നൃത്തവും മോഡലിംഗും കരിയറാക്കിയ 21കാരിയായ മുസ്ലീം പെൺകുട്ടിയെ സഹോദരൻ വെടിവച്ചുകൊന്നു! സംഭവം പാകിസ്ഥാനിൽ

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ സഹോദരിയെ അതിദാരുണമായി സഹോദരൻ കൊലപ്പെടുത്തിയ വാർത്തയാണ് ലഭിക്കുന്നത്. ദുരഭിമാന കൊല തന്നെയാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 21-കാരിയായ സഹോദരിയെയാണ് കൊലപ്പെടുത്തിയത്. കരിയറായി തിരഞ്ഞെടുത്തത് നൃത്തവും മോഡലിങ്ങുമായതിലെ അതൃപ്തിയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു. ലാഹോറിൽ നിന്നും 130 കിലോ മീറ്റർ അകലെ റെനാല ഖുർദ് ഒകാര സ്വദേശിയാണ് സിദ്രയെന്ന 21-കാരി.
പ്രാദേശിക വസ്ത്ര ബ്രാൻഡിന് വേണ്ടി സിദ്ര മോഡലിങ് ചെയ്തിരുന്നു. ഫൈസലാബാദ് സിറ്റിയിൽ പലപ്പോഴായി നൃത്തപരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. കുടുംബം ഇതിന് എതിരായിരുന്നുവെങ്കിലും സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു സിദ്ര. കുടുംബത്തിന്റെ പാരമ്പര്യം തകർത്ത് ഇത്തരമൊരു കരിയറിൽ തുടരരുതെന്ന് സിദ്രയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും യുവതി ചെവി കൊണ്ടില്ല. വർഷങ്ങളായി സിദ്ര നൃത്തരംഗത്തും മോഡലിംഗ് രംഗത്തും സജീവമാണെന്ന് പൊലീസ് പറഞ്ഞു. പാകിസ്ഥാനിലെ ഒരു പ്രമുഖ വസ്ത്രസ്ഥാപനത്തിന്റെ പരസ്യങ്ങളിൽ അഭിനയിച്ചിരുന്ന സിദ്ര ചില തിയേറ്ററുകളിൽ നൃത്ത പരിപാടികളും അവതരിപ്പിച്ചിരുന്നു. എന്നാൽ സിദ്രയുടെ കുടുംബാംഗങ്ങൾക്ക് ഇതിനോട് താത്പര്യം ഇല്ലായിരുന്നു.
കഴിഞ്ഞയാഴ്ച ഈദ് ആഘോഷിക്കുന്നതിനായി ഫൈസലാബാദിൽ നിന്നും സിദ്ര വീട്ടിലെത്തിയിരുന്നു. ഇതിനിടെ മാതാപിതാക്കളും സഹോദരനും സിദ്രയുമായി വഴക്കായി. കരിയർ ഉപേക്ഷിക്കണമെന്ന ആവശ്യമായിരുന്നു രക്ഷിതാക്കൾ മുന്നോട്ടു വെച്ചത്. അവൾ വീണ്ടും വിസ്സമതിച്ചപ്പോൾ സിദ്രയെ സഹോദരൻ ഹംസ തല്ലാൻ തുടങ്ങി. കുടുംബത്തിന് മാനഹാനിയുണ്ടാക്കുന്നെന്ന് ആരോപിച്ച് ഹംസ സിദ്രയെ ദേഹാപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ സിദ്രയെ സഹോദരൻ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതാണെന്ന് ഹംസ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവ സ്ഥലത്ത് വെച്ച് തന്നെ സിദ്ര കൊല്ലപ്പെട്ടിരുന്നു. പോലീസ് ഉടൻ തന്നെ ഹംസയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.
ബന്ധുക്കളിൽ ഒരാൾ സിദ്രയുടെ നൃത്തപരിപാടിയുടെ വീഡിയോ ഹംസയ്‌ക്ക് അയക്കുകയും ഫോണിൽ അതുകണ്ടതിന് ശേഷം ദേഷ്യം വരികയും ചെയ്തതായി ഹംസ പറഞ്ഞു. ആ ദേഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് വെടിവെച്ചത്. സിദ്രയുടെ തലയ്‌ക്കാണ് വെടിയേറ്റിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
പാകിസ്ഥാനിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ദുരഭിമാന കൊലപാതകമാണിത്. കഴിഞ്ഞ ഫെബ്രുവരിയിൽ പത്തൊമ്പതുകാരിയായ നർത്തകി അയിഷയെ മുൻ ഭർത്താവ് വെടിവച്ചു കൊന്നിരുന്നു. നിരവധി തവണ എതിർത്തിട്ടും നൃത്തവുമായി മുന്നോട്ട് പോകാനുള്ള അയിഷയുടെ തീരുമാനത്തെതുടർന്നായിരുന്നു കൊലപാതകം. ദുരഭിമാനക്കൊല കേസുകൾ പാകിസ്താനിൽ ഭയാനകമാംവിധം വര്‍ധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് വടക്കും പടിഞ്ഞാറും ഉള്ള ഗോത്രമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ.
https://www.facebook.com/Malayalivartha


























