'പ്രാർത്ഥനകൾ വിഫലം'; ബോംബാക്രമണത്തില്‍ പരിക്കേറ്റ അമ്മയും കുഞ്ഞും മരിച്ചു; യുദ്ധത്തിന്റെ ഭീകരത തുറന്നുകാട്ടി ആക്രമണത്തില്‍ പരിക്കേറ്റ ഗര്‍ഭിണിയെ സ്ട്രെച്ചറില്‍ ചുമന്ന് കൊണ്ട് പോകുന്ന എമര്‍ജെന്‍സി ജീവനക്കാരുടെ ചിത്രം

മരിയുപോളില്‍ പ്രസവ ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ പരിക്കേറ്റ അമ്മയും കുഞ്ഞും മരിച്ചു. ഇവരെയും ചികിത്സിച്ച ഡോക്ടറാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ബോംബാക്രമണത്തില്‍ പരിക്കേറ്റ ഗര്‍ഭിണിയായ സ്ത്രീയെ സേന രക്ഷപ്പെടുത്തിയത്.
'ബോംബാക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയെ സിസേറിയന് വിധേയയാക്കി നവജാത ശിശുവിനെ ഞങ്ങള്‍ പുറത്തെടുത്തു. ഇരുവര്‍ക്കും മികച്ച ചികിത്സയാണ് നല്‍കി വന്നത്. എന്നാല്‍ സിസേറിയന് ശേഷം അരമണിക്കൂര്‍ നേരം മാത്രമാണ് കുഞ്ഞ് ജീവനോടെയുണ്ടായിരുന്നത്. കുഞ്ഞിന്റെ മരണത്തിന് പിന്നാലെ അമ്മയും മരിക്കുകയായിരുന്നു. ഇരുവരെയും ജീവിതത്തിലേയ്‌ക്ക് മടക്കിക്കൊണ്ടുവരാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു' സര്‍ജനായ തിമൂര്‍ മാരിന്‍ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് മരിയുപോളില്‍ പ്രസവ ആശുപത്രിക്ക് നേരെ ബോംബാക്രമണമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ ഗര്‍ഭിണിയെ സ്ട്രെച്ചറില്‍ ചുമന്ന് കൊണ്ട് പോകുന്ന എമര്‍ജെന്‍സി ജീവനക്കാരുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ അടക്കം പ്രചരിച്ചിരുന്നു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.
അഭയാര്‍ത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് റഷ്യ ആക്രമണം തുടര്‍ന്നു. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷമാണ് മരിയുപോളിലെ പ്രസവ ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായത്.
https://www.facebook.com/Malayalivartha























