ലെബനനിലെ വിവിധ പ്രദേശങ്ങളിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; ബാല്‍ബെക്ക് നഗരത്തില്‍ 40 മരണം; ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ ആക്രമണവുമായി ഹിസ്ബുല്ലയും...
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ അയവില്ലാതെ തുടരുകയാണ്. ലെബനനിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രായേൽ കനത്ത ആക്രമണം തുടരുന്നു. ബാല്‍ബെക്ക് നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 40 പേർ മരിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്‍പതിലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തും ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടതായി വിവരങ്ങളുണ്ട്. ഇന്ന് പുലര്‍ച്ചെ നാല് തവണ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് അക്രമണമെന്നാണ് വിവരം. ആക്രമണം നടത്തിയ പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ ഹിസ്ബുല്ലയും ആക്രമണം നടത്തി. ബെർ ഗുരിയോൻ വിമാനത്താവളത്തിലാണ് മിസൈൽ ആക്രമണം. തെൽ അവീവിൽ വിമാനത്താവളത്തോട് ചേർന്നുള്ള സൈനികതാവളം ആക്രമിച്ചെന്നാണ് ഹിസ്ബുല്ല അറിയിച്ചത്. ആഴ്ചകൾക്കുമുൻപ്, ബെഞ്ചമിൻ നെതന്യാഹു യുഎസ് സന്ദർശനം കഴിഞ്ഞു മടങ്ങുംവഴിയും ബെൻ ഗുരിയോൻ വിമാനത്താവളം ലക്ഷ്യമിട്ട് ഹിസ്ബുല്ല വ്യോമാക്രമണം നടന്നിരുന്നു.
കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ പത്ത് മിസൈലുകൾ തെൽ അവീവ് ലക്ഷ്യമാക്കി എത്തിയെന്ന് 'ദി വാൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഒരു മിസൈൽ വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്ത് പതിച്ചതായാണു വിവരം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവിടത്തെ വാഹന പാർക്കിങ് കേന്ദ്രത്തിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തതായി 'ദി ടെലഗ്രാഫ്' റിപ്പോർട്ട് ചെയ്യുന്നു.
മധ്യ-വടക്കൻ ഇസ്രായേൽ മേഖലയിലെല്ലാം റോക്കറ്റ് വർഷമാണ്. ഇവിടങ്ങളിലെല്ലാം രാവിലെ മുതൽ നിരന്തരം അപായ സൈറണുകൾ മുഴങ്ങുന്നുണ്ട്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി തെല്‍ അവീവും രാജ്യത്തെ പ്രധാന വിമാനത്താവളവും ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നത്. ഇസ്രായേലിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം കൂടിയാണ് ബെൻ ഗുരിയോൻ. പ്രതിവർഷം രണ്ടു കോടിയിലേറെ പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. എന്നാൽ, ഗസ്സയിൽ ആക്രമണം ആരംഭിച്ച ശേഷം നിരവധി വിമാന കമ്പനികള്‍ ബെന്‍ ഗുരിയോനിലേക്കുള്ള സർവീസ് റദ്ദാക്കിയിരുന്നു.
ഇന്നത്തെ ഹിസ്ബുല്ല ആക്രമണം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. പതിവുപോലെ പ്രവര്‍ത്തനം തുടരുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ബെൻ ഗുരിയോൻ ലക്ഷ്യമിട്ടുള്ള ആക്രമണം അപൂർവമായാണു ലക്ഷ്യം കൈവരിക്കുന്നതെന്ന് 'ടെലഗ്രാഫ്' റിപ്പോർട്ട് സൂചിപ്പിക്കുന്നു. പത്ത് മിസൈലുകൾ ലബനാനിൽനിന്ന് എത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും തർത്തെന്നാണ് ഐഡിഎഫ് അവകാശവാദം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14 തവണയാണ് ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാരകമായ ജിഹാദ് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഈ മിസൈലുകൾ ആദ്യമായാണ് ഹിസ്ബുല്ല പുറത്തെടുക്കുന്നത്. 2023 സെപ്റ്റംബറിൽ നടന്ന ഇറാന്റെ സൈനിക പരേഡിൽ മിസൈലുകൾ പ്രദർശിപ്പിച്ചിരുന്നു. ഹൈഫയിലെ സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറിയ്ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായി.
വിവിധ മേഖലകളിലുള്ള സൈനിക താവളങ്ങളും ആക്രമിക്കപ്പെട്ടു. മറൗൺ അൽ-റാസിലെ സൈനിക താവളത്തിന് നേരെ തുടർച്ചയായി റോക്കറ്റ് ആക്രമണമുണ്ടായി. ഈ സമയത്ത് നിരവധി ഇസ്രായേൽ സൈനികർ ഇവിടെ ഉണ്ടായിരുന്നതായാണ് സൂചന. 810 ഹെർമൻ ബ്രിഗേഡിന്റെ മാലെ ഗൊലാനി ബറാക്സിലുള്ള ആസ്ഥാനവും മെറോൻ വ്യോമതാവളവും ആക്രമിക്കപ്പെട്ടു. കിര്യത് ഷ്മോനയിലെ ഇസ്രായേൽ സൈനികർക്ക് നേരെ റോക്കറ്റ് ആക്രമണവും നടന്നു.
അതിനിടെ ബെയ്‌റൂട്ടിൻ്റെ തെക്ക് ഭാഗത്തുള്ള ബാർജ പട്ടണത്തിൽ, ചൊവ്വാഴ്ച 20 പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേലി ആക്രമണത്തെത്തുടർന്ന് തകർന്ന അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവരെ കണ്ടെത്താൻ ലെബനൻ രക്ഷാപ്രവർത്തകർ അടിയന്തരമായി പ്രവർത്തിച്ചതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha