റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ താത്പര്യമുള്ള വിദേശികളെ ക്ഷണിച്ച് സെലന്‍സ്‌കി സര്‍ക്കാര്‍; വിദേശികള്‍ക്ക് വിസയില്ലാതെ രാജ്യത്തെത്താന്‍ അവസരമൊരുക്കാൻ തയ്യാറായി അധികൃതർ! റഷ്യന്‍ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പടക്കളത്തിലേക്കിറങ്ങാന്‍ സന്നദ്ധരാകുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈന്

റഷ്യ യുക്രൈൻ പോരാട്ടം തുടരുന്ന സാഹചര്യത്തിൽ വ്യത്യസ്തമായ നിലപാടുകളാണ് യുക്രൈൻ സ്വീകരിക്കുന്നത്. ഇപ്പോഴിതാ റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ താത്പര്യമുള്ള വിദേശികളെ ക്ഷണിച്ച് യുക്രൈന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. യുദ്ധം ചെയ്യാന്‍ താത്പര്യമുള്ള വിദേശികള്‍ക്ക് അതിനുള്ള അവസരമൊരുക്കുകയാണ് സെലന്‍സ്‌കി സര്‍ക്കാര്‍ ഒരുങ്ങുന്നത്. വിദേശികള്‍ക്ക് വിസയില്ലാതെ തന്നെ രാജ്യത്തെത്താന്‍ അവസരമൊരുക്കാമെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
അതോടൊപ്പം തന്നെ റഷ്യന്‍ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പടക്കളത്തിലേക്കിറങ്ങാന്‍ സന്നദ്ധരാകുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈന്‍ അറിയിക്കുകയുണ്ടായി. വിസ താത്കാലികമായി എടുത്ത് കളയാനുള്ള ഉത്തരവില്‍ സെലന്‍സ്‌കി ഒപ്പുവെച്ചെന്നാണ് ലഭ്യമാകുന്ന വിവരം.
അങ്ങനെ ഇന്ന് മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതാണ്. രാജ്യത്തെ സൈനിക നിയമം പിന്‍വലിക്കുന്നത് വരെ ഉത്തരവ് തുടരുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പ് വെച്ചതിന് പിന്നാലെയാണ് വിസ നടപടി ക്രമങ്ങളിലെ പുതിയ ഭേദഗതി അദ്ദേഹം രാജ്യത്ത് നടപ്പാക്കുന്നത്.
https://www.facebook.com/Malayalivartha




















