന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നടപടികള്‍ ഉപയോഗിച്ച് ഏഴ് പതിറ്റാണ്ടായി ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ അനധികൃതമായി അധിനിവേശം നടത്തുന്നതും ഇവിടങ്ങളില്‍ താമസിക്കുന്നവരുടെ മനുഷ്യാവകാശം ലംഘിക്കുന്നതും സ്വാതന്ത്ര്യം നിഷേധിക്കുന്നതും മറച്ചുവെക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ജമ്മു കശ്മീരിലെ കാലാവസ്ഥാ ഉപവിഭാഗത്തെ ''ജമ്മു കശ്മീര്‍, ലഡാക്ക്, ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍, മുസഫറാബാദ്'' എന്ന് വിശേഷിപ്പിച്ച് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). പാക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനമാണ് മുസഫറാബാദ്. ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാനും പാകിസ്താന്‍ അനധികൃതമായി കൈയ്യേറിയ പ്രദേശമാണ്. അതേസമയം, എന്ന് മുതലാണ് ഇത്തരത്തില്‍ പേരിന് മാറ്റം വരുത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
എന്നാല്‍, ദിനപത്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി നോക്കിയാല്‍ ചൊവ്വാഴ്ച മുതലാണ് കാലാവസ്ഥാവകുപ്പ് ജമ്മു കശ്മീരിനൊപ്പം ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍, മുസഫറാബാദ് എന്നിവ കൂടി ഉള്‍പ്പെടുത്തിയത്. നിലവില്‍ ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ മേഖലയിലെ പ്രതിദിന കാലാവസ്ഥ പ്രവചനത്തില്‍ പാക് അധീന കശ്മീരിലെ മേഖലകള്‍ കൂടി ഉള്‍പ്പെടുത്തി തുടങ്ങിയിരിക്കുകയാണ്. നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ എല്ലാ പ്രദേശങ്ങളും പാകിസ്താന്‍ ഉപേക്ഷിക്കണമെന്നും പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നുമുള്ള സന്ദേശമാണ് ഇന്ത്യ ഇതിലൂടെ നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha