യുക്രൈനിൽ മിസൈൽ തീമഴ! കീവ് കത്തിച്ച് പുടിന്റെ പ്രതികാരം അലറി വിളിച്ച് സെലൻസ്കി
യുക്രെയ്നിന്റെ തലസ്ഥാനമായ കീവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം തീമഴ പെയ്യിച്ച് റഷ്യ ആക്രമണം തീവ്രമാക്കി. കീവിൽ 25 നില അപ്പാർട്മെന്റ് സമുച്ചയത്തിന്റെ താഴത്തെ 2 നിലകൾ തകർത്ത മിസൈൽ ആക്രമണത്തിൽ പ്രാഗ് ആസ്ഥാനമായുള്ള റേഡിയോ ലിബർട്ടിയുടെ ജേണലിസ്റ്റ് വീര ഹൈറിച്ച് കൊല്ലപ്പെട്ടു. 10 പേർക്കു പരുക്കേറ്റു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കീവ് സന്ദർശിക്കുന്നതിനിടെയാണ് രണ്ടിടത്ത് മിസൈൽ ആക്രമണം ഉണ്ടായത്.
മരിയുപോളിലും ഡോണെറ്റ്സ്കിലും പൊളോണിലും ചെർണിഹീവിലും കനത്ത ആക്രമണം തുടരുന്നു. വൻ നാശമുണ്ടായതായി സമ്മതിച്ച യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലെക്സി റെസിനോവ് റഷ്യയുടെ നഷ്ടം അതിഭീമമാണെന്ന് പറഞ്ഞു. കൂടുതൽ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും നിയന്ത്രണം നഷ്ടമായതായും യുക്രെയ്ൻ അറിയിച്ചു. കരയിലൂടെയുള്ള മുന്നേറ്റം തടസ്സപ്പെട്ടതോടെയാണ് റഷ്യ വ്യോമാക്രമണം രൂക്ഷമാക്കിയത്.
റഷ്യയെ ചെറുക്കാൻ നാറ്റോ മാരകശേഷിയുള്ള കൂടുതൽ പടക്കോപ്പുകൾ യുക്രെയ്നിനു ലഭ്യമാക്കി. ആയിരക്കണക്കിനു നാറ്റോ സൈനികർ ഫിൻലൻഡ്, പോളണ്ട്, നോർത്ത് മാസിഡോണിയ, എസ്തോണിയ, ലാത്വിയ അതിർത്തിയിലേക്കു നീങ്ങി. ഫിൻലൻഡിനും സ്വീഡനും ഉടൻ അംഗത്വം നൽകാനും നാറ്റോ തീരുമാനിച്ചിട്ടുണ്ട്. യുക്രെയ്നിനു 3350 കോടി ഡോളറിന്റെ സൈനികസഹായം നൽകാനുള്ള നിർദേശത്തിന് യുഎസ് കോൺഗ്രസ് അനുമതി നൽകി. ഇതിൽ 2000 കോടി ഡോളറിന്റെ ആയുധങ്ങളാണ്. യുദ്ധമേഖലയിലേക്ക് ഏകോപനത്തിന് സൈനിക വിദഗ്ധരെ അയയ്ക്കാൻ ബ്രിട്ടൻ തീരുമാനിച്ചു. .
കീവിലെ ആയുധ ശാലയ്ക്കും മിസൈൽ കേന്ദ്രത്തിനും നേരെയാണ് ആക്രമണം നടത്തിയതെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഡോൺബാസിലെ ലുഹാൻസ്ക് മേഖലയിൽ ജനവാസകേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഗവർണർ അറിയിച്ചു. മരിയുപോളിലെ സ്റ്റീൽ കോംപ്ലെക്സിൽ കുടുങ്ങിയ ആയിരത്തോളം പേരെ ഒഴിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇതേസമയം, റഷ്യയെ യുഎൻ മനുഷ്യാവകാശ സമിതിയിൽ നിന്നു പുറത്താക്കണമെന്ന പ്രമേയത്തിൽ യുഎൻ പൊതുസഭ മേയ് 11ന് വോട്ടെടുപ്പ് നടത്തും.
അതേ സമയം, യുക്രെയിന്റെ കിഴക്കൻ മേഖലകളിൽ റഷ്യൻ ഷെല്ലാക്രമണം രൂക്ഷമായി തുടരുകയാണ്. മത്സ്യ ബന്ധന കപ്പലുകൾ ഒഴികെ റഷ്യയുടെ ട്രക്കുകൾ, കപ്പലുകൾ തുടങ്ങിയ എല്ലാ ചരക്ക് വാഹനങ്ങൾക്കും അതിർത്തിയിലും തുറമുഖങ്ങളിലും നിരോധനമേർപ്പെടുത്തിയെന്ന് നോർവെ അറിയിച്ചു. നെതർലൻഡ്സ് കീവിലെ തങ്ങളുടെ എംബസി തുറന്നു.
ഡൊണെസ്കിൽ യുക്രെയിൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റഷ്യ ആരോപിച്ചു. കീവിൽ ബുചയിൽ ഉൾപ്പെടെ ഇതുവരെ 1,187 സിവിലിയൻമാരുടെ മൃതദേഹങ്ങൾ കൂട്ട കുഴിമാടങ്ങളിൽ നിന്ന് കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി.കീവിലെ ഇർപിൻ, ബൊറോഡയങ്ക എന്നിവിടങ്ങളിലെ ആശുപത്രികൾക്ക് ടെസ്‌ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്ക് സോളാർ പാനലുകൾ നൽകിയെന്ന് യുക്രെയിൻ മന്ത്രി മിഖൈലോ ഫെഡറോവ് പറഞ്ഞു.
ഈ വർഷം നവംബറിൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ ക്ഷണിച്ചതായും പങ്കെടുക്കാമെന്ന് അദ്ദേഹം അറിയിച്ചെന്നും ഇന്തോനേഷ്യൻ പ്രധാനമന്ത്രി ജോക്കോ വിഡൊഡൊ പറഞ്ഞു.ജി 20യിലെ സുപ്രധാന അംഗമാണ് റഷ്യ. ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അറിയിച്ചിട്ടുണ്ട്. എന്നാൽ, നേരിട്ടാണോ വെർച്വലായാണോ പങ്കെടുക്കുക എന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha


























