പാലത്തിന് മറുപാലം; ചൈനയെ ചുരുട്ടിക്കെട്ടി മോദി; 500 ദശലക്ഷം ഡോളര്‍ പാക്കേജ്; മാലദ്വീപിന്റെ ഭാഗമായ മാകുനുതു ദ്വീപില്‍ ചൈന താവളമുറപ്പിക്കുന്നത് ഇന്ത്യയെ കൂടി ലക്ഷ്യമിട്ട്; ഇന്ത്യ മാലദ്വീപിനെ സഹായിക്കുന്നത് ഈ വെല്ലുവിളി ഒഴിവാക്കാന്‍

അയല്‍രാജ്യങ്ങളെ സ്വാധീനിച്ച് ഇന്ത്യയെ ഇല്ലാതാക്കുക. ചൈന കുറെ അധികം കാലമായി തുടരുന്ന തന്ത്രമാണ്. ഈ തന്ത്രത്തില്‍ വീണവരാണ് ശ്രീലങ്കയും മാലദ്വീപുകളും എല്ലാം. എന്നാല്‍ പിന്നീട് ചൈനയുടെ ചതി അവരുടെ സാമ്പത്തിക അടിത്തറ തന്നെ ഇല്ലാതാക്കിയപ്പോള്‍ തെറ്റ് ഏറ്റുപറഞ്ഞ് ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിക്കുന്നതും പിന്നീട് ലോകം കണ്ടു. അവരെ എല്ലാം സഹായിക്കുന്ന നിലപാടാണ് അപ്പോഴും ഇന്ത്യ സ്വീകരിച്ചത്. അത്തരത്തിലൊരു സാഹചര്യം തന്നെയാണ് ഇപ്പോള്‍ മാലദ്വീപിനും ഉണ്ടായിരിക്കുന്നത്. സഞ്ചാരികളുടെ പറുദീസയായ ഈ ദ്വീപ് സമൂഹം ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരുപോലെ നിര്‍ണായകമാണ്. ഇത്രയും ചെറിയ രാജ്യവുമായുളള സൗഹൃദത്തിന് ഇരുരാജ്യങ്ങളും വാശിയോടെ പണമെറിയുന്നതെന്തിനു പിന്നിലെ രഹസ്യം ഇങ്ങനെ.
ലോകത്തെ തന്നെ ചെറിയൊരു ദ്വീപുസമൂഹത്തിലേക്ക് ചൈന കാശെറിയുന്നത് വെറും സൗഹൃദത്തിന്റെ പുറത്തല്ല. മാലദ്വീപിലെ വെള്ളമണല്‍തരികളിലും ഹരിത നീലപൊയ്കകളിലും ഒരുപിടി പദ്ധതികള്‍ കൂടി സ്വപ്‌നം കണ്ടിട്ടാണ്. മാലദ്വീപില്‍ ആധിപത്യം ഉറപ്പിക്കുന്നതിനായി ഇവിടുത്തെ ധാരാളം കമ്പനികളില്‍ ചൈന നിക്ഷേപം നടത്തുന്നുമുണ്ട്. 2017 ല്‍ മാലദ്വീപുമായി സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പിട്ട ചൈന ദ്വീപില്‍ പുതിയ വിമാനത്താവളം ഉള്‍പ്പെട 17 വന്‍കിട പദ്ധതികളാണ് പൂര്‍ത്തിയാക്കിയത്. 2018 ലെ 'സൗഹൃദ'പ്പാലത്തിനു പിന്നാലെ പ്രസിഡന്റ് അബ്ദുല്ല യമീന്റെ കൂടി ആശീര്‍വാദത്തോടെ മാകുനുതു ദ്വീപില്‍ ഒരു സമുദ്ര നിരീക്ഷണ താവളം നിര്‍മിക്കാനുള്ള അനുവാദവും ചൈനയ്ക്കു ലഭിച്ചു. ലക്ഷ്വദീപിനു തൊട്ടടുത്തുള്ള മാകുനുതു ദ്വീപില്‍ ചൈന താവളമുറപ്പിക്കുന്നത് ഇന്ത്യയെ കൂടി ലക്ഷ്യമിട്ടാണെന്നതും സ്പഷ്ടം.
2018 ല്‍ തന്നെ യമീന്‍ സ്ഥാനഭ്രഷ്ടനായെങ്കിലും ദ്വീപില്‍ ചൈന നടത്തിയ നിക്ഷേപത്തിന്റെ കടക്കെണിയും മാലദ്വീപിന് ഒപ്പം ഏറ്റുവാങ്ങേണ്ടതായി വന്നു. രാജ്യത്തിന്റെ വരുമാനത്തില്‍ 70 ശതമാനത്തിലേറെ ചൈനയ്ക്കുളള വായ്പ മടക്കാന്‍ വേണ്ട ദുരവസ്ഥ. ചുരുക്കത്തില്‍ സൗഹൃദപാലമടക്കം ചൈനയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ മാലദ്വീപില്‍ വികസനത്തിനൊപ്പം നിറച്ചതു കുന്നോളം കടം.
