കാനഡയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു

കാനഡയില്‍ സ്ഥിരതാമസമാക്കിയ 68 കാരനായ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. ദര്‍ശന്‍ സിംഗ് സാഹ്‌സി എന്ന ബിസിനസുകാരനാണ് കൊല്ലപ്പെട്ടത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയ് സംഘം ഏറ്റെടുത്തു.
കൊല്ലപ്പെട്ട സാഹ്‌സി, ഒരു വലിയ മയക്കുമരുന്ന് സംഘവുമായി ഇടപാടില്‍ ഏര്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘം പണം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാഹ്‌സി തന്റെ വാഹനത്തിനരികില്‍ എത്തുന്നതുവരെ കൊലപാതകി അവിടെ കാത്തുനിന്നതായി കനേഡിയന്‍ പൊലീസ് വ്യക്തമാക്കി. ആക്രമണം നടത്തിയ ഉടന്‍ അയാള്‍ തന്റെ വാഹനത്തില്‍ കയറി രക്ഷപ്പെട്ടതായും പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
പഞ്ചാബിലെ ലുധിയാനയിലെ രാജ്ഗഡ് ഗ്രാമത്തില്‍ നിന്നുള്ളയാളാണ് കൊല്ലപ്പെട്ട സാഹ്‌സി. 1991ലാണ് അയാള്‍ കാനഡയിലെ വാന്‍കൂവറിലേക്ക് താമസം മാറിയത്. ആദ്യ കാലത്ത് ചെറിയ ജോലികള്‍ ചെയ്തിരുന്ന സാഹ്‌സി പിന്നീട് കാനം ഇന്റര്‍നാഷണലിന്റെ നഷ്ടത്തിലായ ടെക്‌സ്റ്റൈല്‍ റീസൈക്‌ളിംഗ് യൂണിറ്റുകള്‍ വാങ്ങുകയായിരുന്നു. പിന്നീട് അതിനെ ഒരു ആഗോള കമ്പനിയാക്കി വളര്‍ത്തിയെടുക്കാനും അയാള്‍ക്ക് കഴിഞ്ഞു.
ഗുജറാത്തിലെ കാണ്ട്‌ലയില്‍ ഒരു പ്ലാന്റും ഹരിയാനയിലെ പാനിപ്പത്തില്‍ റീസൈക്‌ളിംഗ് സൗകര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന അദ്ദേഹത്തിന്, പഞ്ചാബി സാഹിത്യസാംസ്‌കാരിക രംഗവുമായും ബന്ധമുണ്ട്. 2012 മുതല്‍ ലുധിയാനയിലെ പഞ്ചാബി സാഹിത്യ അക്കാദമിയുടെ രക്ഷാധികാരിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
https://www.facebook.com/Malayalivartha






















