കല്യാണം കഴിച്ചാലും പഠനം കഴിഞ്ഞിട്ടേ ഉള്ളൂ മറ്റെന്തും, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി മലാല, ഭര്‍ത്താവുമൊത്തുള്ള ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി പാക്കിസ്ഥാന്‍ ആക്ടിവിസ്റ്റ് മലാല യൂസഫ്‌സായ് .താന്‍ ബിരുദം നേടിയ സന്തോഷം തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മലാല പങ്കുവെച്ചത്. ഫിലോസഫി, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് മലാല ബിരുദം നേടിയത്. കോവിഡ് മഹാമാരി മൂലം വൈകിയ ബിരുദദാന ചടങ്ങിലെ ചിത്രങ്ങള്‍ മലാല കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പങ്കുവച്ചിരുന്നു. തന്റെ നേട്ടം ആഘോഷിക്കാന്‍ പരിപാടിയില്‍ പങ്കെടുത്ത ഭര്‍ത്താവ് മാലിക്കിനൊപ്പമുള്ള ഒരു ഫോട്ടോയും മലാല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
മലാലയുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫ്സായിയും സന്തോഷ നിമിഷത്തിലെ ചില ഫോട്ടോകള്‍ ട്വിറ്ററില്‍ പങ്കിട്ടിട്ടുണ്ട്. ''സന്തോഷത്തിന്റെയും നന്ദിയുടെയും നിമിഷം. മലാല ഔദ്യോഗികമായി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി'' അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെയുള്ള അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.
അടുത്തിടെ സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് അസറും മലാലയും വിവാഹിതരായത്. ''ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും (മാലിക്) ജീവിത പങ്കാളികളാകുന്നു'' എന്ന പോസ്റ്റിലൂടെയാണ് മലാല സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി നിലകൊണ്ടതിന് 2012 ല്‍ പതിനഞ്ചാം വയസ്സില്‍ പാക്ക് താലിബാന്‍ ഭീകരരുടെ വെടിയേറ്റു ഗുരുതരമായി പരുക്കേറ്റതോടെയാണ് മലാല ലോകശ്രദ്ധ നേടിയത്. തുല്യവിദ്യാഭ്യാസ അവകാശത്തിനു വേണ്ടി 16-ാം വയസ്സില്‍ യുഎന്നില്‍ പ്രസംഗിച്ചു. 2014ല്‍ പതിനേഴാം വയസ്സില്‍ നൊബേല്‍ സമ്മാനം ലഭിച്ചു. മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബര്‍ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു.
https://www.facebook.com/Malayalivartha


