തലസ്ഥാനമായ മാലെയും ഹുല്‍ഹുലെ വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന പാലം മാലദ്വീപ് മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുള്‍ ഗയൂമിന്റെ ആശയമായിരുന്നു. 1978 മുതല്‍ 2008 വരെ സ്വേച്ഛാധിപതിയെന്ന പോലെ മാലദ്വീപ് അടക്കിവാണ ഗയൂം രാജ്യത്ത് സ്വതന്ത്രമായി നടന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഈ വാഗ്ദാനം മുന്നോട്ടുവച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുല്ല യമീനാകട്ടെ ചൈനയുമായി കൈകോര്‍ത്ത് പാലം നിര്‍മാണം മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു.
ചൈനയില്‍ നിന്ന് മാലദ്വീപ് എത്രത്തോളം പണം കൈപ്പറ്റിയിട്ടുണ്ടെന്ന് കണ്ടെത്താന്‍ 2018 ല്‍ പ്രസിഡന്റായി അധികാരമേറ്റ ഇബ്രാഹിം മുഹമ്മദ് സോലിഹ് വളരെയധികം പണിപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. മാലദ്വീപിലെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറുടെ കണക്കു പ്രകാരം 600 ദശലക്ഷം ഡോളറാണ് മാലദ്വീപ് സര്‍ക്കാരിനു മാത്രം ചൈനയോട് കടമുള്ളത്. എന്നാല്‍ ഇതിനു പുറമേ സര്‍ക്കാരിന്റെ ഈടില്‍ മാലദ്വീപിലെ കമ്പനികള്‍ക്കായി 900 ദശലക്ഷം ഡോളറിന്റെ കൂടി വായ്പ ചൈന നല്‍കിയിട്ടുണ്ടെന്നാണു കണക്കുകള്‍.
രാജ്യത്തെ ജിഡിപിയുടെ പകുതിയില്‍ ഏറെയായിരിക്കും ചൈനയോടുള്ള കടമെന്നാണ് മുന്‍ പ്രസിഡന്റും നിലവിലെ ഭരണപക്ഷമായ മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷനുമായ മുഹമ്മദ് നഷീദ് പറയുന്നത്. ഇത് ഏതാണ്ട് 300 കോടി ഡോളര്‍ വരെയാകാമെന്നാണ് അദ്ദഹത്തിന്റെ വിലയിരുത്തല്‍. രാജ്യത്തെ മുഖ്യവരുമാനമാര്‍ഗമായ വിനോദസഞ്ചാരത്തിന് കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതം ഈ കടം അധികരിക്കാനും കാരണമായി.
ലോക ബാങ്കിന്റെ കണക്കുകള്‍ പ്രകാരം കോവിഡ് ഏറ്റവും മോശമായി ബാധിച്ച ദക്ഷിണേഷ്യന്‍ രാജ്യമാണ് മാലദ്വീപ്. രാജ്യാന്തര നാണ്യനിധിയുടെ കണക്കു പ്രകാരം വായ്പ ദുരിതത്തില്‍ 'ഹൈ റിസ്‌ക്' വിഭാഗത്തിലാണ് മാലദ്വീപിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 53 ശതമാനത്തോളം പ്രത്യക്ഷവായ്പ ഉണ്ടെന്നാണ് അവരുടെ കണക്ക്. വായ്പ തിരിച്ചടവിനു ചൈന സമ്മര്‍ദം ചെലുത്തുന്നതായും ഈ വര്‍ഷം അവസാനത്തോടെ 83 ദശലക്ഷം ഡോളര്‍ രാജ്യം തിരികെ അടയ്ക്കുമെന്നുമാണ് നഷീദ് പറയുന്നത്. 2021 ല്‍ 320 ദശലക്ഷം ഡോളറും നല്‍കും. അടുത്ത വര്‍ഷത്തെ സര്‍ക്കാരിന്റെ വരുമാനത്തില്‍ 53 ശതമാനവും വായ്പ തിരിച്ചടവിന് ഉപയോഗിക്കും. അതില്‍ 80 ശതമാനവും ചൈനയിലേക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു. താങ്ങാനാവാത്ത രീതിയില്‍ മാലദ്വീപിനു കടമുണ്ടെന്നാണ് നഷീദ് അടുത്തിടെ ട്വിറ്ററില്‍ കുറിച്ചത്. അപ്പനപ്പൂപ്പന്മാരുടെ സമ്പാദ്യം വിറ്റാലും വീട്ടാനാകാത്ത അത്ര എന്നാണ് കുറിപ്പ്.
മാലദ്വീപിലെ ചൈനീസ് ആധിപത്യം ഏറ്റവും അധികം അസ്വസ്ഥമാക്കുന്നത് മാലദ്വീപിന്റെ സുഹൃദ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യയെയാണ്. ചൈനയുമായി മാലദ്വീപിന്റെ സൗഹൃദം ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമോ എന്നാണ് ഇന്ത്യയുടെ നോട്ടം. അതിനാല്‍ തന്നെ ചൈനയുടെ 'സൗഹൃദ സേതു'വിനെ മറികടന്ന് മറ്റൊരു പാലം നിര്‍മിക്കുന്നതിനായി 500 ദശലക്ഷം ഡോളറിന്റെ പാക്കേജാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ സൈനികേതര സംരംഭ പദ്ധതിയായാണ് 6.7 കിലോമീറ്റര്‍ നീളമുള്ള ഈ ബദല്‍ പാലത്തെ ഇന്ത്യ കണക്കാക്കുന്നത്. തലസ്ഥാനമായ മാലെയെ തൊട്ടടുത്തുള്ള മൂന്ന് ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന പാലം നീളത്തിലും വീതിയിലും ചെലവിലും ചൈനയുടെ പാലത്തെ മറികടക്കുന്നതാകുമെന്നാണു പ്രഖ്യാപനം.
