"കുടുംബത്തിന്‍റെ അന്തസിന് ചേര്‍ന്നതല്ല", നൃത്തവും മോഡലിംഗും കരിയറാക്കിയ പെണ്‍കുട്ടിയെ സഹോദരൻ വെടിവച്ചു കൊന്നു

നൃത്തവും മോഡലിംഗും കരിയറാക്കിയ ഇരുത്തിയൊന്നുകാരിയെ സഹോദരൻ വെടിവച്ചു കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. റെനല ഖുർദ് ഒകാര സ്വദേശിനിയായ സിദ്ര എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു.
കുടുംബത്തിന്‍റെ ആഗ്രഹത്തിന് വിരുദ്ധമായി ഒരു പ്രാദേശിക വസ്ത്ര ബ്രാൻഡിനായി മോഡലിംഗ് ചെയ്യുകയും, ഫൈസലാബാദ് നഗരത്തിലെ തീയേറ്ററില്‍ നൃത്ത പരിപാടിയില്‍ പങ്കെടുത്തതുമാണ് സഹോദരനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു."തങ്ങളുടെ കുടുംബത്തിന്‍റെ അന്തസിന് ചേര്‍ന്നതല്ല" എന്ന് പറഞ്ഞ് മാതാപിതാക്കൾ സിദ്രയെ തൊഴിൽ ഉപേക്ഷിക്കാൻ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
കഴിഞ്ഞയാഴ്ച കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാൻ ഫൈസലാബാദിൽ നിന്ന് വീട്ടിലെത്തിയതായിരുന്നു സിദ്ര. വ്യാഴാഴ്ച, മാതാപിതാക്കളും സഹോദരൻ ഹംസയും തൊഴിലിലെ മാന്യതയുടെ പ്രശ്നത്തെ ചൊല്ലി തർക്കിച്ചു. എന്നാൽ തന്‍റെ ജോലിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പറഞ്ഞതിന് സിദ്രയെ മർദ്ദിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നത്.
ഹംസയുടെ സുഹൃത്തും, കുടുംബത്തിന്‍റെ ബന്ധുവുമായ ഒരാളുടെ മൊബൈൽ ഫോണിൽ സിദ്രയുടെ നൃത്തപരിപാടി ഹംസയെ കാണിച്ചു. ഇതില്‍ പ്രകോപിതനായാണ് വീട്ടില്‍ വഴക്ക് ആരംഭിച്ചതെന്നാണ് സ്ഥലത്തെ പോലീസ് ഓഫീസർ ഫ്രാസ് ഹമീദ് പറയുന്നത്.
പിന്നീട്, ഹംസ സിദ്രയ്ക്ക് നേരെ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. സിദ്ര സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. വീഡിയോ കണ്ട കോപത്തിലാണ് താൻ സഹോദരിയെ വെടിവെച്ച് കൊന്നതെന്ന് ഹംസ പോലീസിനോട് സമ്മതിച്ചു.
https://www.facebook.com/Malayalivartha


























