ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്നു... ഭരണാനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പാര്‍ലമെന്റ് അംഗം കൊല്ലപ്പെട്ടു

ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ ഭരണാനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പാര്‍ലമെന്റ് അംഗം കൊല്ലപ്പെട്ടു. ഭരണകക്ഷി അംഗമായ അമരകീര്‍ത്തി അതുകൊരാളയാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മഹിന്ദ രജപക്‌സെ രാജിവച്ചതിനു പിന്നാലെയായിരുന്നു സംഭവം.
പ്രധാനമന്ത്രിയുടെ വസതിയായ ടെംപിള്‍ ട്രീസിനു സമീപത്താണ് ഭരണാനുകൂലികളും സര്‍ക്കാര്‍ വിരുദ്ധരും തമ്മില്‍ ഏറ്റുമുട്ടിയത്. രാവിലെ പ്രക്ഷോഭകാരികള്‍ക്കുനേരെ നടന്ന ആക്രമണം മഹിന്ദയുടെ രാജിക്കു പിന്നാലെയും സര്‍ക്കാര്‍ അനുകൂലികള്‍ തുടര്‍ന്നു.
ഇതിനിടെ, ശ്രീലങ്കന്‍ നഗരമായ നിട്ടാംബുവയില്‍ അമരകീര്‍ത്തിയുടെ വാഹനം പ്രക്ഷോഭകാരികള്‍ തടഞ്ഞു. ഉടന്‍ തന്നെ വാഹനം തടഞ്ഞവര്‍ക്കുനേരെ എം.പി വെടിയുതിര്‍ത്തു. വെടിവയ്പ്പില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെയാണ് അടുത്തുള്ള കെട്ടിടത്തില്‍ അഭയം പ്രാപിച്ച അമരകീര്‍ത്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കടുത്ത സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ഇന്ന് ഉച്ചയ്ക്കുശേഷം സഹോദരനും പ്രസിഡന്റുമായ ഗൊട്ടബയ രജപക്‌സെയ്ക്ക് മഹിന്ദ രാജിക്കത്ത് നല്‍കിയത്. പുതിയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ വഴിയൊരുക്കുന്നുവെന്നു പറഞ്ഞായിരുന്നു രാജി.
നിലവിലെ സാമ്ബത്തിക പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനായി എല്ലാ കക്ഷികളെയും ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനാണ് താന്‍ രാജിവയ്ക്കുന്നതെന്ന് മഹിന്ദ രാജിക്കത്തില്‍ വ്യക്തമാക്കിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
സാമ്ബത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയില്‍ പ്രധാനന്ത്രിയും പ്രസിഡന്റും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം പ്രക്ഷോഭം രൂക്ഷമാക്കിയിരുന്നു. രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാനായി മഹിന്ദയെ പുറത്താക്കി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയ്ക്കുമേല്‍ സമ്മര്‍ദം ശക്തമായിരുന്നു.
എന്നാല്‍, അവസാനനിമിഷം വരെ രാജിക്ക് ഒരുക്കമല്ലെന്ന നിലപാടിലപായിരുന്നു മഹിന്ദ. മാറിനില്‍ക്കാന്‍ സ്വന്തം പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പേരമുന(എസ്.എല്‍.പി.പി)യിലും ആവശ്യം ശക്തമായതോടെയാണ് മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ മഹിന്ദ രാജിയ്ക്കു തയാറായത്.
രാജിവയ്‌ക്കേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ മഹിന്ദ അനുയായികളെ ഇന്ന് കൊളംബോയിലെ സ്വന്തം വസതിയിലേക്കു വിളിച്ചിരുന്നു. നൂറുകണക്കിനു പേരാണ് അദ്ദേഹത്തിന് പിന്തുണയറിയിച്ച് ഇന്ന് എത്തിയത്. നഗരത്തില്‍ പ്രകടനം നടത്തിയ സംഘം ഒടുവില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികള്‍ക്കുനേരെ തിരിയുകയായിരുന്നു.
https://www.facebook.com/Malayalivartha


























