കാബൂളില്‍ ചാവേര്‍ ബോംബ്സ്ഫോടനം.... 19 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു! മരിച്ചതിലേറെയും വിദ്യാര്‍ഥിനികള്‍

തലസ്ഥാനമായ കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ ഏകദേശം 19 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ അധികവും പെണ്‍കുട്ടികളാണ്. പടിഞ്ഞാറന്‍ കാബൂളിലെ ദഷ്ട് ഇ ബര്‍ച്ചി പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെയാണ് ചാവേറാക്രമണം ഉണ്ടായത്. 27 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
എന്തായാലും കൃത്യമായ മരണസംഖ്യ തിട്ടപ്പെടുത്താന്‍ ഇനിയും സമയമെടുക്കും. പല ശരീരങ്ങളും ചിതറി തെറിച്ചിരിക്കുകയാണ്. കാബൂളിലെ ഹസാര പ്രദേശത്തെ കാജ് വിദ്യാഭ്യാസകേന്ദ്രത്തിലായിരുന്നു സ്ഫോടനം. സര്‍വകലാശാല പ്രവേശന പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് കാബൂള്‍ പൊലീസ് വക്താവ് ഖാലിദ് സദ്രന്‍ പറഞ്ഞു. 12 വയസ്സുമുതലുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കുള്ള അഫ്ഗാനിസ്ഥാനില്‍ ന്യൂനപക്ഷമേഖലയിലെ സ്വകാര്യസ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമുണ്ട്. അത്തരമൊരു സ്ഥാപനമാണ് കാജ്.
ഏകദേശം അറുന്നൂറോളം വിദ്യാര്‍ത്ഥികള്‍ അപകടം നടന്ന സ്ഥലത്തുണ്ടായിരുന്നു. പരിക്കേറ്റവരില്‍ കൂടുതലും പെണ്‍കുട്ടികളാണെന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി പറഞ്ഞു. ഹസാരാസ്, ഷിയാ വംശത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് ഈ പ്രവേശന പരീക്ഷയ്ക്കെത്തിവരില്‍ അധികവും. ഇവരാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ ഏറ്റവും വലിയ വംശത്തില്‍പ്പെട്ടവരാണ് ഹസാരാസ്.
ഐഎസ് ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ഇവര്‍ക്കെതിരെ പതിവായി ആക്രമണം നടത്താറുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഈ വര്‍ഷം നടന്ന ഭീകരാക്രമണങ്ങളില്‍ ഏറ്റവും പുതിയതാണിത്. സെപ്റ്റംബര്‍ ആദ്യവാരം രണ്ട് റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ ഐഎസ് കൊലപ്പെടുത്തിയിരുന്നു.
രാവിലെ 7.30ന് ഒരു സര്‍വ്വകലാശാല പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. അന്നേരമാണ് ആദ്യ സ്ഫോടനം നടന്നത്. ഇതുവരെ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനത്തുപോലെ എത്രമാത്രം സുരക്ഷാ കുറവാണെന്ന് സൂചിപ്പിക്കുന്നതായി ഈ സ്ഫോടനം. അധികവും പെണ്‍കുട്ടികളാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് ദൃക്സാക്ഷിയായ തയ്ബ മെഹ്തര്‍ഖില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം, താലിബാന്‍ അധികാരത്തിലെത്തുന്നതിനുമുമ്പ് ഈ മേഖലയിലെ പെണ്‍കുട്ടികളുടെ സ്കൂളിലുണ്ടായ ബോംബാക്രമണത്തില്‍ 85ലധികം പേര്‍ കൊല്ലപ്പെട്ടു. താലിബാന്‍ ആദ്യം അധികാരത്തിലെത്തിയ 1996ലും ഷിയാ, ഹസാരെകള്‍ക്കെതിരെ നിരന്തരം ആക്രമണങ്ങളുണ്ടായി.
സ്ഫോടന സ്ഥലത്തുനിന്ന് ചോരയിൽ കുളിച്ച നിലയിൽ ആളുകളെ മാറ്റുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ തലസ്ഥത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha


























