ഹിന്ദി പഠിക്കാന്‍ ഇനി ചൈനയും; ബിരുദധാരികളെ തേടി ചൈന; കാരണം ഇതാണ്

ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുന്നവരെ അതിര്‍ത്തിയില്‍ നിയമിക്കാന്‍ ചൈന. ചൈനയിലെ വിവിധ സര്‍വകലാശാലകളില്‍ പഠിച്ച ബിരുദധാരികളെയാണ് യഥാര്‍ഥ നിയന്ത്രണ രേഖയില്‍ പരിഭാഷകരായി റിക്രൂട്ട് ചെയ്യാന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തയാറെടുക്കുന്നതെന്നാണ് ഇന്റലിജന്‍സ് വിവരം.
റിപ്പോര്‍ട്ട് പ്രകാരം, വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡിന് കീഴിലുള്ള ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്റ്റ് അടുത്ത മാസത്തോടെ നിയമനപ്രക്രിയകള്‍ പൂര്‍ത്തീകരിക്കും. ഇന്ത്യയുമായുള്ള ചൈനയുടെ അതിര്‍ത്തികളടക്കം വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡാണ് നിരീക്ഷിക്കുന്നത്.
ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തികളിലെ ക്യാംപുകളിലേക്ക് ഹിന്ദി സംസാരിക്കാന്‍ കഴിയുന്ന ടിബറ്റന്‍ പൗരന്മാരെ പിഎല്‍എ സജീവമായി റിക്രൂട്ട് ചെയ്യുന്നതായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്റലിജന്‍സ് വിവരമുണ്ടായിരുന്നു. രഹസ്യാന്വേഷണ വിവരശേഖരണത്തിനും മറ്റു ജോലികള്‍ക്കുമായി പിഎല്‍എ സൈനികരെ ഹിന്ദി പഠിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 2020 മേയ് മുതല്‍ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
യഥാര്‍ഥ നിയന്ത്രണരേഖയില്‍, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ സിക്കിം, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന ചൈനയുടെ പ്രദേശങ്ങളുടെ നിരീക്ഷണം ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്റ്റിനാണ്. വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡിനു തന്നെ കീഴിലുള്ള ഷിന്‍ജിയാങ് മിലിട്ടറി ഡിസ്ട്രിക്റ്റാണ് ലഡാക്കിനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ നോക്കുന്നത്.
പിഎല്‍എയില്‍ ഹിന്ദി പരിഭാഷകരെ നിയമിക്കുന്ന വിവരം അറിയിക്കുന്നതിനായി ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്റ്റിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ ചൈനയിലെ നിരവധി കോളജുകളും സര്‍വകലാശാലകളും സന്ദര്‍ശിച്ചതായി രഹസ്യാന്വേഷണ വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha


























