ഇമ്രാന്റെ കസേര തെറിക്കും...അധികാരത്തിന് കടിഞ്ഞാണിട്ട് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കം..ഇനി രക്ഷയില്ല

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധികാരത്തിന് കടിഞ്ഞാണിട്ട് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കം. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി, വിദേശ നയത്തിലെ പാളിച്ചകൾ എന്നിവ ചൂണ്ടിക്കാട്ടി പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ് എന്ന പേരിലാണ് പ്രതിപക്ഷം ഒന്നിച്ചിരിക്കുന്നത്. ഇമ്രാന്റെ ഭരണപാർട്ടിയായ പാകിസ്ഥാൻ തെഹരീക് ഇൻസാഫ് (പിടിഐ) യിലെ ചില എംപിമാരും കൂറ് മാറി ഈ മാസം അവസാനം നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിക്കുമെന്നറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച പിടിഐ സഖ്യ സർക്കാരിലെ 24 പാർലമെന്റംഗങ്ങളാണ് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. അവിശ്വാസ പ്രമേയത്തിനായുള്ള ദേശീയ അസംബ്ലി സമ്മേളനം മാർച്ച് 21 ന് ചേരുമെന്നും വോട്ടെടുപ്പ് മാർച്ച് 28 ന് നടക്കുമെന്നുമാണ് റിപ്പോർട്ട്. മാർച്ച് എട്ടിനാണ് പ്രതിപക്ഷ പാർട്ടികളായ പാകിസ്ഥാൻ-മുസ്ലിം ലീഗ് നവാസ്, പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി എന്നിവയുടെ നേതൃത്വത്തിൽ 100 ലോമേക്കഴ്സ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
പാകിസ്ഥാൻ മുസ്ലിം ലീഗ്, പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി, അവാമി നാഷണൽ പാർട്ടി, ജമാ അത്ത് ഉലമ ഇസ്ലാം എന്നീ പ്രതിപക്ഷ പാർട്ടികളാണ് ഇമ്രാനെ പുറത്താക്കാനുള്ള പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റിന് കീഴിൽ അണിനിരന്നിരിക്കുന്നത്. ഒപ്പം കൂറ് മാറുമെന്ന് പ്രഖ്യാപിച്ച ഭരണപാർട്ടി അംഗങ്ങളും. 342 അംഗങ്ങളുള്ള അംസബ്ലിയിൽ അവിശ്വാസ വോട്ടെടുപ്പിൽ 272 വോട്ട് ലഭിച്ചാൽ ഇമ്രാൻ ഖാനെ പുറത്താക്കാം.
ഇമ്രാൻ ഖാന്റെ നില പരുങ്ങലിലാണ് എന്നതിന്റെ പ്രധാന ഉദാഹരണമാണ് നിരവധി തവണ അട്ടിമറികൾ നടത്തി ഭരണം പിടിക്കുകയും പല പാവ സർക്കാരുകളെയും നിയമിച്ചുമൊക്കെ അതിശക്തരായ സൈന്യം പക്ഷേ, ഇത്തവണ ദേശീയ രാഷ്ട്രീയ സംഭവവികാസങ്ങളിൽ ഇടപെടാന്‍ താത്പര്യം കാട്ടുന്നില്ല എന്നത്. ഇമ്രാൻ പോകട്ടെയെന്ന നിലപാട് പാക് സൈന്യം എടുത്താൽ എത്രയൊക്കെ തന്ത്രങ്ങളാവിഷ്കരിച്ചാലും പിടിച്ചു നിൽക്കുക പാക് പ്രധാനമന്ത്രിക്ക് എളുപ്പമാകില്ല.
ഇമ്രാൻ ഖാന്റെ സാമ്പത്തിക നയങ്ങൾ രാജ്യത്തെ തകർത്തു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. രാജ്യത്ത് എല്ലാ സാധനങ്ങൾക്കും വില കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം ഇക്കഴിഞ്ഞ ജനുവരിയിൽ 24 മാസത്തെ ഏറ്റവും കൂടിയ നിരക്കായ 13 ശതമാനത്തിലെത്തിയിരുന്നു. 2020 ജനുവരിയിൽ പണപ്പെരുപ്പം 14.6 ശതമാനത്തിലെത്തിയതിനു ശേഷമുള്ള കൂടിയ നിരക്കാണ് ഇത്. ‘തക്കാളിയുടേയും കിഴങ്ങിന്റെയും വിലയറിയാനല്ല രാഷ്ട്രീയത്തിൽ വന്നത്’എന്ന് കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. പ്രതിപക്ഷത്തെ വിമർശിക്കുന്നതിന്റെ ഭാഗമായി പറഞ്ഞതാണെങ്കിലും ഈ പ്രസ്താവന വലിയ തോതിൽ ചർച്ചയായിരുന്നു.
ഇമ്രാൻ ഖാനെതിരെ കലാപം പ്രഖ്യാപിച്ച ശേഷം അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയിലെ 24–ഓളം എംപിമാർ ഇപ്പോൾ കഴിയുന്നത് ഇസ്ലാമബാദിലെ സിന്ധ് ഹൗസിലാണ്. ഇതാകട്ടെ സിന്ധ് സർക്കാരിന്റെ ഭാഗവും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ളതുമാണ്. തങ്ങളെ തട്ടിക്കൊണ്ടു പോകാൻ സാധ്യതയുള്ളതിനാലാണ് പ്രതിപക്ഷത്തിനരികിൽ അഭയം പ്രാപിച്ചത് എന്ന് വിമത എംപിമാർ പറയുന്നു. ഇതിനിടെ ഇമ്രാന്റെ പാർട്ടി അംഗങ്ങൾ ഇവിടേക്ക് മാർച്ച് നടത്തുകയും ഗേറ്റ് തകർത്ത് ഉള്ളിൽ പ്രവേശിക്കുകയും ചെയ്തു.
ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. ‘നിങ്ങൾക്ക് സർക്കാർ നിലനിർത്താൻ കഴിയില്ല. പക്ഷേ കുറച്ചെങ്കിലും മാനം ബാക്കിയുണ്ടെങ്കിൽ ഇറങ്ങിപ്പോകണം’, സംഭവത്തോട് പ്രതികരിച്ചു കൊണ്ട് പാക്കിസ്ഥാൻ മുസ്ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) വൈസ് പ്രസിഡന്റ് മറിയം നവാസ് ട്വിറ്ററിൽ കുറിച്ചു. ഇമ്രാൻ ഖാന്റെ ‘ഫാസിസ്റ്റ് സര്‍ക്കാർ’ വിമത എംപിമാരെ വേട്ടയാടുകയാണെന്ന് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയര്‍മാന്‍ ബിലാവൽ ഭൂട്ടോ–സർദാരിയും പ്രതികരിച്ചിരിക്കുന്നത്..
https://www.facebook.com/Malayalivartha























