ചെഗുവേരയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ച സൈനികന്‍ അന്തരിച്ചു, ലോകമാകെ പ്രശസ്തനായത് ക്യൂബന്‍ കമ്മ്യൂണിസ്റ്റ് വിപ്ലവ നായകനെ കൊലപ്പെടുത്തിയ ശേഷം..!!

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് വിപ്ലവ നായകന്‍ ചെ ഗുവേരയെ വെടിവച്ച് കൊലപ്പെടുത്തിയ ബൊളീവിയന്‍ സൈനികന്‍ മാരിയോ ടെറാന്‍ സലാസര്‍ (80) അന്തരിച്ചു. കിഴക്കന്‍ ബൊളീവിയയിലെ സാന്താക്രൂസ് ഡി ലാ സിയേറയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത് എന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
റിട്ടയര്‍മെന്റിനു ശേഷം ബൊളീവിയയിലെ ഏറ്റവും വലിയ നഗരമായ സാന്റാക്രൂസില്‍ കഴിയുകയായിരുന്ന ടെറാന്‍ ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. മാരിയോയ്ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. ടെറാന്‍ 30 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷമാണ് വിരമിച്ചത്.
ചെഗുവേര മരണത്തിന് ശേഷവും ലോകമാകെ പ്രശസ്തനായി. ചെഗുവേരയുടെ നെഞ്ചിലേക്ക് പായിച്ച വെടിയുണ്ടയുടെ പേരില്‍ ടെറാനും ലോകം മുഴുവന്‍ അറിയപ്പെട്ടു. തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവമായാണ് പില്‍ക്കാലത്ത് മാറിയോ ടെറാന്‍ ആ സംഭവത്തെ വിശേഷിപ്പിച്ചത്.
ചെഗുവേരയുടെ തിളങ്ങുന്ന കണ്ണുകളും അവസാന നിമിഷവും നിര്‍ഭയനായി അദ്ദേഹം പറഞ്ഞ വാക്കുകളും ഒരിക്കലും തനിക്ക് മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.'നിങ്ങള്‍ കൊല്ലാന്‍ പോകുന്നത് ഒരു മനുഷ്യനെയാണ്. അതുകൊണ്ടുതന്നെ കണ്ണിലേക്ക് നോക്കി വെടിവയ്ക്കൂ' എന്ന് ചെ ഗുവേര അന്ന് പറഞ്ഞിരുന്നതായി ടെറാന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ബൊളീവിയന്‍ പ്രസിഡന്റ് റെനെയുടെ ഉത്തരവ് പ്രകാരമാണ് 1967 ഒക്ടോബര്‍ 9ന് മാരിയോ ടെറാന്‍ ചെ ഗുവേരയെ വെടിവച്ച് കൊന്നത്. സി.ഐ.എ നിയോഗിച്ച ക്യൂബന്‍ ചാരന്മാരുടെ രഹസ്യ വിവരപ്രകാരം ഒക്ടോബര്‍ 8ന് ചെഗുവേരയെയും സംഘത്തെയും വളഞ്ഞ ബൊളീവിന്‍ സൈന്യം വലിയ ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ പിടികൂടിയത്. അന്ന് ചെ ഗുവേരയ്ക്ക് പരിക്കേറ്റിരുന്നു. അദ്ദേഹം കൊല്ലപ്പെടുമ്പോള്‍ 39 വയസ് മാത്രമായിരുന്നു പ്രായം.
https://www.facebook.com/Malayalivartha






