അടുത്തുകിടക്കുന്ന ദ്വീപുരാഷ്ട്രമെന്ന നിലയിലും ഒരേ വ്യോമാതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളെന്ന നിലയിലും ഇന്ത്യയ്‌ക്കെന്നും മാലദ്വീപ് സൗഹൃദപട്ടികയില്‍ ഒന്നാമതാണ്. 2004 ല്‍ സൂനാമി തിരമാലകള്‍ ആഞ്ഞടിച്ച വേളയില്‍ മാലദ്വീപിനു സഹായഹസ്തമേകാന്‍ വ്യോമസേനയെ അയയ്ക്കാനും ഇന്ത്യ മടിച്ചില്ല. മാലദ്വീപിലെ സുരക്ഷാക്രമീകരണങ്ങളിലും സാമ്പത്തികസായുധ ഇടപാടുകളിലും ഇന്ത്യയുടെ വ്യക്തമായ കയ്യൊപ്പുകള്‍ കാണാം. ഇന്ത്യ സായുധസഹായങ്ങളും മാലദ്വീപിനു നല്‍കുന്നുണ്ട്. 2006 ല്‍ 46 മീറ്റര്‍ നീളമുള്ള അതിവേഗ പ്രഹരശേഷിയുള്ള ജലയാനവും മാലദ്വീപ് തീരസേനയ്ക്ക് ഇന്ത്യന്‍ നാവിക സേന സമ്മാനമായി നല്‍കി. ദ്വീപിലെ റിസോര്‍ട്ടുകളില്‍ ഭീകരരുടെ ഭീഷണിയുണ്ടാകാമെന്ന സൂചന ലഭിച്ചപ്പോള്‍ 2009 ല്‍ മാലദ്വീപ് സര്‍ക്കാര്‍ ഇന്ത്യയെ സമീപിച്ചിരുന്നു. തുടര്‍ന്ന് മാലദ്വീപിന് ആവശ്യമായ സായുധസഹായങ്ങളും ഇന്ത്യ നല്‍കിവരുന്നു.
ഇങ്ങനെ ഇന്ത്യയുടെ സൗഹൃദത്തണലില്‍ തുടരവേ 2013 ല്‍ അബ്ദുല്ല യമീന്‍ അധികാരത്തില്‍ എത്തിയതോടെയാണ് ഇന്ത്യയുമായുണ്ടായിരുന്ന മാലദ്വീപിന്റെ അടുപ്പം ചൈനയിലേക്കു കൂറുമാറ്റം നടത്തുന്നത്. യമീന്റെ ഭരണത്തില്‍ മാലദ്വീപും ബെയ്ജിങ്ങും അടുത്ത സുഹൃത്തുക്കളായി. 2014 ല്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ മാലദ്വീപിലേക്ക് ചരിത്രസന്ദര്‍ശനം നടത്തി. ആദ്യമായാണ് അന്ന് ഒരു ചൈനീസ് പ്രസിഡന്റ് മാലദ്വീപിലേക്ക് എത്തിയത്.
എന്നാല്‍ 2018 ല്‍ യമീനെ പരാജയപ്പെടുത്തി മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഇബ്രാഹിം മുഹമ്മദ് സോലിഹ് പ്രസിഡന്റായതോടെ മാലദ്വീപ് ന്യൂഡല്‍ഹിയുമായി കൈകോര്‍ത്തു. ഊഷ്മള സൗഹൃദം തിരികെയെത്തിയതിന്റെ ഭാഗമായി 250 ദശലക്ഷം ഡോളറാണ് കോവിഡ് പ്രതിസന്ധിയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യ മാലദ്വീപിന് അടുത്തിടെ കടമായി നല്‍കിയത്. എന്നാല്‍ മാലദ്വീപുമായി ബന്ധം അരക്കിട്ട് ഉറപ്പിക്കാന്‍ കോടികള്‍ മുടക്കി ചൈന നിര്‍മിച്ച 'സൗഹൃദ പാലം' ഈ ബന്ധത്തില്‍ വിനയാകുമോ എന്നതാണ് ഇന്ത്യയെ അസ്വസ്ഥമാക്കുന്നത്. ഇത് മുന്നില്‍ കണ്ടു തന്നെയാണ് 500 ദശലക്ഷം ഡോളറിന്റെ പാക്കേജ് ഇന്ത്യ മാലദ്വീപുകള്‍ അനുവദിച്ചത്.
https://www.facebook.com/Malayalivartha


























