നവാസിന് ഷൂട്ടിങ് സെറ്റില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി നടൻ വിനോദ് കോവൂർ; ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ: മരണം ഉൾക്കൊള്ളാനാകാതെ സഹപ്രവർത്തകർ...

അന്തരിച്ച നടൻ കലാഭവന്‍ നവാസിന് ഷൂട്ടിങ് സെറ്റില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി നടൻ വിനോദ് കോവൂർ. ഇതിനെ തുടർന്ന് ഡോക്ടറെ വിളിച്ച് സംസാരിക്കയും ചെയ്തു. ഷൂട്ടിങ്ങ് മുടങ്ങരുത് എന്ന് കരുതി ആശുപത്രിയിൽ പോവാതെ അഭിനയ ജോലി തുടരുകയായിരുന്നു എന്നും വിനോദ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഷൂട്ട് കഴിഞ്ഞശേഷം ആശുപത്രിയില്‍ പോവാമെന്ന് കരുതിയിട്ടുണ്ടാവാം. അതിനുമുമ്പ് 'രംഗ ബോധമില്ലാത്ത കോമാളിയായി മരണം വന്ന് ജീവന്‍ തട്ടിയെടുത്തു'വെന്നും വിനോദ് കുറിച്ചു. ഇത്രയേയുള്ളു മനുഷ്യന്റെ കാര്യം. ഏത് നിമിഷവും പൊട്ടി പോകുന്ന ഒരു നീർകുമിളയാണ് നമ്മുടെ ഓരോരുത്തരുടേയും ജീവൻ എന്ന് സുഹൃത്തിന്റെ വേർപാടിനെ കുറിച്ച് പറഞ്ഞാണ് വിനോദ് നെഞ്ചുവേദന വന്ന കാര്യം വ്യക്തമാക്കുന്നത്.
ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കലാഭവൻ നവാസിന്‍റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ സന്തോഷ് പറയുന്നു. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് സന്തോഷ് പറഞ്ഞു. ‘‘ഷൂട്ടിങ് സംഘം മൂന്നു മുറികളാണ് ഇവിടെ എടുത്തിരുന്നത്. മറ്റു രണ്ടു മുറികളും ചെക്ക് ഔട്ട് ചെയ്തിരുന്നു. 209–ാം നമ്പർ മുറിയിലാണ് നവാസ് താമസിച്ചിരുന്നത്. അദ്ദേഹം ചെക്ക് ഔട്ട് ചെയ്യാൻ വൈകിയപ്പോൾ സഹപ്രവര്‍ത്തകരെ വിളിച്ച് അന്വേഷിച്ചിരുന്നു. അപ്പോള്‍ മുറിയിൽചെന്ന് അന്വേഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് റൂം ബോയ് പോയി ബെല്ല് അടിച്ചെങ്കിലും മുറി തുറന്നില്ല. ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല. വാതില്‍ തുറന്നു നോക്കിയപ്പോള്‍ നവാസ് തറയിൽ വീണു കിടക്കുന്ന നിലയിലായിരുന്നു.
ഉടൻ പ്രൊഡക്‌ഷൻ കൺട്രോളറെ വിളിച്ച് കാര്യമറിയിച്ചു. ഇവിടെനിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. കൈകളൊക്കെ അനങ്ങുന്നുണ്ടായിരുന്നു. സിനിമാ പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും ചേർന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്.’’– ഹോട്ടലുടമ പറഞ്ഞു.എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലില്‍ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. സോപ്പും ടവ്വലും മാറാനുള്ള വസ്ത്രങ്ങളും കിടക്കയില്‍ ഉണ്ടായിരുന്നു. കുളിക്കാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് കരുതുന്നത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണത്തില്‍ സ്ഥിരീകരണമുണ്ടാവുകയുള്ളൂ. 25-ന് തുടങ്ങി വെള്ളിയാഴ്ച അവസാനിക്കുന്ന ഷെഡ്യൂളില്‍ നവാസിന്റെ ഭാഗങ്ങള്‍ ഉണ്ടായിരുന്നത്. ചിത്രീകരണവേളയില്‍ എല്ലാം സജീവമായി ആളുകളോട് നടന്‍ ഇടപെട്ടിരുന്നു. റൂമിലെ വാതിലിനരികിൽ വീണുകിടക്കുന്ന അവസ്ഥയിലായിരുന്നുവെന്നും മുറി പൂട്ടിയിരുന്നില്ലെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ 25 ദിവസങ്ങളായി നവാസ് ഈ ഹോട്ടലിൽ തന്നെയാണ് താമസിച്ചിരുന്നത്. കഴിഞ്ഞ മാസം 25നാണ് നവാസ് പ്രകമ്പനം എന്ന സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്തത്. നാളെയും മറ്റന്നാളും നവാസിന് ചിത്രീകരണം ഉണ്ടായിരുന്നില്ല. ഇതിനാൽ വീട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് നവാസിൻ്റെ മരണം സംഭവിച്ചത്.
കലാഭവൻ നവാസ് മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരണം. മുൻപും ഹൃദയാഘാതമുണ്ടായതിന്‍റെ ലക്ഷണങ്ങളും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ആലുവ നാലാം മൈലിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം ആറ് മണിക്ക് ആലുവ ടൗൺ ജുമമസ്ജിദിൽ കബറടക്കും. നാല് മണി മുതൽ ടൗൺ പള്ളിയിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും. കുടുംബാംഗങ്ങളും സഹപ്രവർത്തകരുമടക്കം നൂറുകണക്കിനാളുകളാണ് ആശുപത്രിയിൽ എത്തിയത്.
https://www.facebook.com/Malayalivartha