ഗാസയില്‍ കുട്ടികളടക്കം 104 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്

ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 104 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ്. ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം ആണ് കണക്കുകള്‍ പുറത്തുവിട്ടത്. 46 കുട്ടികളും 20 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ 250ഓളം പേര്‍ക്ക് പരിക്കേറ്റു.
ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ കഴിഞ്ഞദിവസം ഗാസയില്‍ ആക്രമണം ആരംഭിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹമാസ് ഇസ്രയേലി സൈനികനെ വധിച്ചെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഇതിനപുറമേ ബന്ദികളുടെ മൃതദേഹം വിട്ടുനല്‍കുന്നതിലും ഹമാസ് വീഴ്ചവരുത്തിയതായും ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗാസയില്‍ ശക്തമായ ആക്രമണം നടത്താന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടത്.
ഗാസ സിറ്റി, ബെയ്ത്ത് ലെഹിയ എന്നിവിടങ്ങളിലെ നിരവധി വീടുകളും കെട്ടിടങ്ങളും സ്‌കൂളുകളും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ബുറൈജ്, നുസൈറാത്ത്, ഖാന്‍ യൂനിസ് എന്നിവിടങ്ങളിലും ഇസ്രയേലിന്റെ ശക്തമായ ആക്രമണമുണ്ടായി.
അതേസമയം, ബുധനാഴ്ച രാവിലെയോടെ ആക്രമണം നിര്‍ത്തിവെച്ചതായും ഇസ്രയേല്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ പുനഃസ്ഥാപിച്ചതായും ഇസ്രയേല്‍ പ്രതിരോധസേന (ഐഡിഎഫ്) അറിയിച്ചു. ഡസന്‍കണക്കിന് ഭീകരകേന്ദ്രങ്ങളില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയെന്നും ഐഡിഎഫ് അവകാശപ്പെട്ടു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറിനെ വിശ്വസിക്കുകയും അതിനെ ഉയര്‍ത്തിപ്പിടിക്കുകയുംചെയ്യും. എന്നാല്‍, ഏതെങ്കിലും തരത്തില്‍ ലംഘനമുണ്ടായാല്‍ അതിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും ഐഡിഎഫ് വ്യക്തമാക്കി.
ചൊവ്വാഴ്ച ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നും ഇസ്രയേലി സൈനികനെ വധിച്ചെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി. സൈനികരെ ആക്രമിച്ചതിനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനും ഹമാസ് വലിയവില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
റഫായില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഐഡിഎഫ് എന്‍ജിനിയറിങ് ടീമിലെ സൈനികനെയാണ് ഹമാസ് കൊലപ്പെടുത്തിയതെന്നാണ് ഇസ്രയേല്‍ സൈനികവൃത്തങ്ങള്‍ പറയുന്നത്. റഫായിലെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ നശിപ്പിക്കുന്നതിനിടെയായിരുന്നു ഇസ്രയേല്‍ സൈനികസംഘത്തിന് നേരേ ആക്രമണമുണ്ടായത്. ഇതിനുപിന്നാലെ ഇസ്രയേല്‍ സൈന്യത്തിന്റെ കവചിതവാഹനത്തിന് നേരേ മിസൈല്‍ ആക്രമണമുണ്ടായെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, ഇസ്രയേല്‍ സൈന്യത്തിനുനേരേ ആക്രമണം നടത്തിയെന്ന ആരോപണം ഹമാസ് നിഷേധിച്ചു. റഫായിലെ ആക്രമണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ഹമാസ് പ്രതികരിച്ചു. വെടിനിര്‍ത്തര്‍ കരാറിനോട് പ്രതിബദ്ധതയുണ്ടെന്ന് വ്യക്തമാക്കിയ ഹമാസ്, ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയുംചെയ്തു. ഇസ്രയേലിന്റെ ബോംബാക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്‌നമായലംഘനമാണെന്നും ഹമാസ് ആരോപിച്ചു.
https://www.facebook.com/Malayalivartha






















