ഏഷ്യാ കപ്പ്... ഇന്ത്യക്ക് ഇന്ന് അവസാന ഗ്രൂപ്പ് മത്സരം... രാത്രി എട്ടിന് അബുദാബിയില്‍

ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഇന്ന് അവസാന ഗ്രൂപ്പ് മത്സരം. ഒമാനാണ് എതിരാളികള്‍. രാത്രി എട്ടിന് അബുദാബിയിലാണ് മത്സരം നടക്കുക. ഒമാനെതിരെ കളത്തിലിറങ്ങുമ്പോള്‍ ടീം ഇന്ത്യയുടെ മനസില്‍ ഞായറാഴ്ച പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടമായിരിക്കും എന്നുറപ്പ്.
ഹസ്തദാന വിവാദത്തിന്റെ ചൂടാറുന്നതിനു മുന്നേ പാകിസ്ഥാനെ വീണ്ടും നേരിടാനായി ഒരുങ്ങുമ്പോള്‍ കൃത്യമായ ഒരുക്കത്തിനുള്ള സുവര്‍ണാവസരമായിരിക്കും ഒമാനെതിരായ മത്സരം. അതുകൊണ്ട് തന്നെ കാര്യമായ പരീക്ഷണങ്ങള്‍ ഇന്ത്യ ഇന്ന് തയ്യാറായേക്കുമെന്നാണ് കരുതുന്നത്.
അതേസമയം ഒമാനെ നേരിടുമ്പോള്‍ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ പരീക്ഷണത്തിന് സാധ്യതകളേറെയാണ്. ആദ്യ രണ്ട് കളികളിലും ടോസ് നേടിയശേഷം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതിനാല്‍ ഇന്ന് ടോസ് നേടിയാല്‍ ബാറ്റിംഗ് തെഞ്ഞെടുക്കാനായി സാധ്യതയുണ്ട്. ആദ്യരണ്ട് കളിയില്‍ ക്രീസിലിറങ്ങാനായി അവസരം കിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍, ഹാര്‍ദിക് പണ്ഡ്യ, അക്‌സര്‍ പട്ടേല്‍ തുടങ്ങിയവര്‍ക്ക് ഇന്ന് ബാറ്റിംഗിന് അവസരം ലഭിക്കാനാണ് സാധ്യത. പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നല്‍കുമ്പോള്‍ ഹര്‍ഷിത് റാണയോ അര്‍ഷ്ദീപ് സിംഗോ പകരം പ്ലേയിംഗ് ഇലവനിലെത്തും.
ശ്രീലങ്കന്‍ പേസര്‍ നുവാന്‍ തുഷാര ഇന്നലെ തകര്‍ത്തെറിഞ്ഞ അബുദാബിയിലെ പിച്ചില്‍ രണ്ട് പേസര്‍മാരെ കളിപ്പിക്കാനായി തീരുമാനിച്ചാല്‍ വരുണ്‍ ചക്രവര്‍ത്തിയോ കുല്‍ദീപ് യാദവോ പുറത്തിരിക്കേണ്ടിവരും.
ദുബായിലെപ്പോലെ സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്ന വിക്കറ്റുകളല്ല അബുദാബിയിലേതെന്ന് ഇന്നലത്തെ ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ഒരിക്കല്‍ കൂടി വ്യക്തമായിരുന്നു. ടി20 ക്രിക്കറ്റില്‍ ഇന്ത്യയും ഒമാനും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്.
"
https://www.facebook.com/Malayalivartha



















