'ഐ.എസ്. വധു' ഷമീമ ബീഗത്തിന് നാട്ടിലേക്കു മടങ്ങിയെത്താന്‍ ബ്രിട്ടീഷ് അപ്പീല്‍ കോടതി അനുമതി നല്‍കി

ഇറാഖിലേക്കുപോയ ഷമീമ ബീഗത്തിന് ജന്മനാടായ ബ്രിട്ടനിലേക്കു മടങ്ങാനുള്ള നിയമയുദ്ധത്തില്‍ വിജയം. ഐ.എസിനു വേണ്ടി പോരാടാന്‍ 15-ാം വയസില്‍ ബ്രിട്ടന്‍ വിട്ട ഷമീമയ്ക്ക് നാട്ടിലേക്കു മടങ്ങാനും പൗരത്വം റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരായ നിയമയുദ്ധം തുടരാനും ബ്രിട്ടീഷ് അപ്പീല്‍ കോടതി അനുമതി നല്‍കി.
രാജ്യസുരക്ഷയുടെ പേരിലാണ് ഐ.എസില്‍ ചേരാന്‍ പോയവര്‍ മടങ്ങുന്നതിനെ ബ്രിട്ടന്‍ എതിര്‍ത്തിരുന്നത്. ഷമീമയ്ക്കു പിന്നാലെ നിരവധി ''ഐ.എസ്. വധുക്കള്‍'' മടങ്ങിയെത്തുമെന്ന് ബ്രിട്ടീഷുകാര്‍ക്ക് ആശങ്കയുണ്ട്. വടക്കന്‍ സിറിയയിലെ കുര്‍ദിഷ് ക്യാമ്പില്‍ കഴിയുന്ന ഷമീമയ്ക്കു കേസ് നടത്താന്‍ കഴിഞ്ഞില്ലെന്നും നീതിയുക്തമായ വിചാരണ നിഷേധിക്കപ്പെട്ടതായും കോടതി നിരീക്ഷിച്ചു. ഇതോടെയാണു ബ്രിട്ടനിലേക്ക് തിരിച്ചെത്താനും കേസ് നടത്താനുമുള്ള അനുമതി അപ്പീല്‍ കോടതി ഷമീമയ്ക്കു നല്‍കിയത്.
മറ്റു രണ്ടു യുവതികള്‍ക്കൊപ്പം ഐ.എസില്‍ ചേരാനായി 2015-ല്‍ തന്റെ പതിനഞ്ചാമത്തെ വയസിലാണ് ഷമീമ സിറിയയിലേക്കു പോയത്. ഐ.എസ്. ഭീകരനായ ഭര്‍ത്താവ് കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്നു കുഞ്ഞുമൊത്ത് അവര്‍ അഭയാര്‍ഥി ക്യാമ്പിലേക്കു മാറി. ഭീകരതയെ പിന്തുണച്ചത് കൗമാരത്തിളപ്പില്‍ സംഭവിച്ച അബദ്ധമെന്നായിരുന്നു ബംഗ്ലാദേശില്‍ വേരുകളുള്ള ഷമീമയുടെ വാദം. കുഞ്ഞുമായി നാട്ടിലേക്കു വരാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ഷമീമയ്ക്കും കുട്ടിക്കും പൗരത്വം നല്‍കാന്‍ കഴിയില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കൊപ്പം നിരവധി ''ഐ.എസ്. വധുക്കള്‍''ക്കും മടങ്ങിവരാനുള്ള അനുമതി നല്‍കിയില്ല.
https://www.facebook.com/Malayalivartha
























