ചൈനയെ വെട്ടിച്ച് വിനോദസഞ്ചാരികളുടെ പറുദീസയായ മാലദ്വീപിനെ കൂട്ടുപിടിക്കാൻ ഇന്ത്യ; ഇത്രയും ചെറിയ രാജ്യവുമായുളള സൗഹൃദത്തിന് ഇരുരാജ്യങ്ങളും വാശിയോടെ പണമെറിയുന്നതെന്തിന്, നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ട്

വിനോദസഞ്ചാരികളുടെ പറുദീസയായ മാലദ്വീപ് അഥവാ റിപ്പബ്ലിക് ഓഫ് മാൽദീവ്സ് എങ്ങനെയാണ് ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ പ്രാധാന്യമർഹിക്കുന്ന ഒരു സ്ഥലം ആയി മാറുന്നത്. സഞ്ചാരികളുടെ ഈ പറുദീസ എങ്ങനെ ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരുപോലെ നിർണായകുന്നു. ഇത്രയും ചെറിയ രാജ്യവുമായുളള സൗഹൃദത്തിന് ഇരുരാജ്യങ്ങളും വാശിയോടെ പണമെറിയുന്നതെന്തിന് ഇതരത്തിൽ ഉള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം അനവധിയാണ്.മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിൽ അവരുടെ രാജ്യാന്തര വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന പ്രൗഢഗംഭീരമായ ഒരു പാലം 2018 ൽ പണിതു. ‘ചൈന– മാലദ്വീപ് സൗഹൃദ പാല’മെന്നു വിളിപ്പേരുള്ള ഈ പാലത്തിനായി മാലദ്വീപിലേക്ക് ബെയ്ജിങ്ങിൽ നിന്ന് ഒഴുകിയെത്തിയത് 200 ദശലക്ഷം ഡോളർ. ‘മാലദ്വീപ് ജനതയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിച്ച ചൈനയിലെ സർക്കാരിന് അഭിവാദ്യം അർപ്പിക്കുന്നു’ –പാലത്തിന്റെ ഉദ്ഘാടന ദിനം അന്നത്തെ പ്രധാനമന്ത്രിയായ അബ്ദുല്ല യമീൻ പറഞ്ഞു.
തലസ്ഥാനമായ മാലെയും ഹുൽഹുലെ വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന പാലം മാലദ്വീപ് മുൻ പ്രസിഡന്റ് മൗമൂൻ അബ്ദുൾ ഗയൂമിന്റെ ആശയമായിരുന്നു. 1978 മുതൽ 2008 വരെ സ്വേച്ഛാധിപതിയെന്ന പോലെ മാലദ്വീപ് അടക്കിവാണ ഗയൂം രാജ്യത്ത് സ്വതന്ത്രമായി നടന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഈ വാഗ്ദാനം മുന്നോട്ടുവച്ചത്. എന്നാൽ തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുല്ല യമീനാകട്ടെ ചൈനയുമായി കൈകോർത്ത് പാലം നിർമാണം മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു.
വിമാനത്താവളം മാത്രമല്ല തൊട്ടടുത്ത ആൾത്താമസമുള്ള ദ്വീപായ ഹൽഹുമാലെയുമായും മാലെയെ ഈ പാലം ബന്ധിപ്പിക്കുന്നു. ന്യൂയോർക്കിന്റെ സെൻട്രൽ പാർക്കിനേക്കാൾ വിസ്തീർണം കുറഞ്ഞ മാലെയിൽ ഒന്നര ലക്ഷത്തോളം പേരാണ് താമസം. ഈ കണക്കെടുത്താൽ രാജ്യത്തിന്റെ മൂന്നിലൊന്നു വരുന്ന ജനസംഖ്യ തലസ്ഥാനദ്വീപിലാണ് എന്നർഥം. മാലെയിലെ ജനപ്പെരുപ്പം കുറയ്ക്കാനാണ് 1997ൽ ഹുൽഹുമാലെ എന്ന ജനവാസ ദ്വീപിനു രൂപം നൽകിയതും. വൻതോതിൽ ഭൂമി വികസന നടപടികൾ സ്വീകരിച്ചാണ് ഹുൽഹുമാലെ ജലോപരിതലത്തിൽ പരന്നതും.
നിലവിൽ അരലക്ഷത്തോളം പേർ ഹുൽഹുമാലെ ദ്വീപിലുണ്ട്. സ്ഥാപിതമായതു മുതൽ ഹുൽഹുമാലെയിൽ നിന്ന് മാലെയിലേക്ക് എത്താൻ കടത്തുവള്ളം മാത്രമായിരുന്നു ആശ്രയം. നേരിട്ട് 20 മിനിറ്റ് വേണ്ടിടത്ത് മണിക്കൂറുകളോളം സഞ്ചരിച്ചാണ് ഇവിടെയുള്ളവർ മാലെയിൽ എത്തിയത്. പാലം വന്നത് ആശ്വാസമായെങ്കിലും അതിന്റെ സാങ്കേതികത്വത്തിനും ചെലവിനുമെതിരെ അങ്ങിങ്ങ് വിമർശനം ഉയരുന്നുണ്ട്. ദുർബലമായ പവിഴപ്പുറ്റുകളിൽ പാലത്തിനു നിലയുറപ്പിക്കാനാകുമോ എന്നും ടോൾപിരിവിലൂടെ മാത്രം പാലത്തിന്റെ നിർമാണച്ചെലവ് മടക്കി ലഭിക്കില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം.
