മധ്യ ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ, അഭയാർഥി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കടുത്ത ബോംബാക്രമണം, 17 പേർ കൊല്ലപ്പെട്ടു, റാഫയുടെ പല ഭാഗങ്ങളിലും സ്ഫോടനം

വെടിനിർത്തൽ കരാറിൽ തീരുമാനമെടുക്കാതെ മധ്യ ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. പലസ്തീൻ അഭയാർഥി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കടുത്ത ആക്രമണം തുടരുകയാണ് ഐ.ഡി.എഫ്. മധ്യഗാസയിലെ അൽ നുസേറത്ത്, അൽ ബുറേജ് അഭയാർഥി ക്യാംപുകൾക്കു നേരെ നടത്തിയ ബോംബാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഇസ്ലാമിക് ജിഹാദ് ഭീകരനെ വധിച്ചെന്ന് ഇസ്രയേൽ പ്രതികരിച്ചു. സാധാരണക്കാരുടെ മരണത്തിൽ പ്രതികരിച്ചിട്ടില്ല. റഫയിൽ കൂടുതലിടങ്ങളിൽ പട്ടാളടാങ്കുകളിറങ്ങി.
ടാങ്കുകളും യുദ്ധവിമാനങ്ങളും ചേർന്നുള്ള ആക്രമണമാണ് നടക്കുന്നത്. റാഫയുടെ പല ഭാഗങ്ങളിലും ഇന്നലെ സ്ഫോടനം ഉണ്ടാവുകയും ചെയ്തു. പടിഞ്ഞാറൻ റഫയിൽ ടെൽ അൽസുൽത്താൻ, അൽ ഇസ്ബ, സുറൂബ് പ്രദേശങ്ങളും നഗരമധ്യത്തിലെ ഷബൂറയിലും ഇസ്രയേൽ ടാങ്കുകൾ മുന്നേറുകയാണ്. ഗാസയിൽ ഇതുവരെ 37,347 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതിനിടെ ഇസ്രയേലിന് ആയുധം വിൽക്കുന്നതിനുള്ള യുഎസ് നിയന്ത്രണങ്ങളെല്ലാം നീക്കുന്നതിന് ശ്രമം നടക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞെന്ന് നെതന്യാഹു അവകാശപ്പെട്ടു. ബൈഡൻ ഭരണകൂടം ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് പാർട്ടിയിൽത്തന്നെ പ്രതിഷേധമുണ്ടെങ്കിലും ഇടഞ്ഞുനിന്ന നേതാക്കൾ ആയുധക്കച്ചവടത്തിന് ഒടുവിൽ സമ്മതം മൂളിയതായി വാഷിങ്ടൻ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ– ലെബനൻ അതിർത്തിയിലെ സംഘർഷത്തിന് അയവുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ബൈഡന്റെ സീനിയർ ഉപദേഷ്ടാവ് ആമോസ് ഹോക്സ്റ്റിൻ മേഖലയിലെത്തിയത്.
https://www.facebook.com/Malayalivartha























