ലൂവര്‍ മ്യൂസിയത്തില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണംപോയി

ഫ്രാന്‍സിലെ ലൂവര്‍ മ്യൂസിയത്തില്‍ നിന്ന് നെപ്പോളിയന്‍ കാലഘട്ടത്തിലെ കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. മോഷണത്തെ തുടര്‍ന്ന് താല്‍ക്കാലികമായി മ്യൂസിയം അടച്ചിട്ടു. മോണാലിസെ പെയിന്റിംഗ് ഉള്‍പ്പെടെ അതീവ പ്രാധാന്യമുള്ള ചരിത്ര വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയമാണ് ലൂവര്‍. ഇവിടെ അപ്പോളോ ഗാലറിയില്‍ സൂക്ഷിച്ചിരുന്ന 'നെപ്പോളിയന്‍ ആന്‍ഡ് ദി എംപ്രസ്' എന്ന ആഭരണശേഖരത്തില്‍ നിന്ന് ഏകദേശം ഒമ്പത് ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യൂസിയത്തിന് പുറത്ത് നിന്ന് മോഷ്ടിക്കപ്പെട്ട ഒരു രത്‌നം പിന്നീട് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹൈഡ്രോളിക് ഗോവണി ഉപയോഗിച്ച് മ്യൂസിയത്തിന് ഉള്ളില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ വിലമതിക്കാനാകാത്ത തരം ആഭരണങ്ങള്‍ മോഷ്ടിച്ചെന്ന് ഫ്രാന്‍സിന്റെ ആഭ്യന്തര മന്ത്രി ലോറന്റ് നുനസ് പറഞ്ഞു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് മോഷണം നടന്നത്. മ്യൂസിയത്തിലെ നിര്‍മ്മാണത്തിലിരിക്കുന്ന ഭാഗത്തുകൂടിയാണ് മോഷ്ടാക്കള്‍ അപ്പോളോ ഗാലറിയിലേക്ക് നുഴഞ്ഞു കയറിയത്. ആ സമയം അവിടെ ഫ്രഞ്ച് ക്രൗണ്‍ ആഭരണങ്ങളുടെ പ്രദര്‍ശനം നടക്കുകയായിരുന്നു. ഡിസ്‌ക് കട്ടറുകള്‍ ഉപയോഗിച്ച് ജനല്‍ച്ചില്ലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഏകദേശം ഏഴു മിനിറ്റുകള്‍ക്കിടയിലാണ് മോഷണം നടന്നത്.
പാരിസ് പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തിവരികയാണെന്ന് ഫ്രാന്‍സിന്റെ സാംസ്‌കാരിക മന്ത്രി റാച്ചിദ ദാതി പറഞ്ഞു. ആര്‍ക്കും പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്നും മ്യൂസിയം ജീവനക്കാര്‍ക്കും പൊലീസിനും ഒപ്പം താനും സംഭവ സ്ഥലത്തുണ്ടായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ മ്യൂസിത്തിന്റെ മുന്‍പില്‍ ബാരിക്കേഡുകള്‍ വച്ച് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. പരിസരത്തെ റോഡിലൂടെയുള്ള ഗതാഗതത്തിനും നിയന്ത്രണങ്ങളുണ്ട്. ലോകത്തില്‍ ഏറ്രവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന മ്യൂസിയമാണ് ലൂവര്‍. ഒരു ദിവസം മുപ്പതിനായിരത്തോളം സന്ദര്‍ശകര്‍ ഇവിടേക്കെത്തുന്നു. ശില്‍പങ്ങള്‍,പെയിന്റിംഗുകള്‍ തുടങ്ങി 33000 പുരാതന വസ്തുക്കള്‍ ഇവിടെയുണ്ട്.
നിരവധി മോഷണങ്ങള്‍ക്കും കവര്‍ച്ച ശ്രമങ്ങള്‍ക്കും മ്യൂസിയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1911ല്‍ മ്യൂസിയത്തില്‍ നിന്ന് ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ഛായാചിത്രമായ മൊണാലിസ മോഷ്ടിക്കപ്പെട്ടു. തന്റെ കോട്ടിനുള്ളില്‍ ഒളിപ്പിച്ച് മുന്‍ തൊഴിലാളിയായ വിന്‍സെന്‍സോ പെറുഗ്ഗിയ ചിത്രം പുറത്തേക്ക് കടത്തി. രണ്ട് വര്‍ഷത്തിന് ശേഷം ഇറ്റലിയിലെ ഫ്‌ലോറന്‍സില്‍ നിന്ന് ഇത് കണ്ടെടുത്തു.
https://www.facebook.com/Malayalivartha