അടൂര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

സിനിമാ കോണ്‍ക്ലേവില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് നഷ്ടമായി സര്‍ക്കാര്‍ കാണുന്നില്ല. കൂടുതല്‍ സിനിമകള്‍ക്ക് കൂടുതല്‍ പണം നല്‍കണമെന്നും അതൊരു തെറ്റായി താന്‍ കാണുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
സിനിമ നിര്‍മിക്കുന്നതിന് സ്ത്രീകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കി വരുന്ന ഫണ്ടിനെതിരായ അടൂരിന്റെ പ്രസ്താവനയ്ക്കായിരുന്നു മന്ത്രിയുടെ മറുപടി. പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് 98 വര്‍ഷമായിട്ടും സിനിമയില്‍ മുഖ്യധാരയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ക്ക് സഹായം നല്‍കും. കൂടുതല്‍ പണം നല്‍കുമ്പോള്‍ ലാഭം ഉണ്ടാകും, കേരളത്തിലെ തലയെടുപ്പ് ഉള്ള സംവിധായകര്‍ അവരുടെ സിനിമ സ്‌ക്രീനിങ് ചെയ്യും. സ്ത്രീകള്‍ക്കും അതേ പരിഗണന നല്‍കും. ഒന്നര കോടി എടുത്തവര്‍ തന്നെ വെള്ളം കുടിച്ച് നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് തുക മൂന്നായി വീതിക്കാന്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞു.
'സിനിമയുടെ 80 ശതമാനത്തിലധികവും തുക ചെലവാക്കുന്നത് താരങ്ങള്‍ക്ക് വേണ്ടിയാണ്. അതില്‍ എത്ര കുറക്കണം എന്നത് അവര് തന്നെ തീരുമാനിക്കണം. സുരേഷ് കുമാറും മോഹന്‍ലാലും ഒക്കെ അടുത്ത ആള്‍ക്കാര്‍ അല്ലേ അവര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ. സിനിമാ മേഖല മൊത്തത്തില്‍ കുഴപ്പം എന്ന അഭിപ്രായം ഇല്ല. വര്‍ത്തമാന കാലത്ത് സിനിമ നിര്‍മിക്കുന്നവര്‍ക്ക് നല്ല സിനിമ എടുക്കണം എന്നത് മാത്രം അല്ല ലക്ഷ്യം. പല കച്ചവട ഉദ്ദേശങ്ങളും ഉണ്ട്', സജി ചെറിയാന്‍ പറഞ്ഞു.സര്‍ക്കാരിന്റെ സിനിമാ ധന സഹായം സിനിമാ നയത്തിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകുമാരന്‍ തമ്പിയുടെ ഹേമ കമ്മിറ്റി പരാമര്‍ശത്തിലും സജി ചെറിയാന്‍ മറുപടി നല്‍കി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് എവിടെ പോയി എന്ന ചോദ്യത്തിന് മറുപടിയാണ് ഈ കോണ്‍ക്ലേവെന്ന് സജി ചെറിയാന്‍ പറഞ്ഞു. ഹേമ കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചവര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം കൊടുക്കുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സിനിമാ മേഖലയിലെ മാറ്റങ്ങള്‍ കൂട്ടായി ചര്‍ച്ച നടത്തും. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ തൊഴില്‍ സുരക്ഷിതത്വം. ഗൗരവമായ വിഷയമായി അത് കാണുന്നു. കൃതമായ വേതനം, വിശ്രമം, ഭക്ഷണം, ജോലി സമയം തുടങ്ങിയവയില്‍ ഇടപെടല്‍ ഉണ്ടാകണം. ഭക്ഷണത്തില്‍ തരം തിരിവ് ഉള്ളതായി ബോധ്യപ്പെട്ടു. ഈ വിഷയം സിനിമാ നയത്തില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha