നോക്കണ്ടെടാ...ഞാൻ പൂച്ച തന്നെയാ!! ഇതാണ് ലോകത്തിലെ ഏറ്റവും വലിയ പൂച്ച; ബുദ്ധിശക്തിയിലും കേമൻ, വലുപ്പം രണ്ടിരട്ടിയിലധികം: പക്ഷേ ഇവന്റെ ഈ സ്വഭാവം മാത്രം ഉടമയ്ക്ക് അംഗീകരിക്കാനാകില്ല...

ഒരു പൂച്ചയെ കണ്ടതിന്റെ അമ്പരപ്പിലാണിപ്പോൾ നെറ്റിസൻസ്. ഒരു പൂച്ചയെ കണ്ടിത്ര അത്ഭുതപ്പെടാൻ എന്തിരിക്കുന്നു എന്നാണെങ്കിൽ ഇതൊരു സാധാരണ പൂച്ചയല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂച്ചയാണ്. റഷ്യക്കാരിയായ യൂലിയ മിനിനയുടെ ഒസ്കോളിലെ വീട്ടിലാണ് കെഫിർ എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമൻ പൂച്ചയുള്ളത്. പൂച്ചയാണെങ്കിലും കെഫിറിനെ ആദ്യം കാണുന്നവർ ഒറ്റനോട്ടത്തിൽ നായയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. കാരണം അത്ര വലുപ്പമാണ് ഈ മിടുക്കന്.
ഈ പൂച്ചയ്ക്ക് ഇനിയും പൂർണ വളർച്ചയെത്തിയിട്ടില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം. അതായത് രണ്ടു വയസിൽ താഴെ മാത്രം പ്രായമുള്ള കെഫിറിന് ഇനിയും വലുപ്പം വയ്ക്കാൻ സാധ്യതയുണ്ട്. മെയ്ൻ കൂൺ ഇനത്തിൽപ്പെട്ട കെഫിറിനെ തീരെ കുഞ്ഞായിരിക്കുമ്പോഴാണ് യൂലിയ വീട്ടിലേക്ക് കൊണ്ടുവന്നത്. മാസങ്ങൾ കഴിയുംതോറും കെഫിറിന്റെ വലുപ്പം കണ്ട് താൻ തന്നെ അദ്ഭുതപ്പെട്ടു പോയതായി യൂലിയ പറയുന്നു. വലുപ്പത്തിൽ മാത്രമല്ല ബുദ്ധിശക്തിയിലും കെഫിർ വേറിട്ട് നിൽക്കും. തൂവെള്ള നിറത്തിൽ നിറയെ രോമങ്ങളുള്ള പൂച്ചക്കുട്ടിയെ എടുത്തുകൊണ്ട് നിൽക്കുന്നതിന്റെ ധാരാളം ചിത്രങ്ങളും യൂലിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
എന്നാൽ പൂച്ചയുടെ യഥാർത്ഥ വലുപ്പം എത്രയാണെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും സാധാരണ വളർത്തു പൂച്ചകളുടെ രണ്ടിരട്ടിയിലധികം വലുപ്പം കെഫിറിനുണ്ടെന്ന് ചിത്രങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. കെഫിർ ഒരു പഞ്ചപാവത്താനാണെന്നാണ് യൂലിയ പറയുന്നത്. പൊതുവേ ശാന്ത സ്വഭാവക്കാരനായ കെഫിർ വീട്ടിൽ എത്തുന്നവരോട് സൗമ്യമായി മാത്രമേ പെരുമാറാറുമുള്ളൂ. യൂലിയയെ കാണാനെത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളും കൂടുതൽ സമയവും കെഫിറിനൊപ്പം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഒറ്റ കാര്യത്തിൽ മാത്രമേ കെഫിർ യൂലിയയെ ബുദ്ധിമുട്ടാറുള്ളു.
ചെറിയ പ്രായത്തിൽ യൂലിയയുടെ ശരീരത്തിൽ കിടന്നുറങ്ങിയ ശീലം ഇനിയും പൂർണമായി മാറ്റാൻ തയാറായിട്ടില്ല. വലുപ്പത്തിനൊത്ത ഭാരവുമുള്ളതുമൂലം കെഫിറിനെ ശരീരത്തിൽ കിടത്തിയുറക്കുന്നത് അത്ര സുഖമുള്ള ഏർപ്പാടല്ലെന്നും യൂലിയ പറയുന്നു. വളർത്തു പൂച്ചകളിൽ ഏറ്റവും വലുപ്പം വയ്ക്കുന്ന ഇനമാണ് മെയ്ൻ കൂൺ പൂച്ചകൾ. എന്നാൽ അവയിൽ തന്നെ കെഫിറിനോളം വലുപ്പമുള്ളവ അപൂർവമാണ്. അമേരിക്കയിലെ മെയ്നിൽ നിന്നും ഉള്ളവയായതിനാലാണ് ഇവയ്ക്ക് മെയ്ൻ കൂൺ എന്ന പേരു കിട്ടിയത്.
https://www.facebook.com/Malayalivartha






















