എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം... മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

ആരോഗ്യ വകുപ്പ് ഇതിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ആധുനിക മാനിക്കിനുകളുടെ സഹായത്തോടെയായിരിക്കും പരിശീലനം. എല്ലാ മെഡിക്കല്‍ കോളേജുകളിലും പരിശീലനത്തിനായി കാര്‍ഡിയോളജി വിഭാഗത്തിന്റെ സഹകരണത്തോടെ സ്ഥിരം സംവിധാനമൊരുക്കും. ഇതിനായി പ്രത്യേക ടീമിനെ സജ്ജമാക്കും. ഇതുകൂടാതെ ഐഎംഎയിലെ ഡോക്ടര്‍മാരും പരിശീലനത്തിന് നേതൃത്വം നല്‍കും. പരിശീലനത്തിന് ഐഎംഎ എല്ലാ സഹകരണവും ഉറപ്പ് നല്‍കി. സിപിആര്‍ പരിശീലനം സംബന്ധിച്ച് ഏകീകൃതമായ ഷോര്‍ട്ട് വീഡിയോ തയ്യാറാക്കി പ്രചരിപ്പിക്കും.
മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ഐഎംഎ, കെ.ജി.എം.ഒ.എ, മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എന്താണ് സിപിആര്‍?
ഹൃദയസ്തംഭനം മൂലം വിവിധ അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നത് മൂലം ബോധക്ഷയവും മറ്റ് സങ്കീര്‍ണതകളുമുണ്ടാകുന്നു. ഇങ്ങനെ സംഭവിച്ചാല്‍ അടിയന്തര ചികിത്സ നല്‍കിയില്ലെങ്കില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും മരണത്തിലേക്ക് എത്തുകയും ചെയ്യും. ഇത് തടയുവാനുള്ള ഏറ്റവും എളുപ്പവും പ്രായോഗികവുമായ മാര്‍ഗമാണ് സിപിആര്‍. തലച്ചോറിലേക്കും ഹൃദയത്തിലേക്കും ഓക്സിജന്‍ അടങ്ങിയ രക്തത്തിന്റെ ഒഴുക്ക് പുനഃസ്ഥാപിക്കാന്‍ സിപിആറിലൂടെ ഒരു പരിധി വരെ സാധിക്കും.
ഹൃദയാഘാതമുണ്ടായാല്‍ ഉടന്‍ സി.പി.ആര്‍. നല്‍കിയാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുഴഞ്ഞുവീണ ആള്‍ക്ക് ബോധമുണ്ടോ എന്ന് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അബോധാവസ്ഥയിലാണെങ്കില്‍ ഉടന്‍ തന്നെ പള്‍സും ശ്വാസം ഉണ്ടോയെന്നും പരിശോധിക്കുക. ഹൃദയമിടിപ്പ് ഇല്ലെങ്കില്‍ സി.പി.ആര്‍ ഉടന്‍ ആരംഭിക്കുക. ഹൃദയം സ്ഥിതിചെയ്യുന്ന നെഞ്ചിന്റെ ഇടത് ഭാഗത്താണ് സി.പി.ആര്‍ ചെയ്യേണ്ടത്. ആദ്യത്തെ കൈയുടെ മുകളില്‍ മറ്റൊരു കൈ വയ്ക്കുകയും വിരലുകള്‍ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്ത് അഞ്ചുമുതല്‍ ഏഴു സെന്റിമീറ്റര്‍ താഴ്ചയില്‍ നെഞ്ചില്‍ അമര്‍ത്തിയാണ് സിപിആര്‍ നല്‍കേണ്ടത്. സിപിആറിന് പുറമേ വായിലൂടെ കൃത്രിമ ശ്വാസോച്ഛ്വാസവും നല്‍കുക. പരിശീലനം ലഭിച്ച ഏതൊരാള്‍ക്കും ചെയ്യാന്‍ സാധിക്കുന്ന പ്രഥമ ശുശ്രൂഷാ മാര്‍ഗമാണിത്. സിപിആര്‍ ശാസ്ത്രീയമായി പരിശീലിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഒരുപാട് ജീവനുകള്‍ ഇതിലൂടെ രക്ഷിക്കാന്‍ സാധിക്കും. "
https://www.facebook.com/Malayalivartha


























