ഹമാസിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..മാന്യമായി പെരുമാറിയില്ലെങ്കിൽ അക്രമാസക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ്..ഹമാസിന് മുന്നറിയിപ്പ് നൽകി..

പശ്ചിമേഷ്യ കൂടുതൽ കലുഷിതമാവുകയാണ് . ഗാസയിൽ ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ നിലനിർത്തണമെന്ന് ഹമാസിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാന്യമായി പെരുമാറിയില്ലെങ്കിൽ അക്രമാസക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഡൊണാൾഡ് ട്രംപ് പറയുന്നു. 'അവർ നല്ലവരായിരിക്കണം, നല്ലവരല്ലെങ്കിൽ അവരെ ഉന്മൂലനം ചെയ്യും' എന്നാണ് ട്രംപ് പറയുന്നത്. യുഎസ് ഭരണകൂടത്തിന്റെ പ്രതിനിധികൾ മിഡിൽ ഈസ്‌റ്റിൽ വെടിനിർത്തൽ ശക്തിപ്പെടുത്തുന്നതിനായി എത്തിയ വേളയിലാണ് എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട്
സംസാരിക്കവെ ഡൊണാൾഡ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നൽകിയത്. അക്രമം ശമിക്കുമെന്ന പ്രതീക്ഷയിൽ അമേരിക്ക വെടിനിർത്തലിന് ഒരു ചെറിയ അവസരം നൽകുമെന്ന് പറഞ്ഞ ട്രംപ് എന്നാൽ തുടർച്ചയായ ആക്രമണങ്ങൾ കടുത്ത പ്രതികരണം ക്ഷണിച്ചുവരുത്തുമെന്നും മുന്നറിയിപ്പ് നൽകി. 'അവർ ഇത് തുടർന്നാൽ, ഞങ്ങൾ ഇടപെട്ട് അത് ശരിയാക്കും, അത് വളരെ വേഗത്തിലും വളരെ അക്രമാസക്തമായും സംഭവിക്കും' ട്രംപ് ഭീഷണി സ്വരത്തിൽ പറഞ്ഞു. യുഎസ് സൈനികരെ അയയ്ക്കുന്നതിനെക്കുറിച്ചല്ല, സമാധാന പദ്ധതിയിൽ ഒപ്പുവച്ച മറ്റ് രാജ്യങ്ങളെ കുറിച്ചാണ് താൻ പരാമർശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞാൻ അവരോട് ചോദിച്ചാൽ ഇസ്രായേൽ രണ്ട് മിനിറ്റിനുള്ളിൽ പോകും. എനിക്ക് അവരോട് അത് പറയാമായിരുന്നു. അകത്തേക്ക് പോയി എല്ലാം നോക്കിക്കോളൂ എന്ന് പറയാമായിരുന്നു. പക്ഷേ ഇപ്പോൾ, ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ല. ഞങ്ങൾ അതിന് ഒരു ചെറിയ അവസരം നൽകാൻ പോകുന്നു' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.20 ഘട്ടങ്ങളുള്ള സമാധാന പദ്ധതിയുടെ അടുത്ത ഘട്ടത്തെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് നയതന്ത്ര പ്രതിനിധികളായ സ്‌റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറും ജറുസലേമിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സന്ദർശിച്ചതിന് പിന്നാലെയാണ്
ഈ പരാമർശങ്ങൾ ഉണ്ടായത്. നയതന്ത്ര മുന്നേറ്റം ഉറപ്പാക്കുന്നതിനായി വൈസ് പ്രസിഡന്റ് ജെഡി വാൻസും സെക്കൻഡ് ലേഡി ഉഷ വാൻസും ഇന്ന് ഇസ്രായേൽ സന്ദർശിക്കും. പുതിയൊരു മിഡിൽ ഈസ്‌റ്റിന്റെ ചരിത്രപരമായ മുന്നേറ്റമായി വാഴ്ത്തിയ വെടിനിർത്തൽ കൃത്യമായി പാലിക്കണമെന്ന് ട്രംപ് പലതവണ ഹമാസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ആഴ്‌ച ഗാസയിൽ പരസ്യമായി വധശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ടുകൾ വന്നതിന് ശേഷം, അത്തരം പ്രവൃത്തികൾ കരാർ ലംഘിക്കുമെന്നും അമേരിക്ക ഇടപെടലിന് നിർബന്ധിതരാകുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.അതിനിടെ ഹമാസ് രണ്ട് സൈനികരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച്
ഇസ്രായേൽ ഗാസയിലേക്കുള്ള മാനുഷിക സഹായ വിതരണം താൽക്കാലികമായി നിർത്തിവച്ചതോടെ മേഖലയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. വെടിനിർത്തൽ വീണ്ടും പ്രാബല്യത്തിൽ വന്നതായിപ്രഖ്യാപിക്കുന്നതിന് മുമ്പ് ഇസ്രായേൽ സൈന്യം ആക്രമണം നടത്തുകയായിരുന്നു.ഇസ്രായേൽ സൈന്യത്തിനെതിരെ വീണ്ടും ആക്രമണം നടത്തിയാൽ കനത്ത വില നൽകേണ്ടിവരുമെന്ന് നെതന്യാഹു ഹമാസിന് മുന്നറിയിപ്പ് നൽകി. അതിന് പിന്നാലെയാണ് ട്രംപിന്റെയും മുന്നറിയിപ്പ് വന്നിരിക്കുന്നത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ്
ഇരു കൂട്ടരും വെടിനിർത്തൽ ധാരണയിൽ എത്തിയതെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ അത് പാലിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിൽ ഇന്നലെ ഗാസ അതിർത്തിക്ക് സമീപം ഇസ്രയേലിന്റെ ഡ്രോണുകൾ തകർന്ന് വീണതായി റിപ്പോർട്ട്. തകർന്ന് വീണതിന്റെ കാരണം വ്യക്തമല്ല അന്വേഷണം നടത്തി വരുന്നതായി idf വ്യക്‌തമാക്കി.
https://www.facebook.com/Malayalivartha