ബ്രിട്ടനിലെ സണ്‍ഡേ ടൈംസ് മുന്‍ എഡിറ്ററും റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ എഡിറ്റര്‍ അറ്റ് ലാര്‍ജുമായ ഹാരള്‍ഡ് എവന്‍സ് അരങ്ങൊഴിഞ്ഞു

ബ്രിട്ടനിലെ സണ്‍ഡേ ടൈംസ് മുന്‍ എഡിറ്ററും റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ എഡിറ്റര്‍ അറ്റ് ലാര്‍ജുമായ സര്‍ ഹാരള്‍ഡ് എവന്‍സ് (92) അന്തരിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തക ടിന ബ്രൗണ്‍ ആണു ഭാര്യ.
ബ്രിട്ടനെയും ലോകത്തെയും ഞെട്ടിച്ച താലിഡൊമൈഡ് മരുന്നുദുരന്തത്തിന്റെ ഉള്ളറകള്‍ തേടിയിറങ്ങിയ എവന്‍സ്, 1960-കളുടെ അവസാനം സണ്‍ഡേ ടൈംസിലൂടെ പുറത്തുകൊണ്ടുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. ഗര്‍ഭകാല ഛര്‍ദിക്കു ശമനത്തിനായി താലിഡൊമൈഡ് കഴിച്ച സ്ത്രീകള്‍ക്കു ഗുരുതര വൈകല്യങ്ങളുള്ള കുഞ്ഞുങ്ങള്‍ പിറന്നപ്പോള്‍ മരുന്നു കമ്പനിയില്‍ നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു വാര്‍ത്തകള്‍ നല്‍കി ജനാഭിപ്രായം സ്വരൂപിച്ചു. റഷ്യന്‍ ചാരക്കേസ്, ഡിസി-10 വിമാനാപകട സ്‌കൂപ്പുകള്‍, തിമത്തി ജോണ്‍സ് വധശിക്ഷയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയും എവന്‍സിനെ ലോകപ്രശസ്തനാക്കി.
1928 ജൂണ്‍ 28-ന്് ബ്രിട്ടനിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലാണു ജനനം. വെയ്ല്‍സ് സ്വദേശികളായ ഫ്രെഡജറിക് -മേരി ദമ്പതികളുടെ 4 ആണ്‍മക്കളില്‍ മൂത്തയാളായിരുന്നു എവന്‍സ്. റയില്‍വേയില്‍ എന്‍ജിന്‍ ഡ്രൈവറായ പിതാവും വീടിനോടു ചേര്‍ന്നു പലചരക്കുകട നടത്തിയിരുന്ന മാതാവും. അത്താഴമേശയില്‍ ലോകകാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്ന ആറംഗ കുടുംബം.
ആദ്യം ജോലി ചെയ്ത ആഷ്ടന്‍ അണ്ടര്‍ ലൈന്‍ റിപ്പോര്‍ട്ടര്‍ സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ട സാധാരണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ആഴ്ചപ്പത്രമായിരുന്നു. സൈനികസേവനവും കോളജ് പഠനവും കഴിഞ്ഞ് 'രാവും പകലും വാര്‍ത്തകള്‍ മിടിക്കുന്ന' മാഞ്ചസ്റ്റര്‍ നഗരത്തില്‍ പത്രപ്രവര്‍ത്തനമെന്ന ആവേശകരമായ അനുഭവത്തില്‍ മുഴുകുകയായിരുന്നു എവന്‍സ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ അദ്ദേഹം അടുത്തറിഞ്ഞത് 1956-57 കാലത്തെ യുഎസ് സന്ദര്‍ശനവേളയിലായിരുന്നു.
16-ാം വയസ്സില്‍ ആഷ്ടന്‍ അണ്ടര്‍ ലൈന്‍ റിപ്പോര്‍ട്ടറില്‍ പത്രപ്രവര്‍ത്തകനായി. 1967-ല്‍ സണ്‍ഡേ ടൈംസ് എഡിറ്റര്‍. 1981-ല്‍ മാധ്യമചക്രവര്‍ത്തി റൂപര്‍ട് മര്‍ഡോക് ഏറ്റെടുത്തതിനു ശേഷം ടൈംസ് എഡിറ്റര്‍ പദവിയിലേക്കു നിയോഗിക്കപ്പെട്ട എവന്‍സ് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പിന്നീടു രാജിവച്ചു. പിന്നാലെ അമേരിക്കയിലേക്കു താമസം മാറ്റി.
ബ്രിട്ടന്‍ വിട്ട് യുഎസില്‍ കുടിയേറിയ ശേഷം യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ടര്‍ എഡിറ്റോറിയല്‍ ഡയറക്ടറായി. കോന്‍ഡെ നാസ്റ്റ് ട്രാവലര്‍ മാഗസിന്‍ സ്ഥാപിച്ചു. ചിത്ര വിന്യാസം, രൂപകല്പന, ഉള്ളടക്കം തുടങ്ങി പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒട്ടേറെ ആധികാരിക ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്.
റാന്‍ഡം ഹൗസ് പ്രസാധക സ്ഥാപനത്തിന്റെ പ്രസിഡന്റും പബ്ലിഷറുമായി. മനോരമയുടെ 'ദ് വീക്ക്' ഇംഗ്ലിഷ് വാരികയില്‍ 'സ്ലംപ്ലേഷന്‍' എന്ന പംക്തി കൈകാര്യം ചെയ്തിരുന്നു.
പത്രപ്രവര്‍ത്തനത്തിലെ സമഗ്രസംഭാവനകള്‍ക്കു 2004-ല്‍ പ്രഭു പദവി നല്‍കി ബ്രിട്ടന്‍ ആദരിച്ചു.
ഗുഡ് ടൈംസ്, ബാഡ് ടൈംസ്, ദി അമേരിക്കന്‍ സെഞ്ചുറി, ദെയ് മെയ്ഡ് അമേരിക്ക, മൈ പേപ്പര്‍ ചേസ്: ട്രൂ സ്റ്റോറീസ് ഓഫ് വാനിഷ്ഡ് ടൈംസ് തുടങ്ങിയവയാണു പ്രധാന കൃതികള്‍.
https://www.facebook.com/Malayalivartha
























