ദേശീയ അവാര്‍ഡില്‍ പ്രതികരിച്ച് നടി ഉര്‍വശി

'ഉള്ളൊഴുക്ക്' എന്ന സിനിമയുടെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് നടി ഉര്‍വശി. എല്ലാകൊണ്ടും വളരെ നല്ലൊരു അനുഭവമാണ് 'ഉള്ളൊഴുക്ക്' എന്ന സിനിമ തന്നതെന്നും നടി ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി. മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടാത്തതില്‍ ഒരു സങ്കടവും തനിക്കില്ലെന്നും പ്രേക്ഷകര്‍ തന്നെ ഏറ്റെടുക്കുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും ഉര്‍വശി വ്യക്തമാക്കി.
'ഞാന്‍ ഇപ്പോഴും എന്താണ് ഒരു അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചിന്തിക്കാറുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് ഇത് നിര്‍ണയിക്കുന്നതെന്ന് ആലോചിക്കാറുണ്ട്. അഭിനയത്തിന് അളവ് കോല്‍ ഉണ്ടോ? അതല്ല ഇത്ര പ്രായം കഴിഞ്ഞാല്‍ ഇങ്ങനെ കൊടുത്താല്‍ മതിയെന്നാണോ? ലീഡ് റോളിനെ എന്ത് അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. അത് ആരെങ്കിലും പറഞ്ഞുതരണം. കേന്ദ്ര ഗവണ്‍മെന്റ് ആയാലും സംസ്ഥാന ഗവണ്‍മെന്റ് ആയാലും അത് വ്യക്തമാക്കണം' ഉര്‍വശി പറഞ്ഞു.
ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ ലീലാമ്മയിലൂടെയാണ് ഉര്‍വശി അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ദേശീയ അവാര്‍ഡില്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ 'ഉള്ളൊഴുക്ക്' മികച്ച മലയാള സിനിമയായി. ഇതാദ്യമായല്ല, ഉര്‍വശി ദേശീയ അവാര്‍ഡില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. 2006ല്‍ 'അച്ചുവിന്റെ അമ്മ'യിലെ അഭിനയത്തിന് ലഭിച്ച ദേശീയ അവാര്‍ഡും സഹനടിക്കുള്ളതായിരുന്നു.
അന്ന് ജൂറി അംഗമായിരുന്ന ബി.സരോജാദേവി ഉര്‍വശിയാണ് മികച്ച നടിയെന്ന് വാദിച്ചു. മറ്റ് ജൂറി അംഗങ്ങള്‍ ചിത്രത്തില്‍ നായിക ഉര്‍വശിയല്ലന്ന വാദം മുന്നോട്ടു വച്ചു. അച്ചുവല്ല, അച്ചുവിന്റെ അമ്മയാണ് കേന്ദ്രകഥാപാത്രമെന്ന് സരോജദേവി വാദിച്ചെങ്കിലും മറ്റെല്ലാവരും വാദിച്ച കങ്കണ റണൗട്ട് (തനു വെഡ്‌സ് മനു റിട്ടേണ്‍) മികച്ച നടിയായി. അവാര്‍ഡ് വാങ്ങാനെത്തിയ ഉര്‍വശിയോട് സരോജാദേവി തന്നെയാണ് ജൂറിയിലുണ്ടായ തര്‍ക്കം പറഞ്ഞത്.
https://www.facebook.com/Malayalivartha