ബന്ദികളെ ന്യായമായ ഇടപാടിലൂടെ മോചിപ്പിക്കാന്‍, ഇസ്രായേലും ഹമാസും തമ്മിൽ ചർച്ച; ഗാസയില്‍ യുദ്ധം രണ്ട് മാസത്തേക്ക് താത്കാലികമായി നിർത്തി വയ്ക്കുമെന്ന് സൂചന

ഗാസയിലെ 136 ബന്ദികളെ മോചിപ്പിക്കുന്നതും, ശത്രുത താത്കാലികമായി അവസാനിപ്പിക്കുന്നതും കേന്ദ്രീകരിച്ച് ഇസ്രായേലും ഹമാസും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുന്നു. സിഐഎ മേധാവി വില്യം ബേണ്‍സ്, മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയ, ഷിന്‍ ബെറ്റ് ചീഫ് റോനെന്‍ ബാര്‍, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍താനി, ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് മേധാവി അബ്ബാസ് കമല്‍ തുടങ്ങിയ പ്രമുഖര്‍ ബന്ദി മോചന കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയാണ്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ചര്‍ച്ചയ്ക്കായി മൊസാദ് മേധാവി ഡേവിഡ് ബര്‍ണിയ ഖത്തറിലേക്ക് ഒന്നിലധികം സന്ദര്‍ശനങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഡിസംബര്‍ 16 ന് ഓസ്ലോയില്‍ ഇത് സംബന്ധിച്ച കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബന്ദികളെ ന്യായമായ ഇടപാടിലൂടെ മോചിപ്പിക്കാന്‍ ഹമാസിന്മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയാണ് ഇസ്രായേല്‍ സംഘത്തിന്റെ ലക്ഷ്യം. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഒരു നീക്കം ആരംഭിക്കാനും ആശയങ്ങള്‍ കൊണ്ടുവരാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും യോഗം ലക്ഷ്യമിടുന്നുണ്ട്. ഗാസയില്‍ യുദ്ധം രണ്ട് മാസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സാധ്യതയുള്ള ഒരു ഇടപാട് അടുത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രണ്ടോ മൂന്നോ ഘട്ടങ്ങളിലായാണ് ബന്ദികളെ മോചിപ്പിക്കുന്നത്. 30 ദിവസം യുദ്ധം നിര്‍ത്തിവയ്ക്കും, ഈ സമയം സ്ത്രീകള്‍, പ്രായമായ പുരുഷന്മാര്‍, രോഗികളോ പരിക്കേറ്റവരോ ആയ ബന്ദികള്‍ എന്നിവരെ മോചിപ്പിക്കും. അതിനിടെ മറ്റൊരു മുപ്പത് ദിവസത്തേയ്ക്ക് ശത്രുത താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമ്പോള്‍ രണ്ടാം ഘട്ടത്തില്‍ വനിതാ സൈനികരുടെ മോചനം അവ്യക്തമാണ്.
അവസാന ഘട്ടത്തില്‍ പുരുഷ സൈനികരെ മോചിപ്പിക്കുകയും, ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടു നല്‍കുകയും ചെയ്യും. എന്നിരുന്നാലും, ഗാസയിലെ യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്ന ഹമാസിന്റെ ആവശ്യത്തില്‍ തടസം നിലനില്‍ക്കുന്നുണ്ട്. ഈ വ്യവസ്ഥ ഇസ്രായേല്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























