ചരിത്ര നേട്ടവുമായി ഇന്ത്യ; ദരിദ്രരുടെ എണ്ണം ഗണ്യമായി കുറഞ്ഞു , 41.5 കോടി ആളുകൾ ദാരിദ്ര്യരേഖ മറികടന്നു; അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ

ഒന്നരപ്പതിറ്റാണ്ടിനിടെ ദരിദ്രരുടെ എണ്ണം ഗണ്യമായി ഇന്ത്യക്കു കുറയ്ക്കാനായി എന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. 2005-06നും 2019-21നും ഇടയില്‍ രാജ്യത്ത് 41.5 കോടി ആളുകള്‍ ദാരിദ്ര്യരേഖ മറികടന്നെന്ന് ഐക്യരാഷ്ട്ര വികസന പദ്ധതി (യു.എന്‍.ഡി.പി.), ഓക്‌സ്ഫഡ് പുവര്‍റ്റി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റിവ് (ഒ.പി.എച്ച്.ഐ.) എന്നിവ ചേര്‍ന്ന് തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യസൂചികയിലാണ് ഈ വിവരങ്ങൾ ഉള്ളത് . തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇതു ഇന്ത്യയുടെ നേട്ടത്തെ ചരിത്രപരമെന്നാണ് ഐക്യരാഷ്ട്രസഭ വാർത്താകുറിപ്പിൽ പറയുന്നത്. 2030 ആകുമ്പോഴേക്കും ദാരിദ്ര്യത്തില്‍ കഴിയുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അനുപാതം പകുതിയാക്കാനുള്ള സുസ്ഥിര വികസനലക്ഷ്യം സാധ്യമാണെന്നതിന് തെളിവാണിതെന്നും പറയുന്നു.
2020-ലെ ജനസംഖ്യാ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യം ഇപ്പോഴും ഇന്ത്യയാണ്; 22.89 കോടി. രണ്ടാം സ്ഥാനത്ത് നൈജീരിയ; 9.67 കോടി. ഇന്ത്യയില്‍ ദരിദ്രരായ കുട്ടികൾ മാത്രം 9.7 കോടി വരും. ദരിദ്രരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ കുറവുണ്ടായെങ്കിലും കോവിഡ് മാഹാമാരിയെത്തുടര്‍ന്നുണ്ടായ പ്രത്യാഘാതങ്ങളും കുതിച്ചുയരുന്ന ഭക്ഷ്യ, ഊര്‍ജ വിലയും ഇന്ത്യക്ക് ഭീഷണിയാണ്. പോഷകാഹാരക്കുറവ് പരിഹരിക്കാനും കുറഞ്ഞവിലയില്‍ ഊര്‍ജം ലഭ്യമാക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ബഹുമുഖ ദാരിദ്ര്യ സൂചികയില്‍ നിര്‍ദേശിക്കുന്നു.
https://www.facebook.com/Malayalivartha