ഇരുകൊറിയകളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു, അതിര്‍ത്തിയിലെ ലെയ്‌സണ്‍ ഓഫിസ് ഉത്തര കൊറിയ തകര്‍ത്തു

ഇരു കൊറിയകളുടെയും എംബസി എന്ന പോലെ പ്രവര്‍ത്തിച്ചുവരികയായിരുന്ന ലെയ്‌സണ്‍ ഓഫിസ് ഉത്തര കൊറിയ സ്‌ഫോടനത്തില്‍ തകര്‍ത്തു. കെയ്‌സോങ് ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സിലെ നാലുനിലക്കെട്ടിടം ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. സൗഹൃദം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി 2018-ല്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ചതാണ് ഈ കെട്ടിടം.
കെട്ടിടത്തിന്റെ രണ്ടാം നില ദക്ഷിണ കൊറിയയും നാലാം നില ഉത്തര കൊറിയയും ഉപയോഗിച്ചുവരുകയായിരുന്നു. ഉത്തര കൊറിയയ്‌ക്കെതിരായ പ്രചാരണ ലഘുലേഖകള്‍ ദക്ഷിണ കൊറിയയില്‍ പ്രചരിക്കാനിടയായതിന്റെ തിരിച്ചടിയാണിത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി മുതല്‍ ഓഫിസ് അടച്ചിട്ടിരിക്കുകയായിരുന്നു.
ഇതിനു തൊട്ടടുത്ത് ദക്ഷിണ കൊറിയയുടെ ഉദ്യോഗസ്ഥര്‍ താമസിച്ചുവന്നിരുന്ന 15 നില കെട്ടിടത്തിനു സ്‌ഫോടനത്തില്‍ കേടുപാടുണ്ടായി. സംഘര്‍ഷം തുടരാനാണ് ഉത്തര കൊറിയയുടെ നീക്കമെങ്കില്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ഓഫിസ് തകര്‍ത്തത് ഉത്തര കൊറിയ സ്ഥിരീകരിച്ചു.
കൊറിയന്‍ ഉപദ്വീപില്‍ സമാധാനത്തിനുള്ള ശ്രമങ്ങള്‍ക്കു കനത്ത ആഘാതമാണിതെന്ന് ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha