ഏത് നിമിഷവും ആക്രമിക്കുമെന്ന ഇറാൻ മുന്നറിയിപ്പുകൾക്കിടെ അതീവ ജാഗ്രതയിൽ ഇസ്രായേൽ; രാജ്യത്തിനകത്തും പുറത്തും സുരക്ഷ ശക്തമാക്കി: വിവിധ രാജ്യങ്ങളിലെ ഇസ്രയേൽ എംബസികളുടെ സുരക്ഷ ശക്തമാക്കി...

ഏത് നിമിഷവും ആക്രമിക്കുമെന്ന ഇറാൻ മുന്നറിയിപ്പുകൾക്കിടെ അതീവ ജാഗ്രതയിലാണ് ഇസ്രയേൽ. എന്തും നേരിടാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകിയതിന് പിന്നാലെ, രാജ്യത്തിനകത്തും പുറത്തും സുരക്ഷ ശക്തമാക്കിയാതായി റിപ്പോർട്ടുകൾ പുറത്ത് വരുകയാണ്. കൂടാതെ വ്യോമപ്രതിരോധവും ശക്തമാക്കി. ഈ ആഴ്ച തന്നെ ഇസ്രയേലിനെ ഇറാൻ ആക്രമിക്കുമെന്നാണ് യു.എസ് മുന്നറിയിപ്പ് നൽകിയത്. വിവിധ രാജ്യങ്ങളിലെ ഇസ്രയേൽ എംബസികളുടെ സുരക്ഷയും ശക്തമാക്കി.
ഇരുപക്ഷവും സംയമനം പാലിക്കണമെന്നാണ് റഷ്യ, ജർമ്മനി, യു.കെ തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെടുന്നത്. യു.എസ് സെൻട്രൽ കമാൻഡ് മേധാവി ഇന്നലെ ഇസ്രയേലിലെത്തി പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി ചർച്ച നടത്തി. ഇറാന്റെ നിഴൽ സംഘനകളാകാം ആക്രമണം നടത്തുകയെന്നും ഇസ്രയേലിലെ സർക്കാർ, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കാമെന്നും യു.എസ് പറയുന്നു. ഇതോടെ ഗാസ യുദ്ധം മറ്റൊരു ദിശയിലായി പശ്ചിമേഷ്യയിൽ യുദ്ധം പടരുമോ എന്നാണ് ഭീതി. ഇറാനെ പ്രതിരോധിക്കാൻ ഇസ്രയേലിന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തു.
സിറിയയിലെ തങ്ങളുടെ കോൺസുലേറ്റ് ഇസ്രയേൽ തകർത്തതിന് പ്രതികാരം ചെയ്യുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. ആക്രമണത്തിൽ ഇറാന്റെ രണ്ട് ജനറൽമാർ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇറാനിൽ കടന്ന് ആക്രമിക്കുമെന്ന് ഇസ്രയേലും മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ശിക്ഷിക്കപ്പെടണമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി മുന്നറിയിപ്പ് നൽകിയത് ആശങ്കകൾ ഇരട്ടിയാക്കി.
തന്റെ മക്കളെ കൊലപ്പെടുത്തിയത് കൊണ്ട് ഇസ്രയേലിനെതിരെയുള്ള ആക്രമണം അവസാനിപ്പിക്കുകയോ ലക്ഷ്യത്തിൽ നിന്ന് പിന്മാറുകയോ ചെയ്യില്ലെന്ന് ഹമാസ് തലവൻ ഇസ്മയിൽ ഹനിയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ബുധനാഴ്ചയാണ് ഹനിയയുടെ മക്കളായ ഹസീം, അമീർ, മുഹമ്മദ് എന്നിവരും നാല് ചെറുമക്കളും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗാസയിൽ ഹനിയയുടെ 60ഓളം കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
വെടിനിറുത്തലിനായി അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായിട്ടും ഗാസയിലെ ആക്രമണം ഇസ്രയേൽ തുടരുകയാണ്. ഇതുവരെ 33,400ലേറെ പാലസ്തീനികൾ കൊല്ലപ്പെട്ടു. യു.എസ്, ഖത്തർ, ഈജിപ്റ്റ് എന്നിവരുടെ മദ്ധ്യസ്ഥതയിൽ ഞായറാഴ്ച മുതൽ കയ്റോയിൽ ചർച്ച തുടരുന്നുണ്ട്. ആറ് ആഴ്ചത്തെ വെടിനിറുത്തലിന് പകരം 40 ബന്ദികളെ മോചിപ്പിക്കണമെന്ന നിർദ്ദേശം ഹമാസ് പരിഗണിക്കുന്നുണ്ട്.
ഹമാസ് പോരാളികളെ ലക്ഷ്യമിട്ട് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണവും ഇസ്രായേൽ വർദ്ദിപ്പിച്ചിട്ടുണ്ട്. ഹമാസിൻ്റെയും ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദിൻ്റെയും ഭാഗമെന്ന് സംശയിക്കുന്ന വ്യക്തികളെ തിരിച്ചറിയുന്നതിനാണ് "ലാവെൻഡർ" സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒക്ടോബർ ഏഴിന് ശേഷം യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, സൈന്യം ലാവെൻഡറിനെ വളരെയധികം ആശ്രയിച്ചിരുന്നു,
ഇത് വ്യോമാക്രമണത്തിന് സാധ്യതയുള്ള 37,000 ഫലസ്തീനികളെ ഹമാസായി മുദ്രകുത്തി ആക്രമണത്തിലേയ്ക്ക് നയിക്കുകയും ചെയ്തു. എന്നിരുന്നാലും, സിസ്റ്റത്തിൻ്റെ 10% പിശക് കാരണം ആധാരണക്കാരായ സിവിലിയന്മാരും കൊല്ലപ്പെട്ടിരുന്നു. നമ്മെ ദ്രോഹിക്കുന്നവരോ അല്ലെങ്കിൽ ഞങ്ങളെ ഉപദ്രവിക്കാൻ പദ്ധതിയിടുന്നവരോ ആരായാലും രാജ്യം ദ്രോഹിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നു.
നാവിഗേഷൻ സേവനങ്ങൾക്ക് തടസ്സമുണ്ടാക്കുകയും ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്ന ഇറാനിയൻ തിരിച്ചടിയുടെ ഭീഷണിക്ക് മറുപടിയായി IDF GPS ജാമിംഗ് ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഗൈഡഡ് മിസൈലുകളെ പ്രതിരോധിക്കാനുള്ള വ്യക്തമായ നടപടിയാണ് ജിപിഎസ് ജാമിംഗിൻ്റെ ഉപയോഗം.
ഷാഹെദ് ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉൾപ്പെടുന്ന പ്രതികാര ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നതായി യുഎസ് രഹസ്യാന്വേഷണ വിവരം, നിലനിൽക്കുകയാണ്. സമയവും ലക്ഷ്യവും അജ്ഞാതമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു, എന്നാൽ ഡമാസ്‌കസ് ആക്രമണത്തിന് ആനുപാതികമായി ഇസ്രായേൽ നയതന്ത്ര കേന്ദ്രത്തെ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha