ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ കുടുംബാധിപത്യം ഉറപ്പിച്ചു; മഹീന്ദ രാജപക്‌സെ നാലാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; അഭിനന്ദനം അറിയിച്ച് മോദി; ശ്രീലങ്കയെ ചൈനയുടെ ചതിക്കെണിയില്‍ നിന്നും രക്ഷിക്കേണ്ടത് ഇന്ത്യയുടെ ആവശ്യം; ചൈന ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യയെ

ശ്രീലങ്കയുടെ മുന്‍ രാഷ്ട്രപതി മഹീന്ദ രാജപക്‌സെ നാലാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തലസ്ഥാനമായ കൊളംബോയിലെ പ്രമുഖ ബുദ്ധക്ഷേത്രത്തില്‍ ഇളയ സഹോദരന്‍ പ്രസിഡന്റ് ഗോടബയ രാജപക്‌സെയുടെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 225 അംഗ പാര്‍ലമെന്റില്‍ 145 സീറ്റുകള്‍ രാജപക്‌സെ സഹോദരന്മാരുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക പീപ്പിള്‍സ് ഫ്രണ്ട് നേടിയിരുന്നു. പ്രധാന എതിരാളി നേടിയത് 54 സീറ്റുകള്‍ മാത്രമാണ്. ന്യൂനപക്ഷ തമിഴരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി 10 സീറ്റുകളും 16 ചെറിയ പാര്‍ട്ടികള്‍ 16 സീറ്റുകളും നേടി. മുന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയെ (യു.എന്‍.പി.)ക്കാണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. ഒറ്റ സീറ്റില്‍ മാത്രമാണ് യുഎന്‍പിക്ക് വിജയിക്കാനായത്. യുഎന്‍പി. പിളര്‍ത്തി മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികൂടിയായിരുന്ന സജിത് പ്രേമദാസ രൂപവത്കരിച്ച സമാഗി ജന ബലവേഗയാണ് (എസ്.ജെ.ബി).രണ്ടാം സ്ഥാനത്തുള്ളത്. ഇവര്‍ക്ക് 54 സീറ്റുകള്‍ ലഭിച്ചു.
രാജപക്‌സെ കുടുംബത്തിലെ അഞ്ച് അംഗങ്ങളാണ് ഇതോടെ ഭരണമുന്നണിയിലേക്ക് വരുന്നത് രാജപക്‌സെ, മകന്‍ നമല്‍, മൂത്ത സഹോദരന്‍ ചമല്‍, മകന്‍ ശശിന്ദ്ര, ഒരു മരുമകന്‍ നിപുന റാനവക. ഈ വിജയത്തോടെ രാജപക്‌സെ സഹോദരന്മാര്‍ക്ക് രാജ്യത്തെ ഭരണഘടനാ മാറ്റങ്ങള്‍ അനുകൂലമാക്കി മാറ്റാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനുള്ള സീറ്റുകളായി. ഇവരുടെ സഖ്യകക്ഷികള്‍ക്കും അഞ്ചു സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. രണ്ടു പതിറ്റാണ്ടുകളായി രാജപക്‌സെ കുടുംബം ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി വരുന്നുണ്ട്. 2005 മുതല്‍ 2015 വരെ മഹീന്ദ രാജപക്‌സെ ആയിരുന്നു പ്രസിഡന്റ്.
പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പാര്‍ട്ടി തയ്യാറെടുക്കുകയാണെന്ന് എസ്.എല്‍.പി.പി. സ്ഥാപകനും ദേശീയ സംഘാടകനുമായ ബേസില്‍ രാജപക്‌സെ പറഞ്ഞു. പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെയും പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെയും സഹോദരനാണ് ബേസില്‍. പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ലക്ഷമിട്ടത് പോലെ തന്നെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം തന്റെ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നു. അത്രയും ഭൂരിപക്ഷമുണ്ടെങ്കിലേ 2015ല്‍ ഭരണഘടനാഭേദഗതിയിലൂടെ തടഞ്ഞ പ്രസിഡന്റിന്റെ അധികാരങ്ങള്‍ അദ്ദേഹത്തിന് പുനഃസ്ഥാപിച്ചെടുക്കാന്‍പറ്റൂ. തിരഞ്ഞെടുപ്പ് വിജയത്തോടെ ഈ ലക്ഷ്യം അദ്ദേഹത്തിന് എളുപ്പത്തില്‍ നടപ്പാക്കാം.
ശ്രീലങ്കന്‍ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹീന്ദ രാജപക്‌സയെ അഭിനന്ദിച്ചു. മോദിയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങളും സുഹൃത്തുക്കളും ബന്ധുക്കളുമാണെന്നും മഹീന്ദ രാജപക്‌സെ മറുപടി നല്‍കി. മുമ്പ് രാജപക്‌സെ ചൈനയോട് വല്ലാതെ അടുത്തിയിരുന്നു. ചൈന നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കോളംബോ കേന്ദ്രകരിച്ചു നടത്തുകയും ചെയ്തു. ഇതോടെ ഇന്ത്യക്ക് വലിയ വെല്ലുവിളിയായിരുന്നു ശ്രീലങ്ക ചൈനീസ് ബന്ധം മാറി. എന്നാല്‍ ചൈനീസ് ചതി തിരിച്ചറിയാന്‍ ശ്രീലങ്ക വൈകിയിരുന്നു. വായ്പയും പലിശയും തിരിച്ചു നല്‍കാന്‍ ശ്രീലങ്കക്ക് സാധിക്കാതെ വന്നപ്പോള്‍ ശ്രീലങ്കയുടെ ദ്വീപുകള്‍ സ്വന്തമാക്കാന്‍ ചൈന ശ്രമിച്ചു. ഇതോടെ ശ്രീലങ്ക വീണ്ടും ഇ്ന്ത്യന്‍ സഹായത്തിനായി കൈനീട്ടി തുടങ്ങി.
പണത്തിന്റെ ഹുങ്കില്‍ ചൈനയ്ക്ക് ശ്രീലങ്കയില്‍ മേല്‍ക്കൈ നേടാമെങ്കിലും ഇന്ത്യയുടെ തന്ത്രപരമായ സ്ഥാനം ശ്രീലങ്കയ്ക്ക് തള്ളിക്കളയാനാവില്ല. ഇന്ത്യയുടെ കരുത്തിനെ മറികടക്കാന്‍ ചൈനയുടെ സൗഹൃദം കൊണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ രാജപക്‌സെ സഹോദരങ്ങള്‍ ഇന്ത്യയെ വെറുപ്പിച്ച് കൊണ്ടുള്ള തീരുമാനങ്ങളെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കുമെന്ന് ഉറപ്പാണ്. അതേസമയം മുന്‍പത്തെ പോലെ ശ്രീലങ്കയെ നിസാരമെന്ന രീതിയില്‍ കാണുവാന്‍ ഇന്ത്യയും തയ്യാറല്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ത്യയെ സംബന്ധിച്ച് അത്ര ശുഭകരമായിരുന്നില്ലെങ്കിലും, ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗോതാബയ രാജപകസെയെ നേരിട്ടെത്തി അഭിനന്ദിക്കുവാന്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രിയെ നരേന്ദ്രമോദി അയച്ചിരുന്നു. ഇതിന് പിന്നാലെ ഗോതാബയ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ന്യൂഡല്‍ഹിയിലെത്തുകയും ചെയ്തു. ഇന്ത്യയിലെത്തിയ ഗോതാബയ രാജപകസെക്ക് 450മില്യണ്‍ ഡോളറിന്റെ ധനസഹായം നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കയെ ചൈനയുടെ ചതിക്കെണിയില്‍ നിന്നും രക്ഷപ്പെടുത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. ശ്രീലങ്കയിലൂടെ ചൈന ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യയാണെന്ന തിരിച്ചറിവ് ഇന്ത്യക്കുള്ളതുകൊണ്ടാണിത്.
https://www.facebook.com/Malayalivartha