അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ചൈനയെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് സെനറ്റര്‍

ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാന്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് അക്രമങ്ങള്‍ക്കു തുടക്കമിട്ടതെന്നു കരുതുന്നതായി മുതിര്‍ന്ന അമേരിക്കന്‍ സെനറ്റര്‍ മിച്ച് മക്കോണല്‍ പറഞ്ഞു. സെനറ്റില്‍ വിദേശനയത്തെക്കുറിച്ചു സംസാരിക്കവേ ആയിരുന്നു അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ അദ്ദേഹം ചൈനയെ രൂക്ഷമായി വിമര്‍ശിച്ചത്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താല്‍പര്യങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി ചൈനയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം അതിര്‍ത്തിക്കുള്ളില്‍ ആളുകളെ ക്രൂരമായി പീഡിപ്പിക്കുന്ന ചൈന ലോകഭൂപടം തന്നെ മാറ്റിവരയ്ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ട് ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം ലോകരാജ്യങ്ങള്‍ ഏറെ ആശങ്കയോടെയാണു വീക്ഷിക്കുന്നത്. സംഘര്‍ഷം ലഘൂകരിച്ച് സമാധാനം നിലനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മക്കോണല്‍ പറഞ്ഞു.
കടലിലാണെങ്കില്‍ സെന്‍കാക്കു ദ്വീപിനു സമീപം ചൈന, ജപ്പാനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വ്യോമമേഖലയുടെ കാര്യമെടുത്താല്‍ ചൈനീസ് ജെറ്റുകള്‍ അടുത്തിടെ നാലു തവണയാണ് തായ്വാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതെന്നും മക്കോണല്‍ പറഞ്ഞു. കോവിഡ് രോഗവ്യാപനം പുകമറയാക്കി ഹോങ്കോങ്ങില്‍ കടന്നുകയറ്റം ശക്തമാക്കി മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനാണു ചൈനയുടെ നീക്കം.
ഹുവെ, ഇസെഡ്ടിഇ എന്നീ കമ്പനികള്‍ക്കു ടെലികോം മേഖലയില്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ജിം ബാങ്ക്സ് സ്വാഗതം ചെയ്തു. കരുത്തുറ്റ തീരുമാനമാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെതെന്ന് ജിം പറഞ്ഞു.
https://www.facebook.com/Malayalivartha