ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷം: 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തു, സൈനികര്‍ പിന്‍മാറി

ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷമേഖലയില്‍ നിന്ന് പിന്‍മാറി. ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്‌തെന്നാണു വാര്‍ത്താഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലപ്പെട്ടവരേയും പരുക്കേറ്റവരേയും സംഭവ സ്ഥലത്തുനിന്ന് കൊണ്ടുപോകാന്‍ ചൈനീസ് ഹെലികോപ്റ്ററുകള്‍ എത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിനു തടസമായി. ഇതാണ് കൂടുതല്‍ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍. ഇതിനിടെ, ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് സൈന്യം വ്യക്തമാക്കി.
കഴിഞ്ഞദിവസം രാത്രിയിലാണ് ഗാല്‍വന്‍ താഴ്‌വരയില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം മൂന്നുമണിക്കൂറിലേറെ നീണ്ടു. കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ സന്തോഷ് ബാബു, തമിഴ്‌നാട് സ്വദേശിയായ ഹവില്‍ദാര്‍ പഴനി, ജാര്‍ഖണ്ഡ് സ്വദേശിയായ സിപോയ് ഓജ എന്നീ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച വിവരമാണ് ആദ്യം പുറത്തുവന്നത്. ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.
ചൈനയുടേത് അതിര്‍ത്തിയിലെ തല്‍സ്ഥിതി മാറ്റാനുളള ഏകപക്ഷീയ ശ്രമമാണ്. ഇതാണ് ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തിന് കാരണം. ഉന്നതതല ധാരണ ചൈന പാലിച്ചിരുന്നെങ്കില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാമായിരുന്നു. ഇരുഭാഗത്തും ആള്‍നാശം ഉണ്ടായെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിര്‍ത്തി കടന്ന് ഇന്ത്യ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha