12 റഷ്യൻ ജനറൽമാരുടെ മരണം.. യുക്രൈൻ ശക്തരായതിന് പിന്നിലെ രഹസ്യം കണ്ടെത്തി.. ഇനി ഷമിക്കില്ല..പുടിന്റെ വിശ്വരൂപം

യുക്രെയ്ൻ – റഷ്യ യുദ്ധം 70 ദിവസം പിന്നിടുമ്പോൾ പുതിയ ഉപരോധ പദ്ധതിയുമായി യൂറോപ്യൻ യൂണിയൻ രംഗത്ത്. റഷ്യൻ എണ്ണ വാങ്ങുന്നത് ഈ വർഷം അവസാനത്തോടെ പൂർണമായി അവസാനിപ്പിക്കാനുള്ള നിർദേശമാണ് ആറാം ഘട്ട ഉപരോധ പാക്കേജിൽ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയെൻ മുന്നോട്ടുവച്ചത്.
യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളുടെയും അംഗീകാരം ലഭിക്കണം. യുക്രെയ്ൻ പുനരുദ്ധാരണ പദ്ധതിയും നിർദേശത്തിലുണ്ട്. എണ്ണ നിരോധന പദ്ധതിയുമായി സഹകരിക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് ചില ഇയു രാജ്യങ്ങൾ നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
യുക്രെയ്‍നിൽ റഷ്യൻ ജനറൽമാരെ കൊലപ്പെടുത്താൻ യുക്രെയ്‍ൻ സൈന്യത്തിനു യുഎസ് ഇന്റലിജൻസിന്റെ സഹായം ലഭിച്ചതായി വെളിപ്പെടുത്തൽ. റഷ്യൻ സേനയുടെ നീക്കങ്ങളും അവർ നിലയുറപ്പിച്ച സ്ഥലങ്ങളുടെ വിവരങ്ങളും ചോർത്തുന്നതായി റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖരോവ പത്രസമ്മേളനത്തിൽ ആരോപിച്ചതിനു പിന്നാലെയാണ് യുക്രെയ്‍ന് പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം ലഭിക്കുന്നതായി രാജ്യാന്തര മാധ്യമത്തിന്റെ വെളിപ്പെടുത്തൽ.
യുഎസ് ഇന്റലിജൻസിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ ക്രോഡികരിച്ചാണ് യുക്രെയ്‌ൻ യുദ്ധത്തിൽ വൻ മുന്നേറ്റം നടത്തുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. യുക്രെയ്‌ന് വൻതോതിൽ ആയുധവും സൈനിക സഹായവും നൽകുന്നതിനു തുടർച്ചയായാണ് യുഎസ് ഭരണകൂടം ഇന്റലിജൻസ് സഹായവും ഉറപ്പാക്കുന്നത്. റഷ്യയുടെ സൈനിക നീക്കങ്ങളും യുക്രെയ്‌നിലെ റഷ്യൻ സൈനിക കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും യുഎസ് ഇന്റലിജൻസ് യുക്രെയ്‍ന് കൈമാറിയിട്ടുണ്ട്.
12 റഷ്യൻ ജനറൽമാരാണ് യുക്രെയ്‍നിൽ 71 ദിവസം വരെ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഇത്രയധികം ഉന്നത ഉദ്യോഗസ്ഥർ ചുരുങ്ങിയ കാലയളവിൽ കൊല്ലപ്പെടുന്നത് അസാധാരണമാണെന്നു പ്രതിരോധരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. യുക്രെയ്‌ൻ ഇന്റലിജൻസ് സംവിധാനവും കുറ്റമറ്റതാണെന്നും ഇവരുടെ ഇടപെടൽ വഴി നിരവധി ആക്രമണങ്ങൾ ഏകോപിപ്പിക്കാനും റഷ്യൻ മുന്നേറ്റത്തിനു തടയിടാനും യുക്രെയ്ൻ സൈന്യത്തിനു സാധിച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
റഷ്യൻ സൈനികരും കിഴക്കൻ യുക്രെയ്‌നിൽ റഷ്യൻപക്ഷ വിമതർ നടത്തുന്ന നീക്കങ്ങളും പാശ്ചാത്യ, യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കു യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങൾ സുപ്രധാന നേതൃത്വം നൽകുന്ന യൂറോപ്പ് സുരക്ഷ – സഹകരണ സംഘടന (ഒഎസ്‍സിഇ) ആണ് കൈമാറുന്നതെന്ന് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖരോവ ആരോപിച്ചിരുന്നു. ഫെബ്രുവരി 24 മുതൽ മേയ് 4 വരെയുള്ള കണക്കനുസരിച്ച് 24,800 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയതായി യുക്രെയ്‍ൻ പ്രതിരോധമന്ത്രാലയം അവകാശപ്പെടുന്നു.
മരിയുപോളിലെ അസോവ്‌സ്റ്റാൾ ഉരുക്കു ഫാക്ടറിയിലെ സൈനികരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി യുക്രെയ്ൻ അധികൃതർ പറഞ്ഞു. ഇവിടെ റഷ്യൻ സേനയുടെ കനത്ത ആക്രമണം നടക്കുകയാണ്. മുപ്പതോളം കുട്ടികളെ ഇനിയും ഒഴിപ്പിക്കാനുണ്ട്.ഇതേസമയം, കരിങ്കടലിലെ റഷ്യൻ മുങ്ങിക്കപ്പൽ യുക്രെയ്നിലേക്ക് മിസൈലാക്രമണം നടത്തി. മുങ്ങിക്കപ്പൽ ഉപയോഗിച്ചുള്ള ആക്രമണം കഴിഞ്ഞ മാസവും റഷ്യ നടത്തിയിരുന്നു. ആയുധങ്ങൾ എത്തിച്ചുനൽകുന്ന നാറ്റോ വാഹനങ്ങളെയും ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പുണ്ട്.
റഷ്യൻ ഓർത്തഡോക്സ് സഭാധ്യക്ഷനെ ഉപരോധപ്പട്ടികയിൽപ്പെടുത്തുന്നതും ഉർസുല വോൺ ദെർ ലെയെൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുദ്ധത്തെ അനുകൂലിച്ചു സംസാരിച്ച റഷ്യൻ ഓർത്തഡോക്സ് സഭാധ്യക്ഷൻ സർക്കാരിന്റെ ‘അൾത്താര ബാലനാ’ണെന്ന് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം പറഞ്ഞതിനെതിരെ റഷ്യയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























