യുക്രെയ്‌നില്‍ നിന്നുളള അഭയാര്‍ത്ഥികളുടെ എണ്ണം നാല് ലക്ഷത്തോട് അടുക്കുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് യു.എന്‍

റഷ്യയുടെ അധിനിവേശം നടക്കുന്ന യുക്രെയ്‌നില്‍ നിന്നുളള അഭയാര്‍ത്ഥികളുടെ എണ്ണം നാല് ലക്ഷത്തോട് അടുക്കുന്നതായി ഐക്യരാഷ്‌ട്ര സഭ. യുഎന്‍ അഭയാര്‍ത്ഥി വിഭാഗം ഹൈക്കമ്മീഷണറാണ് ഞെട്ടിക്കുന്ന ഈ കണക്കുകള്‍ പുറത്തുവിട്ടത്. യുദ്ധം തുടങ്ങി നാല് ദിവസത്തിനുളളിലാണ് ഇത്രയം അഭയാര്‍ത്ഥികളെന്നതാണ് ഏറെ ഗൗരവകരം.
നിലവിലെ കണക്ക് പ്രകാരം 368,000 അഭയാര്‍ത്ഥികളാണ് ഉളളതെന്ന് യുഎന്‍ വ്യക്തമാക്കുന്നു. ഏതാനും മണിക്കൂറുകള്‍ക്കുളളില്‍ ഇത് നാല് ലക്ഷം കടക്കും. നഗരങ്ങളില്‍ നിന്നും ടൗണുകളില്‍ നിന്നുമാണ് കൂട്ടപ്പലായനം ഉണ്ടായിരിക്കുന്നത്. പോളണ്ടിലേക്കും യൂറോപ്യന്‍ യൂണിയനിലേക്കും കടക്കാനാണ് അഭയാര്‍ത്ഥികളില്‍ മിക്കവരും ശ്രമിക്കുന്നത്. പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ലിവിവ് റെയില്‍വേ സ്‌റ്റേഷനില്‍ അഭയാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഒന്നര ലക്ഷത്തോളം പേര്‍ ഇതിനോടകം പോളണ്ട് അതിര്‍ത്തി കടന്നതായി കണക്കുകള്‍ പറയുന്നു. 43,000 പേര്‍ റൊമാനിയ അതിര്‍ത്തിയും കടന്നിട്ടുണ്ട്. ആക്രമണം മൂന്നാം ദിനം പിന്നിടുമ്ബോള്‍ 210 യുക്രെയ്ന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ ഓംബുഡ്‌സ്മാന്‍ ലിയൂഡ്മില ഡെനിസോവ വ്യക്തമാക്കി. ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു.
തലസ്ഥാനമായ കീവിലെ വീടുകളില്‍ നിന്നും പുരുഷന്‍മാര്‍ ഒഴികെയുളളവരാണ് കൂടുതലും പലായനം ചെയ്യുന്നത്. പുരുഷന്‍മാര്‍ റഷ്യയോട് പൊരുതാന്‍ ഇവിടെ തന്നെ നില്‍ക്കണമെന്നും ആയുധങ്ങള്‍ നല്‍കുമെന്നും യുക്രെയ്ന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.
https://www.facebook.com/Malayalivartha





















