ഗാസയിലെ ഇസ്രായേല്‍ സൈന്യം പിന്മാറിയ കേന്ദ്രങ്ങളില്‍ പൊലീസിനെ പുനർവിന്യസിച്ച് ഹമാസ്; താല്‍ക്കാലിക സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നു...

ഇസ്രായേല്‍ സൈന്യം പിന്മാറിയ കേന്ദ്രങ്ങളില്‍ പൊലീസിനെ പുനര്‍വിന്യസിച്ച് ഹമാസ്. ഗാസ സിറ്റിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ഭാഗികമായി ശമ്പളവും വിതരണം ചെയ്തു തുടങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു. താല്‍ക്കാലിക സര്‍ക്കാര്‍ ഓഫിസുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. ഗാസ സിറ്റിയുടെ നിയന്ത്രണം വീണ്ടും ഹമാസ് തിരിച്ചുപിടിക്കുന്നതിന്റെ സൂചനയായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഹമാസിനെ ഗാസയില്‍ നിന്ന് പൂര്‍ണമായി തുരത്തുമെന്ന് ഇസ്രായേല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും വിജയം കാണാതെ മിക്കയിടത്തുനിന്നും സൈന്യം മടങ്ങിയിരിക്കുകയാണ്. ഇവിടങ്ങളിലാണ് യൂണിഫോമിലും അല്ലാതെയും ഹമാസ് പൊലീസ് തിരിച്ചെത്തിയത്. ഗാസയിലെ പൊലീസ് ആസ്ഥാനം, സര്‍ക്കാര്‍ കാര്യാലയങ്ങള്‍, അല്‍ശിഫ ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ എന്നിവയുടെ പരിസരത്തെല്ലാം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഇവിടെ ഇടവേളയ്ക്കുശേഷം ഇസ്രായേല്‍ വീണ്ടും ആക്രമണം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇസ്രായേല്‍ ആക്രമണത്തില്‍ സമ്പൂര്‍ണമായി തകര്‍ന്ന വടക്കന്‍ ഗാസയില്‍ ഉള്‍പ്പെടെ ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പൊലീസിനെ പുനര്‍വിന്യസിച്ചതെന്ന് ഒരു ഹമാസ് വൃത്തം എ.പിയോട് പറഞ്ഞു. തെക്കന്‍ ഗാസയിലേയ്ക്ക് പലായനം ചെയ്ത ഫലസ്തീനകളുടെ വീടുകളില്‍ നടക്കുന്ന കൊള്ള തടയുന്നത് ഉള്‍പ്പെടെയുള്ള ദൗത്യമാണ് ഇപ്പോള്‍ ഹമാസ് നേതൃത്വം പൊലീസിനെ ഏല്‍പിച്ചിരിക്കുന്നത്.
ഇസ്രായേല്‍ ആക്രമണം രൂക്ഷമായതോടെ പ്രദേശത്തെ മിക്ക വീടുകളും നിശ്ശേഷം തകരുകയോ ഭാഗികമായി നശിക്കുകയോ ചെയ്തിട്ടുണ്ട്. പ്രദേശത്ത് തിരിച്ചെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഭാഗിക ശമ്പളമായി 200 ഡോളര്‍ വീതം വിതരണം ചെയ്തിട്ടുണ്ടെന്നാണു പുറത്തുവരുന്ന വിവരം. താല്‍ക്കാലിക ഓഫിസുകളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടന്നതായി ഒരു ഗാസ സ്വദേശിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ഗാസയുടെ പുനര്‍ നിര്‍മ്മാണത്തിനായി അമ്പത് ലക്ഷം ഡോളറിന്റെ ധനസഹായം കൂടി പ്രഖ്യാപിച്ച് യുഎഇ. യുഎന്‍ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയില്‍ വിദേശകാര്യമന്ത്രി ഷൈഖ് അബ്ദുള്ള ബിന്‍ സായിദ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്.
ആശുപത്രി നിര്‍മാണത്തിനും, മരുന്നും ഭക്ഷണവും അടക്കമുള്ള അവശ്യസാധനങ്ങളുടെ വിതരണം തുടങ്ങിയവയ്‌ക്കെല്ലാം നേരത്തെ യുഎഇ സഹായം നല്‍കിയിരുന്നു. ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണെന്നും പലസ്തീന്‍ ജനതയ്ക്ക് ചികില്‍സ അടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കൂടിക്കാഴ്ചയില്‍ യുഎഇ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























