പുടിന്റെ വെല്ലുവിളി... റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതി നിരോധിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തിരിച്ചടി നല്‍കി പുടിന്‍; ഇന്ധനവില ബാരലിന് 300 ഡോളറാകുമെന്ന് താക്കീത്; കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ജര്‍മനിയിലേക്കുള്ള എണ്ണ പൈപ്പ് ലൈന്‍ അടയ്ക്കുമെന്ന് ഭീഷണി

യുക്രെയിനിലെ റഷ്യന്‍ യുദ്ധത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് അമേരിക്ക. റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതി നിരോധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചത്. നിരോധനം വഴിയുണ്ടാകുന്ന ഇന്ധനവിലക്കയറ്റം പരമാവധി തടയുമെന്നും ബൈഡന്‍ പ്രഖ്യാപിച്ചു. ലോകത്തിനാകെ യുക്രെയിന്‍ പ്രചോദനമാണ്. യുക്രെയിനിലെ റഷ്യന്‍ ആക്രമണത്തില്‍ റഷ്യയ്‌ക്കെതിരായ സാമ്പത്തികമായുളള ഉപരോധങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ബൈഡന്റെ പ്രഖ്യാപനം.
അതേസമയം ബ്രിട്ടനും റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതി നിരോധിക്കാന്‍ ഒരുങ്ങുന്നതായാണ് വിവരം. ഉടന്‍ തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനയുണ്ട്. അമേരിക്കയിലേക്കുളള ഇറക്കുമതി 10 ശതമാനം മാത്രമാണ്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ബഹുഭൂരിപക്ഷം എണ്ണ ഇറക്കുമതി ചെയ്യുന്നതും റഷ്യയില്‍ നിന്നാണ്.
അതേസമയം ബൈഡന്റെ നടപടിയില്‍ അനുഭവിക്കുന്നത് ജനങ്ങളാണ്. യുഎസില്‍ ഇന്നലെ പെട്രോള്‍ വില ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഗ്യാലന് ശരാശരി 4.173 ഡോളര്‍ എന്നതായിരുന്നു ഇന്നലത്തെ വില. റഷ്യയ്ക്കു മേല്‍ യുഎസ് ഉള്‍പ്പെടെ രാജ്യങ്ങള്‍ നടപ്പാക്കിയ ഉപരോധങ്ങളാണ് ഇതിനു വഴിവച്ചത്.
പുടിനും നിലപാട് കടുപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ജര്‍മനിയിലേക്കുള്ള എണ്ണ പൈപ്പ് ലൈന്‍ അടയ്ക്കുമെന്നും ഇന്ധനവില ബാരലിന് 300 ഡോളര്‍വരെയാകുമെന്നും റഷ്യ താക്കീത് നല്‍കി. ഇതിനിടെ, യുക്രെയ്ന്‍ യുദ്ധം തുടങ്ങിയ ശേഷം വന്‍ ഇടിവ് നേരിട്ട റൂബിള്‍ സ്ഥിരത നേടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം ഇതുവരെ ഡോളറുമായുള്ള താരതമ്യത്തില്‍ റൂബിളിന് 40% വിലയിടിഞ്ഞു.
യുദ്ധത്തെത്തുടര്‍ന്ന് റഷ്യയില്‍ പ്രവര്‍ത്തനം മരവിപ്പിച്ച വിദേശ കമ്പനികളുടെ ഫാക്ടറികള്‍ ദേശസാല്‍ക്കരിക്കണമെന്ന് റഷ്യയിലെ ഭരണ പാര്‍ട്ടിയായ യുണൈറ്റഡ് റഷ്യയുടെ ജനറല്‍ കൗണ്‍സില്‍ സെക്രട്ടറി ആന്ദ്രേ തുര്‍ചാക് നിര്‍ദേശിച്ചു. ടൊയോട്ട, നൈക്കി തുടങ്ങി ഒട്ടേറെ ആഗോള കമ്പനികള്‍ റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്.
ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ചില്‍ നിക്കല്‍ ലോഹത്തിന്റെ വില മണിക്കൂറുകള്‍ക്കുള്ളില്‍ കുതിച്ചുയര്‍ന്ന് ഇരട്ടിയായി. ഈ ലോഹത്തിന്റെ ഏറ്റവും വലിയ ഉല്‍പാദകരും വിതരണക്കാരും റഷ്യയാണ്. ടണ്ണിന് 101,365 ഡോളറാണ് ഇന്നലത്തെ ഉയര്‍ന്ന വില. തുടര്‍ന്ന് താല്‍ക്കാലികമായി ട്രേഡിങ് നിര്‍ത്തി.
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയിലെ വ്യവസായ പ്രമുഖര്‍, രാഷ്ട്രീയക്കാര്‍, റഷ്യയുടെ സഖ്യരാഷ്ട്രമായ ബെലാറൂസിലെ 3 ബാങ്കുകള്‍ എന്നിവര്‍ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍. ഇതിന്റെ കരടിന് യൂറോപ്യന്‍ യൂണിയന്‍ എക്‌സിക്യൂട്ടീവ് രൂപം നല്‍കി. ബെലാറൂസിലെ ബാങ്കുകളെ സ്വിഫ്റ്റ് സംവിധാനത്തില്‍ നിന്നു പുറത്താക്കിയേക്കും.
നിലവില്‍ അമേരിക്ക ഉപരോധം പ്രഖ്യാപിക്കും മുന്‍പ് തന്നെ എണ്ണവിലയില്‍ ആഗോളതലത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 30 ശതമാനം വിലവര്‍ദ്ധിച്ച് നിലവില്‍ ബ്രന്റ് ക്രൂഡോയിലിന് 130 ഡോളറോളമാണ് വില ഉയര്‍ന്നത്. റഷ്യ എണ്ണ കയറ്റുമതി ചെയ്യുന്നതില്‍ ഏറ്റവുമധികവും ചൈനയിലേക്കാണ്. 32.8 ശതമാനമാണ് ചൈനയുടെ പങ്ക്. അമേരിക്ക 1.3 ശതമാനം മാത്രമാണ് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്.
വന്‍കിട ഊര്‍ജ കമ്പനിയായ ഷെല്‍, റഷ്യയില്‍ നിന്നുള്ള എണ്ണ, പാചകവാതകം എന്നിവ വാങ്ങില്ലെന്ന് അറിയിച്ചു. റഷ്യയിലെ സര്‍വീസ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ നിര്‍ത്തലാക്കുമെന്നും പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച ഷെല്‍ റഷ്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ വാങ്ങിയെന്ന് യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ഡിമിത്രോ കുലേബ വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ ഷെല്‍ ക്ഷമാപണം നടത്തി. റഷ്യയിലെ സഖാലിന്‍ പ്രകൃതി വാതക പ്ലാന്റില്‍ ഷെല്ലിന് 27.5% ഓഹരിയുണ്ട്.
" f
https://www.facebook.com/Malayalivartha





