ലോകത്തെ തന്നെ ചെറിയൊരു ദ്വീപുസമൂഹത്തിലേക്ക് ചൈന കാശെറിയുന്നത് വെറും സൗഹൃദത്തിന്റെ പുറത്തല്ല. മാലദ്വീപിലെ വെള്ളമണൽതരികളിലും ഹരിത നീലപൊയ്കകളിലും ഒരുപിടി പദ്ധതികൾ കൂടി സ്വപ്നം കണ്ടിട്ടാണ്. മാലദ്വീപിൽ ആധിപത്യം ഉറപ്പിക്കുന്നതിനായി ഇവിടുത്തെ ധാരാളം കമ്പനികളിൽ ചൈന നിക്ഷേപം നടത്തുന്നുമുണ്ട്. 2017 ൽ മാലദ്വീപുമായി സ്വതന്ത്രവ്യാപാരക്കരാർ ഒപ്പിട്ട ചൈന ദ്വീപിൽ പുതിയ വിമാനത്താവളം ഉൾപ്പെട 17 വൻകിട പദ്ധതികളാണ് പൂർത്തിയാക്കിയത്. 2018 ലെ ‘സൗഹൃദ’പ്പാലത്തിനു പിന്നാലെ പ്രസിഡന്റ് അബ്ദുല്ല യമീന്റെ കൂടി ആശീർവാദത്തോടെ മാകുനുതു ദ്വീപിൽ ഒരു സമുദ്ര നിരീക്ഷണ താവളം നിർമിക്കാനുള്ള അനുവാദവും ചൈനയ്ക്കു ലഭിച്ചു. ലക്ഷ്വദീപിനു തൊട്ടടുത്തുള്ള മാകുനുതു ദ്വീപിൽ ചൈന താവളമുറപ്പിക്കുന്നത് ഇന്ത്യയെ കൂടി ലക്ഷ്യമിട്ടാണെന്നതും സ്പഷ്ടം.
2018 ൽ തന്നെ യമീൻ സ്ഥാനഭ്രഷ്ടനായെങ്കിലും ദ്വീപിൽ ചൈന നടത്തിയ നിക്ഷേപത്തിന്റെ കടക്കെണിയും മാലദ്വീപിന് ഒപ്പം ഏറ്റുവാങ്ങേണ്ടതായി വന്നു. രാജ്യത്തിന്റെ വരുമാനത്തിൽ 70 ശതമാനത്തിലേറെ ചൈനയ്ക്കുളള വായ്പ മടക്കാൻ വേണ്ട ദുരവസ്ഥ. ചുരുക്കത്തിൽ സൗഹൃദപാലമടക്കം ചൈനയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ മാലദ്വീപിൽ വികസനത്തിനൊപ്പം കടവും കയറി.
ചൈനയിൽ നിന്ന് മാലദ്വീപ് എത്രത്തോളം പണം കൈപ്പറ്റിയിട്ടുണ്ടെന്ന് കണ്ടെത്താൻ 2018 ൽ പ്രസിഡന്റായി അധികാരമേറ്റ ഇബ്രാഹിം മുഹമ്മദ് സോലിഹ് വളരെയധികം പണിപ്പെട്ടെന്നാണ് റിപ്പോർട്ട്. മാലദ്വീപിലെ സെൻട്രൽ ബാങ്ക് ഗവർണറുടെ കണക്കു പ്രകാരം 600 ദശലക്ഷം ഡോളറാണ് മാലദ്വീപ് സർക്കാരിനു മാത്രം ചൈനയോട് കടമുള്ളത്. എന്നാൽ ഇതിനു പുറമേ സർക്കാരിന്റെ ഈടിൽ മാലദ്വീപിലെ കമ്പനികൾക്കായി 900 ദശലക്ഷം ഡോളറിന്റെ കൂടി വായ്പ ചൈന നൽകിയിട്ടുണ്ടെന്നാണു കണക്കുകൾ. ഈ വായ്പകൾ മാലദ്വീപ് എങ്ങനെ തിരിച്ചടയ്ക്കുമെന്നതിൽ വലിയ ആശങ്കയുണ്ടെന്നാണ് ഓസ്ട്രേലിയൻ നാഷനൽ സർവകലാശാലയിലെ സീനിയർ റിസർച്ച് ഫെലോയായ ഡേവിഡ് ബ്രൂസ്റ്റർ ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞത്. ചൈന പണം മുടക്കിയ പല പദ്ധതികളും മാലദ്വീപിനു സാമ്പത്തികമായി ഗുണം ചെയ്യില്ല എന്നതാണ് ഇതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
മാലദ്വീപിലെ ചൈനീസ് ആധിപത്യം ഏറ്റവും അധികം അസ്വസ്ഥമാക്കുന്നത് മാലദ്വീപിന്റെ സുഹൃദ് പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യയെയാണ്. ചൈനയുമായി മാലദ്വീപിന്റെ സൗഹൃദം ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമോ എന്നാണ് ഇന്ത്യയുടെ നോട്ടം. അതിനാൽ തന്നെ ചൈനയുടെ ‘സൗഹൃദ സേതു’വിനെ മറികടന്ന് മറ്റൊരു പാലം നിർമിക്കുന്നതിനായി 500 ദശലക്ഷം ഡോളറിന്റെ പാക്കേജാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ സൈനികേതര സംരംഭ പദ്ധതിയായാണ് 6.7 കിലോമീറ്റർ (4.1 മൈൽ) നീളമുള്ള ഈ ബദൽ പാലത്തെ ഇന്ത്യ കണക്കാക്കുന്നത്. തലസ്ഥാനമായ മാലെയെ തൊട്ടടുത്തുള്ള മൂന്ന് ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന പാലം നീളത്തിലും വീതിയിലും ചെലവിലും ചൈനയുടെ പാലത്തെ മറികടക്കുന്നതാകുമെന്നാണു പ്രഖ്യാപനം.
https://www.facebook.com/Malayalivartha


























